കാസർകോട് ചെർക്കള ദേശീയപാത വഴിയും ചന്ദ്രഗിരി-കാഞ്ഞങ്ങാട് റൂട്ടിലും സന്ധ്യ കഴിഞ്ഞാൽ കെഎസ്ആർടിസി ബസ്സുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു; രാത്രി പത്ത് മണിവരെയെങ്കിലും സർവീസ് വേണമെന്ന് ആവശ്യം
● നഗരസഭയുടെ 'പാങ്ങുള്ള ബസാർ ചേലുള്ള ബസാർ' പദ്ധതിക്ക് ഇത് തിരിച്ചടിയായി.
● വെളിച്ച വിപ്ലവമൊരുക്കി നഗരം പ്രകാശപൂരിതമാക്കിയിട്ടും കടകൾ രാത്രി 8 മണിയോടെ അടയ്ക്കുന്നു.
● യാത്രാ ദുരിതം സംബന്ധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയില്ല.
കാസർകോട്: (KasargodVartha) സന്ധ്യ കഴിഞ്ഞാൽ കെഎസ്ആർടിസി ബസ് സർവീസുകൾ കുറവായതിനെ തുടർന്ന് കാസർകോട് ജില്ലയിലെ യാത്രക്കാരുടെ ദുരിതം തുടരുന്നു. പ്രധാനമായും ചന്ദ്രഗിരി കെഎസ്ടി പി റോഡിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും, ചെർക്കള ദേശീയപാത വഴി കണ്ണൂരിലേക്കുമുള്ള ബസ്സുകൾ ഇല്ലാത്തതാണ് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നത്.
ബസ് സർവീസിനെ പ്രതീക്ഷിച്ചു ടൗണിൽ എത്താൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ദൂര ദിക്കുകളിൽ നിന്ന് കാസർകോട് എത്തിപ്പെട്ട് സന്ധ്യയാകുമ്പോഴേക്കും ബസ് കിട്ടാതെ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് യാത്രക്കാർക്കുള്ളത്. പിന്നീട് ഭീമമായ ഓട്ടോ ചാർജ് കൊടുത്താണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്. ചെർക്കള ദേശീയപാത, ചന്ദ്രഗിരി-കാഞ്ഞങ്ങാട് ഈ രണ്ട് റൂട്ടുകളിലും രാത്രി പത്ത് മണിവരെയെങ്കിലും കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം. എന്നാൽ അധികൃതർ ഈ ആവശ്യം ചെവി കൊള്ളുന്നില്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. ഈ വിഷയത്തിൽ ജനപ്രതിനിധികളും വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നഗരസഭ പദ്ധതിക്കും തിരിച്ചടി
കാസർകോട് നഗരസഭ നടപ്പിലാക്കിയ 'പാങ്ങുള്ള ബസാർ ചേലുള്ള ബസാർ' എന്ന പദ്ധതിക്കും കെഎസ്ആർടിസിയുടെ ഈ നിസ്സംഗത തിരിച്ചടിയായി. പദ്ധതി പ്രകാരമാണ് ടൗണിൽ നഗരസഭ വെളിച്ച വിപ്ലവമൊരുക്കി നഗരത്തെ പ്രകാശപൂരിതമാക്കിയത്. പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ നഗരത്തിൽ രാത്രി 10 മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാനും, കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്താനും തയ്യാറാകണമെന്ന് നേരത്തെ തന്നെ നഗരസഭയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ രാത്രി എട്ട് മണിയാകുമ്പോൾ തന്നെ കടകൾ പൂട്ടിപ്പോകുന്ന സാഹചര്യമാണുള്ളത്. ഒപ്പം ബസ് സർവീസുകളുമില്ല. ഇത് നഗരസഭയുടെ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിഘാതമാവുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് വ്യാപാരികളും യാത്രക്കാരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
അധികൃതർക്ക് നിസ്സംഗത
ജില്ലയിലെ രാത്രികാല യാത്രാ ദുരിതം സംബന്ധിച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ പോലും വിഷയം അവതരിപ്പിച്ച സംസാരിച്ചിരുന്നു. കാസർകോട് താലൂക്ക് വികസന സമിതി അംഗങ്ങൾ പല യോഗങ്ങളിലുമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നിട്ടും ട്രാൻസ്പോർട്ട് വകുപ്പ് അധികൃതരോ, കെഎസ്ആർടിസി ഡിപ്പോ അധികൃതരോ ഇത് ചെവി കൊള്ളാൻ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. യാത്രക്കാരുടെ ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പൊതുജനാഭിപ്രായം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: KSRTC bus shortage after dusk troubles Kasaragod commuters.
#KSRTC #Kasaragod #BusShortage #CommuterHardship #NightService #TransportWoes






