Crisis | കാസർകോടിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ! 69 ഡോക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; ജെനറൽ ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ അടക്കം 15 ഒഴിവുകൾ
മഴക്കാലത്ത് പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം വർധിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു
കാസർകോട്: (KasaragodVartha) ജില്ലയുടെ ആരോഗ്യ സേവനം പ്രതിസന്ധിയിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ വിവരങ്ങൾ പ്രകാരം, ജില്ലയിൽ ആകെ 323 ഡോക്ടർമാരുടെ തസ്തികകളിൽ 69 എണ്ണം ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ 254 തസ്തികകളിലാണ് സ്ഥിരം ഡോക്ടർമാർ ഉള്ളത്. ബാക്കി തസ്തികകളിൽ ഡോക്ടർമാരുടെ അഭാവം തുടരുന്നു.
കാസർകോട് ജനറൽ ആശുപത്രിയിൽ 48 സ്ഥിരം തസ്തികകളിൽ 33 പേർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇവിടെ തീവ്രമായ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 15 ഒഴിവുകൾ നികത്താൻ ശ്രമം തുടങ്ങിയതായാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്. ഇതിനായി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിഎസ്‌സി മുഖേന ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ ഉപരിപഠനത്തിന് അവധിയിൽ പോകുന്നത് പതിവാണെന്നും രണ്ട് ഡോക്ടർമാരെ അഡ്‌ഹോക്ക് വ്യവസ്ഥയിലും മൂന്ന് ഡോക്ടർമാരെ ജോലി ക്രമീകരണ വ്യവസ്ഥയിലും ജനറൽ ആശുപത്രിയിൽ നിയമിച്ചതായും ഡിഎംഒ അറിയിച്ചു. ഡോക്ടർമാരുടെ കുറവ് ജില്ലയിലെ ആരോഗ്യ സേവനത്തെ ബാധിക്കുന്നതായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ച് കാസർകോട് ജനറൽ ആശുപത്രി പോലുള്ള പ്രധാന ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെ അഭാവം രോഗികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആരോഗ്യ സേവന രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയാണ് കാസർകോട്. മഴക്കാലത്ത് പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം വർധിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർകാർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.