Accident | ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; വിവാഹിതനായത് ഒന്നരമാസം മുമ്പ്
ചളിയങ്കോട്: (KasaragodVartha) ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു. ചളിയങ്കോട്ടെ സ്വാലിഹിന്റെ മകൻ സിദ്ദീഖ് (28) ആണ് മരിച്ചത്. കെ എസ് ടി പി റോഡിൽ കളനാട് ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ 1.30 മണിക്കും 4.30 മണിക്കും ഇടയിൽ അപകടം നടന്നതായാണ് സംശയിക്കുന്നത്.
പുലർച്ചെ 4.30 മണിയോടെ പ്രദേശവാസികളാണ് ഉമേഷ് ക്ലബിന് സമീപത്ത് യുവാവിനെയും ബൈകിനെയും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ യുവാവിനെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബുള്ളറ്റ് തെങ്ങിലിടിച്ച് മറിഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒന്നരമാസം മുമ്പാണ് പടന്നയിലെ ഫാത്വിമയുമായി യുവാവിന്റെ വിവാഹം നടന്നത്. ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയായിരുന്നു ദാരുണാപകടം. മധുവിധു തീരും മുൻപേയുണ്ടായ സിദ്ദീഖിന്റെ അപ്രതീക്ഷിതമരണം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി. സഹോദരൻ: അഫ്രീദ്.