കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍
Jul 28, 2015, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 28/07/2015) കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കാസര്‍കോട് വയനാട് ജില്ലകളിലാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വ്യക്തമാക്കി. കേരളത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ രണ്ട് ജില്ലകളിലും കുട്ടികള്‍ക്കെതിരായ അക്രമങ്ങളും പീഡനങ്ങളും വളരെ കൂടുതലാണ്.
കാസര്‍കോട് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കുടുംബങ്ങളില്‍പോലും ലൈംഗീകമായ ചൂഷണങ്ങള്‍ക്കും മറ്റു അതിക്രമങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ രക്ഷിതാക്കളും പ്രതികളാകുന്ന സ്ഥിതിയാണ് ഉള്ളത്. ജില്ലയിലെ പിന്നോക്ക മേഖലകളില്‍ കുട്ടികള്‍ തികഞ്ഞ അരക്ഷിതാവസ്ഥയില്‍ കഴിയുന്നു.
വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി തിങ്കളാഴ്ച വൈകുന്നേരം കളക്ട്രേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
സ്‌കൂളുകളില്‍നിന്നും കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ശിശുസംരക്ഷണ സംവിധാനങ്ങളെ ഒരു കുടക്ക് കീഴില്‍ സംയോജിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ പ്രഥമ സ്റ്റേക് ഹോള്‍ഡേഴ്‌സ് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശോഭാകോശി വ്യക്തമാക്കി. എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംയോജിത യോഗം ചേരുന്നത്.
കുട്ടികള്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്ന രാജ്യത്തെ 48 ജില്ലകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് ഇതില്‍ കാസര്‍കോട്, വയനാട് ജില്ലകളാണ് കേരളത്തില്‍ നിന്നുമുളളത്. അത്‌കൊണ്ട് തന്നെയാണ് കാസര്‍കോട് നിന്ന് ഇത്തരം യോഗത്തിന് ആരംഭം കുറിക്കുന്നതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. വിവിധ സംരക്ഷണ ഏജന്‍സികളെ സംയോജിപ്പിച്ച് നടത്തിയ യോഗത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു. വീടുകളില്‍ നിന്നുതന്നെ പീഡനം നേരിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരികായണെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ബാലവേലക്കായി കുട്ടികളെ എത്തിക്കുന്ന സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കും മോഷണങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്ന അവസ്ഥയാണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, മീന കുരുവിള എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. ബിജു സ്വാഗതവും നോഡല്‍ കോഡിനേറ്റര്‍ നിധീഷ് എം ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
Keywords: Kasaragod and Wayanad, Children, Integrated Child Protection Scheme, Collectorate conference hall, State Child Rights Commission chairperson Shobha, Kasaragod, Wayanad on an unsavoury list, Sara Apartments
Advertisement:
Advertisement: