Appreciation | വയനാട് ദുരിതബാധിതർക്കുള്ള സഹായ പദ്ധതികളിൽ വ്യാപാരികളെ പരിഗണിച്ച മുസ്ലീം ലീഗിന് കാസർകോട്ടെ വ്യാപാരികളുടെ പ്രശംസ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു
കാസർകോട്: (KasargodVartha) വയനാട് ദുരിതബാധിതർക്കുള്ള സഹായ പദ്ധതികളിൽ മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ പരിഗണിച്ച ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ തീരുമാനത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് നിയോജകമണ്ഡലം കമ്മിറ്റിരൂപീകരണ യോഗം അഭിനന്ദിച്ചു. ദുരന്തമേഖലയിൽപ്പെട്ട 40 കച്ചവടക്കാർക്ക് 50000 രൂപ ആദ്യഘട്ട സഹായധനമായി പ്രഖ്യാപിച്ച മുസ്ലീം ലീഗിന്റെ നടപടി ശ്ലാഘനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും ശബ്ദം നിയമനിർമ്മാണ സഭകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, അതി ശക്തമായ വോട്ട് ബാങ്കിന്റെ പിന്‍ബലമുള്ള വ്യാപാരി സമൂഹത്തെ രാഷ്ട്രീയ രംഗത്തെ സ്വാധീന ശക്തിയായി മാറ്റുന്നതിന്റെ മുന്നോടിയായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വ്യാപാര ഭവനിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, യൂണിറ്റ് പ്രസിഡന്റ് ടി.എ ഇല്യാസ്, ജില്ലാ സെക്രട്ടറിമാരായ കെ. ദിനേശ്, ബി.എം ഷെരീഫ്, അന്‍വര്‍ സദാത്ത്, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ റൗഫ് പള്ളിക്കാല്‍, ബി.എം അബ്ദുൽ കബീര്‍ എന്നിവര്‍ ആശംസ നേർന്നു.
മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി എ.എ അസീസിനെയും, ജനറൽ സെക്രട്ടറിയായി കെ.ദിനേശിനെയും, ട്രഷററായി ബി.എം ഷെരീഫിനെയും വൈസ് പ്രസിഡന്റുമാരായി ടി.എ അൻവർ സദാത്ത്, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍ എന്നിവരെയും സെക്രട്ടറിമാരായി റൗഫ് പള്ളിക്കാല്‍, ബി.എം അബ്ദുള്‍ കബീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റിക്കുള്ള രേഖകൾ ജില്ലാ പ്രസിഡണ്ട് കൈമാറി.
#Kerala #Kasaragod #traders #reliefefforts #MuslimLeague #community