Completion | കാസർകോട് നഗരത്തിലെ മേൽപാലത്തിന്റെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ; അവസാന കോൺക്രീറ്റ് ജോലിയും പൂർത്തിയായി
● നഗരത്തിൽ നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം യാഥാർഥ്യത്തിലേക്ക്.
● വെള്ളിയാഴ്ച അവസാന സ്പാനിന്റെ കോൺക്രീറ്റ് പൂർത്തിയാക്കിയതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപമായി.
● 1703 കോടി രൂപയാണ് തലപ്പാടി-ചെങ്കള റീചിന്റെ ആകെ നിർമാണ ചിലവ്.
കാസർകോട്: (KasargodVartha) നഗരത്തിൽ നിർമിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം യാഥാർഥ്യത്തിലേക്ക്. 1.130 കിലോമീറ്റർ ദൈർഘ്യത്തിൽ 29 സ്പാനുകളുമായി നിർമിച്ച പാലത്തിന്റെ അവസാന കോൺക്രീറ്റ് ജോലിയും പൂർത്തിയായി. ഇതോടെ കാസർകോടിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന ഈ ബൃഹത് പദ്ധതി നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കറന്തക്കാട് അഗ്നിരക്ഷാനിലയത്തിന് മുന്നിൽ തുടങ്ങി നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിന് മുന്നിൽ അവസാനിക്കുന്ന പാലം, നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കും.
വെള്ളിയാഴ്ച അവസാന സ്പാനിന്റെ കോൺക്രീറ്റ് പൂർത്തിയാക്കിയതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപമായി. 28 ദിവസത്തിനകം തട്ടുകൾ നീക്കം ചെയ്യുന്നതോടെ പാലം ഗതാഗതത്തിനായി സജ്ജമാകും. ഇതിനോടൊപ്പം തന്നെ ആറുവരി പാതയുടെ വയറിങ് ജോലികളും പൂർത്തിയാക്കും. ആധുനിക നഗരസൗന്ദര്യത്തിന് ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെടുന്ന ഈ പാലം, എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ മികച്ച മാതൃകയാണ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസി) യാണ് പാലത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 39 കിലോമീറ്റർ ദൈർഘ്യമുള്ള തലപ്പാടി-ചെങ്കള ദേശീയപാത റീചിലാണ് കാസർകോട് നഗരത്തിലെ മേൽപാലം ഉൾപ്പെടുന്നത്. 1703 കോടി രൂപയാണ് തലപ്പാടി-ചെങ്കള റീചിന്റെ ആകെ നിർമാണ ചിലവ്. 2021 നവംബർ 18-ന് ആരംഭിച്ച പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ആകെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതയിൽ 27 മീറ്റർ വീതിയിലാണ് ആറുവരി പ്രധാന റോഡ്. 18 മീറ്റർ സർവീസ് റോഡിനായി മാറ്റിവെച്ചിരിക്കുന്നു. ആറുവരിപ്പാതയിൽ ഓരോ പാതയ്ക്കും 3.5 മീറ്റർ വീതിയുണ്ട്.
ദേശീയപാതയുടെ ഇരുവശത്തുമായി 70 കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡും നിർമിക്കുന്നുണ്ട്. 6.75 മീറ്റർ വീതിയുള്ള സർവീസ് റോഡിൽ ഇരു ദിശയിലേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. കൂടാതെ, ബസ് ബേകളും നിർമിക്കും. നിലവിൽ പലയിടത്തും ദേശീയപാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
കുതിച്ചുയരാൻ വെമ്പുന്ന പക്ഷിയുടെ മാതൃകയിലാണ് കാസർകോട് നഗരത്തിലെ മേൽപാലത്തിന്റെ തൂണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനുഷ്യന്റെ തോളിനും നട്ടെല്ലിനും സമാനമായ നിർമാണരീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. പാലത്തിന്റെ അടിയിൽ കൂടുതൽ സ്ഥലം ലഭ്യമാകും എന്നതാണ് ഈ ഒറ്റത്തൂൺ രൂപകൽപ്പനയുടെ പ്രധാന പ്രത്യേകത. സാധാരണ രണ്ട് തൂണുകൾക്ക് വേണ്ടിവരുന്ന ചുറ്റളവിലാണ് ഒറ്റത്തൂൺ നിർമിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ വിശാഖപട്ടണം, മൈസൂരു-ബംഗളൂരു ദേശീയപാത എന്നിവിടങ്ങളിലാണ് ഇതിനു മുൻപ് വലിയ ഒറ്റത്തൂൺ മേൽപ്പാലങ്ങൾ ഉണ്ടായിരുന്നത്. അവിടെയെല്ലാം പരമാവധി 26.5 മീറ്റർ വരെയായിരുന്നു വീതി. എന്നാൽ കാസർകോട്ടെ മേൽപാലം 27 മീറ്റർ വീതിയുള്ളതാണ്. ഈ പ്രത്യേകത കാസർകോടിന്റെ മേൽപാലത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലമാക്കി മാറ്റുന്നു. പുതിയ മേൽപാലം കാസർകോടിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോടൊപ്പം ജില്ലയുടെ വികസനത്തിനും ഒരു ഉത്തേജക ശക്തിയായി മാറും.
#Kasargod, #Flyover, #ConcreteWork, #RoadDevelopment, #Kerala, #Infrastructure