ക്യാമറകളോടുകൂടിയ അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനം കാസർകോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ മിഴി തുറന്നു; ഓണസമ്മാനമെന്ന് നഗരസഭ
● 40 ലക്ഷം രൂപ ചെലവിൽ കെൽട്രോൺ നിർമിച്ച സിഗ്നൽ സംവിധാനം.
● രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു.
● താലൂക്ക് ഓഫീസ് ജങ്ഷനിലെ സിഗ്നലും പരിഷ്കരിക്കും.
● നഗരത്തിന്റെ സൗന്ദര്യവത്കരണം തുടരുമെന്ന് നഗരസഭ.
കാസർകോട്: (KasargodVartha) നഗരത്തിൽ പഴയ പ്രസ് ക്ലബ് ജങ്ഷനിൽ നഗരസഭയുടെ പരിഷ്കരിച്ച ആധുനിക ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നു. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടിരുന്ന ജങ്ഷനായിരുന്നു ഇത്. നേരത്തെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനമാണ് ഇവിടെയുണ്ടായിരുന്നത്. ഇത് വാഹനയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിന് താത്കാലില പരിഹാരമെന്നോണമാണ് പുതിയ സിഗ്നൽ ഒരുക്കിയത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സിഗ്നലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ട്രാഫിക് സിഗ്നൽ നവീകരണ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയാണ് ചെലവ് വന്നത്. റോഡിന്റെ മധ്യത്തിലുണ്ടായിരുന്ന പഴയ സിഗ്നൽ പോസ്റ്റ് എടുത്തുമാറ്റിയാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇതാണ് നവീകരണം കൊണ്ടുള്ള പ്രധാന ഗുണം. മുമ്പത്തെ സിഗ്നൽ ഇടക്കിടെ കേടാകുന്നതിനാൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല കറൻ്റില്ലാത്ത സമയം പ്രവർത്തിച്ചിരുന്നുമില്ല. പുതിയ സിഗ്നലിന് ബാറ്ററി ബാക് അപ് ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ക്യാമറകളോട് കൂടിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ട്രാഫിക് സിഗ്നൽ സിസ്റ്റമാണ് ഇപ്പോൾ നഗരത്തിൽ സ്ഥാപിച്ചത്. കെൽട്രോൺ ആണ് പുതിയ ട്രാഫിക് സിഗ്നൽ നിർമിച്ചത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ഖാലിദ് പച്ചക്കാട്, രജനി കെ., കൗൺസിലർമാരായ ലളിത, വിമലാ ശ്രീധർ, കാസർകോട് എസ്.എച്ച്.ഒ നളിനാക്ഷൻ, ട്രാഫിക് എസ്.ഐ സുധാകരൻ, കെൽട്രോൺ പ്രതിനിധി പ്രശാന്ത്, കെ.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ ഡി.വി. നന്ദി പറഞ്ഞു. ട്രാഫിക് സിഗ്നലിൻ്റെ പരിപാലന പ്രവർത്തനങ്ങൾ 'ഗ്രാഫോൺ ഇന്നൊവേറ്റീവ് ഡിജിറ്റൽ സൊലൂഷൻ' എന്ന കമ്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്.
കാസർകോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം വ്യക്തമാക്കി. പുതിയ ട്രാഫിക് സിഗ്നൽ നഗരസഭയുടെ ഓണസമ്മാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് സിഗ്നലും ഇതോടൊപ്പം പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ പഴയ ബസ് സ്റ്റാൻഡിൽ ചെടികളും പുല്ലുകളും വെച്ചുപിടിപ്പിച്ച നവീനമായ ഡിവൈഡറുകളും തെരുവുവിളക്കുകളും സ്ഥാപിച്ചതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. അതേസമയം നഗരത്തിലെ പ്രധാനപ്പെട്ട പലറോഡുകളും തകർന്ന നിലയിലാണ്. ചന്ദ്രഗിരി റോഡിൻ്റെ കാര്യമാകട്ടെ അതിദയനീയവും. മഴമാറുന്നതോടെ റോഡ് പണികൾ ആരംഭിക്കുമെന്ന നിലപാടിലാണ് പൊതുമാരമത്ത് വകുപ്പ് അധികൃതർ.
കാസർകോട് നഗരസഭയുടെ ഈ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം എത്രത്തോളം പ്രയോജനകരമാകും? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Kasaragod's new traffic signal system aims to reduce traffic.
#Kasargod #TrafficSignal #LocalNews #Kerala #Development #SmartCity






