കാസര്‍കോട്: ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങളുടേയും, ജനപ്രതിനിധികളുടേയും സഹകരണത്തോടെ നടത്തുന്ന രണ്ടാമത് കാസര്‍കോട് മഹോത്സവം ഡിസംബര്‍ 22 മുതല്‍ 2013 ജനുവരി അഞ്ച് വരെ കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍ നടക്കും. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വേളയില്‍ ഒരുക്കുന്ന കാസര്‍കോട് മഹോത്സവം അവിസ്മരണീയമാക്കുന്നതിന് വിപുലമായ തയ്യാറെടുപ്പാണ് നടക്കുന്നത്. കാസര്‍കോടിന്റെ സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യവും ജനകീയ ഐക്യവും ഊട്ടിയുറപ്പിക്കുന്നതാണ് മഹോത്സവ ലക്ഷ്യം.
കലാ- സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശന- വിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിനോദ പരിപാടികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സംരംഭകരും ഒരുക്കുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ മഹോത്സവത്തിന്റെ ഭാഗമായി നടക്കും.
21ന് വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് വിളംബര ജാഥ ആരംഭിക്കും. 22ന് ആറു മണിക്ക് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാവും. ചലച്ചിത്ര താരം സനുഷ, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് ഏഴിന് കുദ്രോളി ഗണേഷും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ- വിസ്മയ- അരങ്ങേറും. 23ന് അഞ്ചു മണിക്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പും തുടര്‍ന്ന് മെഗാഷോയും ഉണ്ടാകും. 24ന് കലാരസിക അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ഫോര്‍സ്റ്റാര്‍ കോമഡിഷോ. 26ന് ഗോപാല കൃഷ്ണ ബൊമ്മയാട്ട സംഘം അവതരിപ്പിക്കുന്ന ബൊമ്മയാട്ടവും ജി.കെ. ജയറാം, ദിവ്യ എന്നിവരുടെ സാക്‌സഫോണ്‍ വാദനവും. 27ന് മനോരമ ഇന്‍ഡ്യന്‍ വോയ്‌സ് ജേതാക്കളായ സെലിന്‍ ജോസും സിയാദും നേതൃത്വം നല്‍കുന്ന ഗാനമേള. 28ന് പേരാമ്പ്ര മാത ഒരുക്കുന്ന സര്‍ഗ കേരളം. 29ന് കൈരളി ടി.വി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ- പട്ടുറുമാല്‍ ജേതാക്കള്‍ ഒരുക്കുന്ന മാപ്പിള ഗാനമേള.
30ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനമേളയും, 31ന് ജില്ലയിലെ യുവജനോത്സവ വിജയികള്‍ ഒരുക്കുന്ന കലാസന്ധ്യയും. ജനുവരി ഒന്നിന് വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാമേള. രണ്ടിന് പ്രശസ്ത ഗായകന്‍ ഉമ്പായിയുടെ ഗസല്‍ നൈറ്റ്, മൂന്നിന് ചലച്ചിത്ര പിന്നണി ഗായകന്‍ രവിശങ്കര്‍, മിമിക്രി താരം മനോജ് ഗിന്നസ്, കൊച്ചി യുവ ബാന്‍ഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഗാഷോ. നാലിന് ചലച്ചിത്ര ഗായകന്‍ അഫ്‌സല്‍ നയിക്കുന്ന ഗാനമേള. അഞ്ചിന് സമാപന സമ്മേളനം, റാഫി നൈറ്റ്, കരിമരുന്ന് പ്രയോഗം.
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിമുതല്‍ വിനോദ പരിപാടികള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവീദാസ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod-Maholsavam, N.A.Nellikunnu, Show, District Collector, Press meet, Programme, MLA, P.Karunakaran-MP, kasaragod, Kerala, K. Abdul Rahman