Competition | കാസർകോട് ജില്ലാ കേരളോത്സവം ഡിസംബർ 28, 29ന് ഗവ. കോളജിൽ
● 65 കലാമത്സരങ്ങൾ, 13 അത്‌ലറ്റിക്സ് മത്സരങ്ങൾ.
● 5,000-ലേറെ യുവജനങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും.
● ഗെയിംസ് മത്സരങ്ങൾ സമാപിച്ചു.
കാസർകോട്: (KasargodVartha) സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കാസർകോട് ഗവ. കോളജിൽ ഡിസംബർ 28, 29 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്-മുനിസിപ്പൽ തലങ്ങളിൽ വിജയികളായവരാണ് ജില്ലാതല മത്സരത്തിൽ മാറ്റുരക്കുന്നത്. 65 ഇനം കലാ മത്സരങ്ങൾ (23 ദേശീയ ഇനങ്ങൾ, 42 ഇനം കേരളോത്സവം), 13 ഇനം അത്‌ലറ്റിക്സ് മത്സരങ്ങൾ, 12 ഇനം ഗെയിംസ് മത്സരങ്ങൾ, നീന്തൽ, കളരിപ്പയറ്റ് എന്നിവയിലുമായി അയ്യായിരത്തോളം യുവജനങ്ങൾ ജില്ലാതലത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.
ഈ വർഷം ജനുവരി 12ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ യുവോത്സവത്തിൽ കേരളോത്സവ വിജയികൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനൊരവസരം ലഭിക്കും. ദേശീയ തലത്തിൽ നാടൻപാട്ട് (ഗ്രൂപ്പ്), നാടോടി നൃത്തം (ഗ്രൂപ്പ്), പെയിന്റിംഗ്, കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), കവിത രചന (ഇംഗ്ലീഷ്/ഹിന്ദി), പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വിജയികളായവർക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആകർഷകമായ സമ്മാനത്തുക നൽകുന്നുണ്ട്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 750 രൂപ, 500 രൂപ, 300 രൂപ എന്നിങ്ങനെയും സംസ്ഥാനതലത്തിൽ 2500 രൂപ, 2000 രൂപ, 1500 രൂപ എന്നിങ്ങനെയുമാണ് സമ്മാനത്തുക.
കൂടാതെ, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബുകൾക്കും ബ്ലോക്ക് തലം മുതൽ സംസ്ഥാന തലം വരെ പ്രൈസ് മണി നൽകുന്നുണ്ട്. ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെയും, ജില്ലാ തലത്തിൽ 25000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയും, സംസ്ഥാന തലത്തിൽ 150000 രൂപ, 75000 രൂപ, 50000 രൂപ എന്നിങ്ങനെയുമാണ് സമ്മാനങ്ങൾ.
ഡിസംബർ 19ന് ചെസ് മത്സരത്തോടെയാണ് ഇത്തവണത്തെ ജില്ലാ കേരളോത്സവത്തിന് തുടക്കമായത്. ഗെയിംസ്, അത്‌ലറ്റിക്സ് മത്സരങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്നു. ഡിസംബർ 26ന് ഈ മത്സരങ്ങൾ സമാപിച്ചു. ഇപ്പോൾ കാസർകോട് ഗവ. കോളജിൽ നടക്കുന്ന കലാമത്സരങ്ങളോടെ കേരളോത്സവം അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.
വാർത്താസമ്മേളനത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എൻ. സരിത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷിലാസ്. പി.സി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ശബരീഷ് എം.എസ്, ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി ശിവപ്രസാദ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി.എം.എ. കരീം എന്നിവർ പങ്കെടുത്തു.
#Keralaotsavam #KasargodEvent #YouthFestival #CulturalFest #Competitions #KeralaYouth