Rain | കാസർകോട്ട് കാറ്റിലും മഴയിലും വ്യാപകമായ നാശം; വീടുകൾ തകർന്നു; തെങ്ങ് വീണ് നിരവധി വൈദ്യുതി തൂണുകളും നിലംപൊത്തി
25 വർഷം മുമ്പ് സർകാർ സഹായമായി ലഭിച്ച 50,000 രൂപ ചിലവഴിച്ച് നിർമിച്ച വീടാണ് ബദിയഡുക്കയിൽ തകർന്നത്
കാസർകോട്: (KasaragodVartha) ജില്ലയിൽ കാറ്റിലും മഴയിലും വ്യാപകമായ നാശം. ബദിയടുക്കയിലും വെള്ളരിക്കുണ്ടിലും വീട് തകർന്നു. ബേക്കൽ കടപ്പുറത്ത് തെങ്ങ് വീണ് നിരവധി വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്. ബദിയടുക്ക 13-ാം വാർഡിൽ കന്യാപാടി തൽപ്പാനജെയിലെ ശാന്തിയുടെ ഓടുമേഞ്ഞ വീടാണ് ശനിയാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് പൂർണമായും നിലം പൊത്തിയത്.
മകൻ രാജേഷ്, ഭാര്യ പ്രസന്ന കുമാരി, മൂന്ന് വയസ് പ്രായമായ കുട്ടി എന്നിവർ കിടന്നു ഉറങ്ങുന്ന സമയത്താണ് കിടപ്പാടം അപകടത്തിൽ പെട്ടത്. ശബ്‌ദം കേട്ട് വാതിൽ തുറന്ന് പുറത്തേക്ക് ഓടിയതിനാൽ വീട്ടുകാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 25 വർഷം മുമ്പ് സർകാർ സഹായമായി ലഭിച്ച 50,000 രൂപ ചിലവഴിച്ച് നിർമിച്ച വീടാണ് തകർന്നത്.
സർകാരിന്റെ ലൈഫ് മിഷനിലും ബന്ധപ്പെട്ട വകുപ്പിലും അപേക്ഷ നൽകിയെങ്കിലും പുതിയ വീടിനായി വഴി തുറന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ആറ് സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. മകൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തിൽ നിന്നും ജീവിതം തള്ളിനീക്കുന്ന കുടുംബം ഉള്ള കിടപ്പാടം തകർന്നതോടെ വഴിയാധാരമായി. അപകട വിവരമറിഞ് പഞ്ചായത് മെമ്പർ അടക്കമുള്ളവർ എത്തി കിടപ്പാടത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അറിയിച്ചു.
വെള്ളരിക്കുണ്ട് താലൂകിലെ മേലത്ത് വിലേജിലെ ഇന്ദിരയുടെ ഓട് മേഞ്ഞ വീടും മരം വീണ് തകർന്നു. വെള്ളരിക്കുണ്ട് തഹസിൽദാർ മുരളിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. തകർന്ന വീട് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടേയും സഹകരണത്തോടെ, പൊട്ടിപ്പോയ ഓടുകൾ മാറ്റി താമസയോഗ്യമാക്കി. വീട്ടിനുള്ളിൽ മഴവെള്ളം വീണ ഭാഗത്തെ നനവ് മാറിയാൽ ഉടൻ താമസിക്കാവുന്ന വിധത്തിൽ ശരിയാക്കിയിട്ടുണ്ട്. വീടിനു മുകളിൽ വീണ മരം മുറിച്ചുമാറ്റി.
ബേക്കൽ പുതിയ കടപ്പുറത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. ഈ പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. ബേക്കൽ ടൗണിലും മരം വീണ് വൈദ്യുതി കമ്പികൾ തകരാറായിട്ടുണ്ട്.