Adalath | 'കരുതലും കൈത്താങ്ങും' അദാലത്ത് കാസർകോട്ട് പൂർത്തിയായി; ലഭിച്ചത് മികച്ച പ്രതികരണമെന്ന് മന്ത്രിമാർ
● കാസർകോട് ജില്ലയിൽ 1427 ഓൺലൈൻ പരാതികൾ ലഭിച്ചു.
● മന്ത്രിമാർ 567 പരാതികൾ നേരിട്ട് പരിഗണിച്ചു
● 398 പുതിയ പരാതികളും അദാലത്തിൽ ലഭിച്ചു
കാസർകോട്: (KasargodVartha) ജില്ലയിൽ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് പൂർത്തിയായപ്പോൾ അനവധി പരാതികൾക്ക് പരിഹാരമായി. ജില്ലയിൽ ഓൺലൈനായി 1427 പരാതികളാണ് ലഭിച്ചത്. കാസർകോട് താലൂക്കിൽ 374 പരാതികളും, ഹൊസ്ദുർഗ്ഗിൽ 524 പരാതികളും, മഞ്ചേശ്വരത്ത് 265 പരാതികളും, വെള്ളരിക്കുണ്ടിൽ 264 പരാതികളുമാണ് ലഭിച്ചത്.
അദാലത്തിൽ മന്ത്രിമാർ 567 പരാതികൾ നേരിട്ട് പരിഗണിച്ചു. കാസർകോട് 123, ഹോസ്ദുർഗ്ഗ് 242, മഞ്ചേശ്വരം 140, വെള്ളരിക്കുണ്ട് 62 എന്നിങ്ങനെയാണ് മന്ത്രിമാർ പരിഗണിച്ച പരാതികളുടെ എണ്ണം. കൂടാതെ, അദാലത്തിന്റെ ഭാഗമായി 398 പുതിയ പരാതികളും ലഭിച്ചു. വെള്ളരിക്കുണ്ടിൽ 118, മഞ്ചേശ്വരത്ത് 114, ഹോസ്ദുർഗ്ഗിൽ 107, കാസർകോട് 59 എന്നിങ്ങനെയാണ് പുതിയ അപേക്ഷകൾ ലഭിച്ചത്.
അദാലത്തിന് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനും അപേക്ഷകരുമായി നേരിട്ട് സംസാരിക്കുന്നതിലൂടെ പരാതി പരിഹാരം എളുപ്പമാക്കുന്നതിനും അദാലത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാംഘട്ട കരുതലും കൈത്താങ്ങ് അദാലത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവ കേരള സദസ്, വകുപ്പ് മന്ത്രിമാർ നടത്തിയ ജനസമ്പർക്ക പരിപാടികൾ എന്നിവയിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി സാങ്കേതിക കുരുക്കിൽപ്പെട്ട് നീതി ലഭിക്കാതെ പോയ നിസ്സഹായരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകൾ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ പ്രാധാന്യം ഉറപ്പാക്കണമെന്ന് മന്ത്രി സർക്കാർ ജീവനക്കാരോട് നിർദേശിച്ചു.
അദാലത്തുകളില്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടപടികളും സമയബന്ധിതമായി നടപ്പാക്കണം എന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് താലൂക്കുകളിലുമായി ആകെ 1065 പരാതികള്‍ ലഭിച്ചതെന്നും പരിഗണിച്ച മുഴുവന്‍ പരാതികളിലും തീരുമാനമായി എന്നും മന്ത്രി പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിൽ നിരവധി പ്രധാന വിഷയങ്ങൾക്ക് പരിഹാരമുണ്ടായി. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ മന്ത്രിമാർ നേരിട്ട് കേട്ടു. അവർക്ക് എ.എ.വൈ റേഷൻ കാർഡുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തില്‍ വന്യജീവി അക്രമത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മന്ത്രിമാര്‍ നഷ്ട പരിഹാരം അനുവദിച്ചുള്ള ഉത്തരവ് കൈമാറി. പി.ആര്‍ ചാക്കോ, ആര്‍.ജെ ജോസഫ്, ദേവസ്യ എന്നിവര്‍ക്കാണ് ഉത്തരവുകള്‍ നല്‍കിയത്. കുരങ്ങും പന്നിയും ഇറങ്ങി കൃഷി നശിപ്പിച്ച പി. ആര്‍ ചാക്കോയ്ക്ക് 4156 രൂപയും ആര്‍. ജെ ജോസഫിന് 7030 രൂപയും ദേവസ്യക്ക് 4040 രൂപയും വിതരണം ചെയ്തു.
പന്നിയും കുരങ്ങും കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് സി.വി ജോര്‍ജ്ജ് പരാതിയുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മുന്നിലെത്തി. പരാതി പരിശോധിച്ച് ഉടന്‍ നഷ്ട പരിഹാരം നല്‍കാന്‍ മന്ത്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരപ്പ വില്ലേജിലെ പള്ളത്ത് മലയില്‍ ആര്‍.കെ.ഡി.പി പദ്ധതി പ്രകാരം തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമി കൈമാറുന്നതിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും ആയില്ലെന്ന് ബാനത്തെ പി. മുഹമ്മദ് ഷാഫി മന്ത്രി വി. അബ്ദുറഹിമാനോട് പറഞ്ഞു. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ഡി.എഫ്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പാലക്കുന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു നീക്കും
വെസ്റ്റ് എളേരി പഞ്ചായത്തിലെ പാലക്കുന്ന് പൊതുമരാമത്ത് റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പാഴ് മരം മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദ്ദേശം നല്‍കി ആവശ്യമായ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് മരം മുറിച്ചു നീക്കണം. അപകട ഭീഷണി ഉയര്‍ത്തുന്ന മരം തൊട്ടടുത്ത വൈദ്യുതി ലൈനിലും വീടുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നതായി പരിസരവാസികള്‍ മന്ത്രിയോട് പരാതി പറഞ്ഞു.
150 ഓളം പേര്‍ ഒപ്പിട്ട നിവേദനം ഉള്‍പ്പെടെയാണ് കരുതലും കൈത്താങ്ങും അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. മുമ്പ് മരം മുറിച്ചു നീക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും ടെന്‍ഡര്‍ നല്‍കാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു എന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ അറിയിച്ചു അദാലത്തിലെ നിര്‍ദ്ദേശപ്രകാരം അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രിയെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കരുവളടുക്കം ഉന്നതിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കും
വെള്ളരിക്കുണ്ട് താലൂക്കിലെ കരുവളടുക്കം നഗറിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍ദ്ദേശം നല്‍കി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കുഴല്‍ കിണര്‍ നിര്‍മ്മിച്ച അടിയന്തര പരിഹാരം കാണുകയും ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി സാധിക്കുമെങ്കില്‍ സമഗ്രമായ പദ്ധതി നടപ്പിലാക്കുകയും വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കരുവളടുക്കം കോളനിവാസികള്‍ക്ക് വേണ്ടി പട്ടികവര്‍ഗ പ്രമോട്ടര്‍ അനീഷ് ആണ് അദാലത്തില്‍ പരാതി അറിയിച്ചത്.
കാവുന്തലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും
കേരള ജല അതോറിറ്റീയുടെ ഭരണാനുമതി ലഭിച്ചിട്ടും തടസ്സപ്പെട്ട രണ്ടര കോടി രൂപയുടെ കാവുന്തല കുളത്തുകാട് കുടിവെള്ളപദ്ധതി നടപ്പിലാക്കും. 100 കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന കാവുന്തല പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി ജലസംഭരണി നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തര പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍ദ്ദേശം നല്‍കി.
വെള്ളരിക്കുണ്ട് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത് പ്രശ്‌നം പരിഹരിക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടു. കാവുന്തലയില്‍ കുടിവെള്ളമെത്തിക്കുന്നതിന് ജലസംഭരണി സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തി സ്ഥലം ലഭ്യമാക്കിയിരുന്നു എങ്കിലും പ്രസ്തുത സ്ഥലം ഏറ്റെടുക്കാത്തിരുന്നതിനാല്‍ പദ്ധതി തടസ്സപ്പെട്ടതായാണ് പരാതി.
സ്വകാര്യ വ്യക്തി സ്ഥലം ലഭ്യമാക്കുന്നതിന് നല്‍കിയ അനുമതി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ പി അപ്പുക്കുട്ടന്‍, കെ.ടി കൃഷ്ണന്‍ നേതൃത്വത്തിലാണ് കാവുന്തല നിവാസികള്‍ മന്ത്രിയെ കണ്ടത്.
കള്ളാര്‍ പഞ്ചായത്തിലെ പള്ളംപടുക്ക നഗറിലേക്ക് വെള്ളമെത്തും
കള്ളാര്‍ പഞ്ചായത്തിലെ പള്ളംപടുക്ക നഗറിലേക്ക് വെള്ളമെത്തുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഉറപ്പ്. തങ്ങള്‍ക്ക് റോഡും കുടിവെള്ള സൗകര്യവും വേണം എന്നാവശ്യപ്പെട്ട് നഗര്‍ നിവാസികള്‍ നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നഗറിലെ 22 കുടുംബങ്ങളും കനത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നതെന്നും ഇതിന് ശാശ്വത പരിഹാരം ആവശ്യമാണെന്നും വെള്ളരിക്കുണ്ട് നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍നഗര്‍ നിവാസിയായ സഞ്ജയ് മന്ത്രിയെ ധരിപ്പിച്ചു. വിദ്യാര്‍ത്ഥികളെല്ലാം സ്‌കൂള്‍ വിട്ട് വന്നാല്‍ കിലോമീറ്ററുകള്‍ താണ്ടി വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ്.
നഗറിലേക്ക് എത്തിച്ചേരുന്നതിന് മണ്‍പാതയുണ്ടെങ്കിലും ഓട്ടോറിക്ഷ പോലും കടന്നു വരുന്നില്ലെന്നും മഴക്കാലത്ത് ചെളി ഇളകി ദുരിതമാണെന്നും പരാതിക്കാരനായ സഞ്ജയ് ഗോപാലന്‍ പറഞ്ഞു. രോഗികളെ കൃത്യസമയത്ത് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാതെ മരണങ്ങള്‍ ഉണ്ടായെന്നും മരണം സംഭവിച്ചാല്‍ മൃതശരീരം വീടുകളിലേക്ക് എത്തിക്കുന്നതിന് പോലും സൗകര്യമില്ലെന്നും പരാതി പെട്ടു മുഴുവനായി കേട്ടശേഷം അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സേവനം ഉറപ്പാക്കാന്‍ പരപ്പ ടി.ഡി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
#Kasargod #KaruthalumKaithangum #Adalath #KeralaGovernment #GrievanceRedressal #PublicOutreach