Problem | കാസർകോട് നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞു; പ്രതിഷേധവുമായി ഓടോറിക്ഷ ഡ്രൈവർമാർ രംഗത്ത്
● അനധികൃത ഓടോറിക്ഷകളുടെ സാന്നിധ്യം പ്രശ്നം രൂക്ഷമാക്കുന്നു
● ബീരന്ത് ബയൽ റോഡ്, മാക്സ് റോഡ് തുടങ്ങിയവ തകർന്നിരിക്കുന്നു
കാസർകോട്: (KasargodVartha) നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാന്നെന്നും ഓടോറിക്ഷകൾ അടക്കം ഒരു വാഹനത്തിനും സഞ്ചാര യോഗ്യമല്ലെന്നും ഓടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടു. വലിയ കുണ്ടും കുഴികളിൽ വീണ് വാഹനത്തിന് കേടുപാടുകൾ ഉണ്ടാവുന്നതായും ഇവർ പറയുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഓടോറിക്ഷകൾക്കുമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത് കൂടുതൽ ബുദ്ധിമുട്ടാവുന്നത്.
ട്രാഫിക് ജംഗ്ഷനിന് സമീപം പോലും വാഹനങ്ങൾക്ക് യഥാവിധി സഞ്ചരിക്കാൻ സാധിക്കുന്നില്ല. ഇത് കൂടാതെ ബീരന്ത് ബയൽ റോഡ്, മാക്സ് റോഡ്, പ്രസ് ക്ലബ് റോഡ് അടക്കം എല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കാസർകോട് നഗരത്തിൽ മാത്രം അനവധി ഓടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഇത് കൂടാതെ നഗരസഭയുടെ നമ്പർ ഇല്ലാത്ത ഓടോറിക്ഷകളും ആളുകളെ കയറ്റിപ്പോവുകയാണ്. ഒരേ നമ്പറിൽ പോലും രണ്ട് വാഹനങ്ങൾ ഓടുന്നത് കണ്ട് പൊലീസിൽ പിടിച്ചേൽപിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം മുഴുവൻ ജോലി ചെയ്ത 500 രൂപയിൽ താഴെയാണ് കൂലിയായി ലഭിക്കുന്നത്. ഇതിനിടയിൽ ഇത്തരം അനധികൃത വാഹനങ്ങൾ ഓടുന്നത് തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ്. ഇലക്ട്രിക് ഓടോറിക്ഷകൾക്ക് നഗരസഭാ പാർകിംഗ് ലൈസൻസ് നൽകിയാൽ മാത്രമേ സർവീസ് നടത്താവൂ. അനധികൃതമായി സർവീസ് നടത്തുന്നവരാണ് ജനങ്ങളിൽ നിന്നും പിടിച്ചുപറി നടത്തി ഓടോറിക്ഷ ഡ്രൈവർമാർക്ക് പേരുദോഷം ഉണ്ടാക്കുന്നതെന്നും ഡ്രൈവർമാർ പറയുന്നു.
ഇത്തരം കാര്യങ്ങളെല്ലാം അനുഭാവപൂർവം പരിഹരിക്കുമെന്നാണ് നഗരസഭാ ചെയർമാനും പൊലീസ് അധികൃതരും വ്യക്തമാക്കിയിട്ടുള്ളത്. നഗരത്തിൽ ഓടോറിക്ഷ പാർകിങ്ങുമായി ബന്ധപ്പെട്ടും ഇവർ നേരിടുന്ന നിരവധി പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
#KasargodRoads #AutoRickshawDrivers #Protest #Infrastructure #Kerala