Awarded | ഭിന്നശേഷി മേഖലയിൽ മാതൃകാ പ്രവർത്തനങ്ങൾ; കാസർകോട്ടുകാരൻ യാസിർ വാഫിക്ക് യൂണിവേഴ്സൽ ഡിസൈൻ അവാർഡ്
വ്യത്യസ്ത പദ്ധതികളിലൂടെ 37, 000 ആളുകളിലേക്ക് എത്തിച്ചേരാൻ ഇതിനോടകം അക്കര ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്
കാസർകോട്: (KasaragodVartha) ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ സിഇഒ മുഹമ്മദ് യാസിർ വാഫിക്ക് പതിനഞ്ചാമത് യൂണിവേഴ്സൽ ഡിസൈൻ അവാർഡ്. കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനിലൂടെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വ്യത്യസ്ത പദ്ധതികൾ നടപ്പിലാക്കിയതിനാലാണ് അവാർഡിന് അർഹനായത്.
ഡൽഹി കേന്ദ്രമായി 28 വർഷമായി ദേശീയ തലത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻസിപിഇഡിപി (National Centre for Promotion of Employment for Disabled People - NCPEDP) എന്ന സംഘടനയാണ് അവാർഡ് നൽകുന്നത്. 2018 മുതൽ കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
2021-ൽ കേരള സർക്കാരിന്റെ ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള അവാർഡ് ഫൗണ്ടേഷന് ലഭിച്ചിരുന്നു. ഇപ്പോൾ യാസിർ വാഫിക്ക് ലഭിച്ച യൂണിവേഴ്സൽ ഡിസൈൻ അവാർഡ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ദേശീയ അംഗീകാരമാണ്. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള അവാർഡ് നേടിക്കൊടുക്കുന്നത്തിലും സ്ഥാപനത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലും യാസിറിൻ്റെ പ്രവർത്തനം മികച്ചതായിരുന്നു.
വ്യത്യസ്ത പദ്ധതികളിലൂടെ 37, 000 ആളുകളിലേക്ക് എത്തിച്ചേരാൻ ഇതിനോടകം അക്കര ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനം, ഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് യൂണിവേഴ്സൽ ഡിസൈൻ അവാർഡ് നൽകാറുള്ളത്. ഓഗസ്റ്റ് 14ന് ഡൽഹി ലളിത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.