Championship | കൗതുകം പകർന്ന് മുൻ എംഎൽഎയും മുൻ എസ്‌പിയും തമ്മിൽ 'മൽപ്പിടുത്തം'; ആവേശം വിതറി കാസർകോട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്
● നിരവധി കായിക പ്രതിഭകൾ മത്സരിക്കാനെത്തി
● വിവിധ കാറ്റഗറികളിലായിരുന്നു മത്സരം
● ചാമ്പ്യൻഷിപ്പ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു
ഉദുമ: (KasargodVartha) മുൻ എംഎൽഎയും മുൻ എസ്‌പിയും തമ്മിൽ മൽപ്പിടുത്തം നടത്തിയപ്പോൾ കാണികൾക്ക് വിരുന്നായി. കാസർകോട് ജില്ലാ ആം റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉദുമയിൽ നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് വേദിയിലാണ് കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി ഹബീബ് റഹ്‍മാനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും സൗഹൃദ മത്സരത്തിനിറങ്ങിയത്.
ചാമ്പ്യൻഷിപ്പിൽ നിരവധി കായിക പ്രതിഭകൾ മത്സരിക്കാനെത്തി. പുരുഷന്മാർക്കും വനിതകൾക്കുമായി സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ വിവിധ കാറ്റഗറികളിലായിരുന്നു മത്സരം. ചാമ്പ്യൻഷിപ്പ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് പ്രീയേഷ് മീത്തൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, അംഗങ്ങളായ വി കെ അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ വി ഹരിഹരസുതൻ, വ്യാപാരി വ്യവസായ സമിതി ഉദുമ ഏരിയ വൈസ് പ്രസിഡൻ്റ് ദിവാകരൻ ആറാട്ടുകടവ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഒബ്സെർവറുമായ ടി വി കൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിലംഗം ഫാറൂഖ് കാസ്മി, മൗണ്ടനിയറിങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് സതീഷൻ നമ്പ്യാർ, സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ട്രഷറർ മുരളി പളളം, വൈസ് പ്രസിഡൻ്റ് മൂസാ പാലക്കുന്ന് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആം റെസ്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പള്ളം നാരായണൻ സ്വാഗതവും പി പി ശ്രീധരൻ നന്ദിയും പറഞ്ഞു.
നാഷണൽ റഫറിമാരായ വി ടി സമീർ, ഫൈസൽ, പ്രിയ എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു.