Price Control | കാസര്‍കോടും പരിസരത്തും മീനിനും മാംസ്യങ്ങൾക്കും തോന്നിയപോലെ വിലയെന്ന് താലൂക്ക് വികസന സമിതിയോഗം; എകീകരണം കൊണ്ടുവരണമെന്ന് ആവശ്യം
![Kasargod and Surroundings: Fish and Meat Prices Need Standardization](https://www.kasargodvartha.com/static/c1e/client/114096/uploaded/e474b223d3224c95a288b836775a6ad1.webp?width=823&height=463&resizemode=4)
● മീനിനും മാംസ്യങ്ങൾക്കും വില ഏകീകരണം നടത്തണമെന്ന് ആവശ്യം.
● റോഡ് സന്ദർശനത്തിൽ ലൈറ്റ് സംവിധാനം കൈമാറാത്തതിനെതിരെ പ്രതിഷേധം.
● പൊതുവായ പരിപാടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം.
കാസർകോട്: (KasargodVartha) മത്സ്യമാംസ്യാദികള്‍ക്ക് തോന്നിയപോലെ കാസര്‍കോടും പരിസരത്തും വില ഈടാക്കുകയാണെന്നും ഇത് തടയണമെന്നും കാസര്‍കോട് താലൂക്ക് വികസന സമിതിയോഗം. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ വില ഏകീകരണം അനിവാര്യമാണെന്നും ഇതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസര്‍കോടിന്റെ പ്രധാന കേന്ദ്രങ്ങളിലും കളിസ്ഥലങ്ങളിലും കയ്യേറ്റം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയർന്നു. കാഞ്ഞങ്ങാട് - കാസർകോട് കെ എസ് ടി പി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും റോഡരികിലെ ലൈറ്റ് സംവിധാനം കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിക്കുന്നത്. ഇതിലെ അവ്യക്തത പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
എറണാകുളം കലൂര്‍ സ്റ്റേഡിയത്തിൽ ഉമാതോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തെ തുടര്‍ന്ന് ജില്ലയില്‍ ഇവൻറ് മാനേജ്‌മെന്റ് നടത്തുന്ന പരിപാടിയിലും മറ്റെല്ലാ പൊതു പരിപാടികളിലും സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കാസർകോട് താലൂക്ക് വികസനസമിതി യോഗം നിർദേശിച്ചു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മുഹമ്മദ് ഹനീഫ്, ഹസൈനാര്‍ നുള്ളിപ്പാടി, നാഷണൽ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് തഹസില്‍ദാര്‍ അജയന്‍ സ്വാഗതം പറഞ്ഞു.
#KasargodNews #MeatPrice #FishPrice #PublicSafety #TalukDevelopment #RoadIssues