Inefficiency | കാസർകോട് ജനറൽ ആശുപത്രിയിൽ 35 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് അലങ്കാര വസ്തു! ഒന്നര വർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായില്ല
![Non-functional oxygen plant at Kasargod General Hospital](https://www.kasargodvartha.com/static/c1e/client/114096/uploaded/3fa17229141575a7aa01c4cf715106e9.jpg?width=823&height=463&resizemode=4)
● മിനിറ്റിൽ 60 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
● മുംബൈയിലെ കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്.
● ഓരോ മാസവും ലക്ഷക്കണക്കിന് രൂപ ഓക്സിജൻ വാങ്ങാനായി ചിലവഴിക്കുന്നു.
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിൽ 35 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഒന്നര വർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായില്ല. മുംബൈ സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്റെ സംഭാവനയായി ലഭിച്ച ഈ പ്ലാന്റ്, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഒരുതവണ പോലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ആശുപത്രി അധികൃതരുടെയും രോഗികളുടെയും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
2023-ൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ഈ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. മിനിറ്റിൽ 60 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാനും ഒരേസമയം 50 രോഗികൾക്ക് ഓക്സിജൻ നൽകാനും ശേഷിയുണ്ടെന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഉദ്ഘാടനത്തിന് ശേഷം ഗുജറാത്തിൽ നിന്നുള്ള കമ്പനി പ്രതിനിധികൾ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം അത് പരാജയപ്പെട്ടു.
തകരാർ പരിഹരിക്കാൻ ഒരു ലക്ഷത്തോളം രൂപ വേണമെന്ന് കമ്പനി ആവശ്യപ്പെട്ടതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. പിന്നീട് കമ്പനി അധികൃതർ അറ്റകുറ്റപ്പണികൾക്കായി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പ്ലാന്റ് സ്ഥാപിക്കുകയും ആശുപത്രിക്ക് കൈമാറുകയും ചെയ്തതുകൊണ്ട് ചിന്മയ മിഷൻ അധികൃതർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തങ്ങൾ സ്വീകരിക്കാൻ ഡിഎംഒ ഓഫീസിലേക്ക് റിപോർട് ചെയ്തിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട്
ഡോ. എ ജമാൽ അഹ്‌മദ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. എത്രയും പെട്ടെന്ന് നിയമനടപടികളുമായി മുന്നോട്ട് പോവുകയും പ്ലാന്റ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ജനറൽ ആശുപത്രി ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പുറത്തുനിന്ന് ഓക്സിജൻ വാങ്ങാനായി ചിലവഴിക്കുന്നത്. 2024ലും വലിയ തുകയാണ് ഇതിനായി മാത്രം ചിലവഴിച്ചത്. ഫെബ്രുവരിയിൽ 171164, മാർച്ചിൽ 161297, മെയ്യിൽ 76129, ജൂണിൽ 132600, ജൂലൈയിൽ 152985, ഓഗസ്റ്റിൽ 129794, ഒക്ടോബറിൽ 178444, നവംബറിൽ 110644, ഡിസംബറിൽ 158577 എന്നിങ്ങനെയാണ് ചിലവായത്.
പ്ലാന്റിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഓക്സിജൻ പൂർണമായും ശുദ്ധമല്ലാത്തതിനാൽ ഓപറേഷൻ തീയേറ്ററുകളിലും മറ്റും ഉപയോഗിക്കാനാവില്ലെന്നും വാർഡുകളിൽ ഉൾപെടെയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുകയെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. എന്നിരുന്നാലും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓക്‌സിജൻ വാങ്ങാനായി ചിലവഴിക്കുന്ന തുകയിൽ നല്ലൊരു ഭാഗം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്നുവെന്നും ഇതിലൂടെ ആശുപത്രിക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്ക കാലത്ത് ജില്ലയിലെ ആശുപത്രികൾ ഓക്സിജൻ ക്ഷാമം രൂക്ഷമായി നേരിട്ടിരുന്നു. അയൽ സംസ്‌ഥാനങ്ങളെയും ജില്ലകളെയുമാണ് ഓക്സിജനായി ആശ്രയിക്കേണ്ടി വന്നത്. ഈ സമയത്താണ് സ്വന്തമായി കാസർകോട്ട് തന്നെ ഓക്‌സിജൻ പ്ലാന്റ് വേണമെന്ന ബോധ്യം അധികൃതരിൽ ഉണ്ടായത്. ഇതിനിടയിലാണ് ചിന്മയ മിഷനും സഹായവുമായി മുന്നോട്ട് വന്നത്. ജനറൽ ആശുപത്രിയിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റ് ഉണ്ടാകുന്നത് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പുതിയ പ്ലാന്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഈ പ്രതീക്ഷകളെല്ലാം തകിടം മറിച്ചിരിക്കുകയാണ്.
#Kasargod #OxygenPlant #HospitalNegligence #KeralaHealth #MedicalWaste #HealthCare