Parking | കാസർകോട് നഗരത്തിലെത്തുന്നവർ വാഹനം നിർത്തിയിടാനാവാതെ വലയുന്നു; ഒപ്പം പൊലീസിന്റെ ഫോടോയെടുപ്പും പിഴയും; പ്രശ്നം രൂക്ഷമായതോടെ പരിഹാരത്തിന് നഗരസഭ ഇടപെടൽ
● പാർക് ചെയ്യാൻ സ്ഥലമില്ലാതെ വലിയ ബുദ്ധിമുട്ട്
● ട്രാഫിക് പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നു
● നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഈ ഭാഗത്ത് സന്ദർശനം നടത്തി
കാസർകോട്: (KasargodVartha) നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ മീൻ മാർകറ്റ് റോഡ് വരെയുള്ള ഭാഗത്തെ വാഹന പാർകിംഗ് സംബന്ധിച്ച് വ്യാപക പരാതി. വാഹനം നിർത്തിയിടാനാവാതെ ഉടമകൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്നാണ് നഗരത്തിലെത്തുന്നവർ പറയുന്നത്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ ട്രാഫിക് പൊലീസ് അടക്കം സ്വീകരിക്കുന്ന കർശന നടപടികളും ഇവർ ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി പാർക് ചെയ്യുന്നുവെന്നാരോപിച്ച് വാഹനങ്ങളുടെ ഫോടോ എടുത്ത് ട്രാഫിക് പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നുവെന്നാണ് ആരോപണം. ഹോം ഗാർഡ് അടക്കമുള്ളവർ പോലും വാഹങ്ങളുടെ ഫോടോയെടുത്ത് മേൽ ഉദ്യോഗസ്ഥർക്ക് കൈമാറുന്നുവെന്നും ആക്ഷേപമുണ്ട്. പാർകിങ് സൗകര്യങ്ങളുടെ അഭാവം കാരണം നഗരത്തിലെത്തുന്നവർ വലയുകയാണ്. വാഹനം പാർക് ചെയ്യാൻ സ്ഥലം ലഭിക്കാത്തതിനാൽ വാഹനങ്ങൾ റോഡിന്റെ ഇരുവശത്തും നിർത്തിയിടേണ്ട അവസ്ഥയാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
ഇതിനിടെ, വിഷയത്തിൽ താലൂക് വികസന സമിതിക്ക് പരാതി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് സന്ദർശനം നടത്തി. തുടർന്ന് റോഡിന്റെ ഒരു വശത്ത് വിവിധ സ്ഥലങ്ങളിൽ വാഹന പാർകിങ് ഏരിയകളായി അടയാളപ്പെടുത്താൻ തീരുമാനിച്ചു. നഗരസഭാ ഉദ്യോഗസ്ഥർ, വ്യാപാരികൾ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, വാഹന ഉടമകൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കൂടാതെ രാത്രി ഏഴ് മണി കഴിഞ്ഞാൽ ട്രാഫിക് സിഗ്നൽ ഓഫാക്കുന്നത് മൂലം വൺവേ തെറ്റിച്ച് വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ട്രാഫിക് സിഗ്നൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിപ്പിക്കണമെന്ന നിർദേശം പോലും ചെവികൊള്ളുന്നില്ലെന്നാണ് വിമർശനം. വാഹന ഉടമകൾക്ക് പാർകിങ് സൗകര്യം ഒരുക്കുന്നതിനും ട്രാഫിക് സിഗ്നൽ സമയം വർധിപ്പിക്കുന്നതിനും നഗരസഭ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
#Kasargod #ParkingIssues #TrafficCongestion #Kerala #LocalNews #UrbanPlanning