മഞ്ചേശ്വരത്ത് മലയാളം പഠനം മുടങ്ങില്ല; അഞ്ച് സ്‌കൂളുകള്‍ക്ക് ഒരു അധ്യാപകന്‍
Aug 1, 2020, 20:45 IST
കാസർകോട്: (www.kasargodvartha.com 01.08.2020) ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഓണ്‍ലൈനായി മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.
മഞ്ചേശ്വരം താലൂക്കിലെ 65 വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാന്‍ അധ്യാപകര്‍ ആവശ്യമാണെന്ന അദാലത്തിൽ പങ്കെടുത്ത അലി മാസ്റ്ററുടെ പരാതിയില്‍ അഞ്ച് സ്‌കൂളുകള്‍ക്ക് ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജി എച്ച് എസ് എസ് അംഗടിമുഗറിലെ ക്ലാസ് മുറികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കണമെന്ന ഹസനുല്‍ ബാനുവിന്റെ പരാതിയില്‍ ഡി ഡി ഇ തിങ്കളാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.
പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ പ്രദീപിന്റെ പരാതിയില്‍ മുഗു വില്ലേജില്‍ ഒരു പൊതു ശ്മശാനം നിര്‍മ്മിക്കാനായി സ്ഥലം വിട്ടു നല്‍കാനും നിര്‍മ്മാണ ചിലവായ 60 ലക്ഷം രൂപ മുടക്കാനും പഞ്ചായത്ത് തയ്യാറായി റസൊല്യൂഷന്‍ പാസാക്കുകയാണെങ്കില്‍ അനുമതി നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു.
ബന്തിയോട് നിന്നും മുഹമ്മദ് അബ്ദുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം, സബ്‌സ്‌റ്റേഷന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ പരാതിയില്‍ വൈദ്യുതി വകുപ്പിന്റെ നയം അനുസരിച്ച് എട്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ 12 ലൈന്‍മാന്‍മാരെയും അതില്‍ കുടുതല്‍ ഏരിയ വരുമ്പോള്‍ കൂടുതല്‍ ലൈന്‍മാന്‍മാരെയും നിയമിക്കുമെന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 100 കെ ബി ട്രാന്‍സ്‌ഫോമര്‍ വാങ്ങി 800 മീറ്റര്‍ ദൂരത്തില്‍ ഒരു ഫേസില്‍ നിന്ന് മൂന്ന് ഫേസ് ആക്കാനുള്ള പ്രവൃത്തിയുടെ ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു.
അദാലത്തില്‍ ആകെ 25 പരാതികള്‍ ലഭിച്ചു. 13 കേസുകള്‍ നേരത്തേ തന്നെ തീര്‍പ്പാക്കിയിരുന്നു. 12 പരാതികള്‍ ഓണ്‍ലൈനായി തന്നെ തീര്‍പ്പാക്കി. എ ഡി എം എന്‍ ദേവിദാസ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ സജി എഫ് മെന്‍ഡിസ്, താഹ്‌സില്‍ദാര്‍ ആന്റോ പി ജെ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ കളക്ടറുടെ കാസര്‍കോട് താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്ത് ആഗസ്ത് 14ന് നടക്കും.
Keywords: Kasaragod, news, District Collector, complaint, Teacher, Staff, school, Kasargod collector conducts Thaluk based online Adaalath