Power Outage | കാസർകോട്ട് അപ്രഖ്യാപിത വൈദ്യുതി മുടക്കം; വിശദീകരണവുമായി കെഎസ്ഇബി
![KSEB Power Outage in Kasaragod, Kasaragod electricity issue, KSEB technical explanation](https://www.kasargodvartha.com/static/c1e/client/114096/uploaded/4b7c744b8221fce379d0e2f7adb271e7.jpg?width=823&height=463&resizemode=4)
● പല സമയങ്ങളിലായി 20 മിനിറ്റ് ദൈർഘ്യമുള്ള വൈദ്യുതി തടസ്സമാണ് കുമ്പള കെഎസ്ഇബി പരിധിയിലുള്ളത്.
● 110 കെവി ലൈൻ ഓവർലോഡ് ആവുന്നതിനെ തുടർന്ന് ചില ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം.
കാസർകോട്: (KasargodVartha) ജില്ലയിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ വ്യാപക പ്രതിഷേധം.ചൂടുകാലം വരാനിരിക്കെ തന്നെ തുടക്കത്തിലെ കൊടുംചൂട് ജനങ്ങളിൽ അസഹ്യമായിട്ടുണ്ട്. ഇതിനിടയിലാണ് അപ്രഖ്യാപിത വൈദ്യുതി തടസ്സം. അപ്രഖ്യാപിത വൈദ്യുതി മുടക്കമല്ല, സാങ്കേതിക തടസ്സമാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.
കർണാടക ഉഡുപ്പിയിലുള്ള പവർ സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ സാങ്കേതിക തകരാർ കാരണം കൊണാജെ വഴി വരുന്ന വൈദ്യുതി മുടങ്ങിയതിനാൽ കാസർകോട് ഡിവിഷൻ പരിധിയിൽ മഞ്ചേശ്വരം വരെ വൈദ്യുതി തടസ്സം അനുഭവപ്പെടുന്നുണ്ട്. കർണാടകയിലെ ഈ ഭാഗങ്ങളിലേക്ക് കേരള ഗ്രിഡിൽ നിന്ന് വൈദ്യുതി കൊടുക്കേണ്ട സാഹചര്യമുണ്ടെന്നും പറയുന്നു.
അതേസമയം മൈലാട്ടിയിൽ നിന്ന് വിദ്യാനഗർ വരെ വരുന്ന 110 കെവി ലൈൻ ഓവർലോഡ് ആവുന്നതിനാൽ മയിലാട്ടിയിൽ നിന്ന് വടക്കുഭാഗത്തുള്ള ഭാഗങ്ങളിൽ രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ പ്രതിസന്ധി എത്ര ദിവസം വരെ നീളുമെന്നതിൽ ഒരു വ്യക്തത ഇല്ല. പല സമയങ്ങളിലായി 20 മിനിറ്റ് ദൈർഘ്യമുള്ള വൈദ്യുതി തടസ്സമാണ് കുമ്പള കെഎസ്ഇബി പരിധിയിലുള്ളത്.
അതിനിടെ കുമ്പള കെഎസ്ഇബിയിൽ പരാതികൾ കേൾക്കാനായി പുതുതായി ഓഫീസിൽ ചാർജെടുത്ത അസിസ്റ്റന്റ് എൻജിനീയർ സുമിത്രൻ നീലേശ്വരം ഉണ്ടാക്കിയ ഉപഭോക്താക്കൾക്കുള്ള വാട്സ്ആപ്പ് സംവിധാനം ഏറെ ഉപകാരപ്പെടുന്നുണ്ട്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം അപ്പപ്പോൾ തന്നെ എ ഇ നൽകുന്നുണ്ട്. പരാതികൾ പരിഹരിക്കാൻ നടപടികളും ഉണ്ടാവുന്നുണ്ട്.
#KSEB, #PowerOutage, #Kasaragod, #TechnicalFault, #Electricity, #ConsumerHelp