ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി: മന്ത്രിയുടെ പ്രഖ്യാപനം കാസർകോട്ട് കടലാസിൽ ഒതുങ്ങി
● അടുത്തിടെ ജോയിന്റ് സെക്രട്ടറി സന്ദർശിച്ചതും ബേക്കലും റാണിപുരവും മാത്രമാണ്.
● തളങ്കര പുഴ-ബീച്ച് പദ്ധതി ഉൾപ്പെടെ നഗരസഭയുടെ രണ്ട് നിർദ്ദേശങ്ങളും മുടങ്ങി
● പണി പൂർത്തിയായ കുമ്പളയിലെ പക്ഷി ഗ്രാമം ഡോർമിറ്ററി ഉദ്ഘാടകനെയും കാത്തിരിക്കുന്നു.
● ബി.ആർ.ഡി.സി. കണ്ടെത്തിയ ഒൻപതോളം തീരദേശ പഞ്ചായത്ത് പദ്ധതികൾക്കും തുടർനടപടിയായില്ല.
● ബേക്കലിനും റാണിപുരത്തിനുമുള്ള വികസന വേഗത മറ്റ് പഞ്ചായത്ത് പദ്ധതികൾക്കും വേണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) കാസർകോട് ജില്ലയിലെ ടൂറിസം പദ്ധതികൾ ബേക്കൽ കോട്ടയിലും റാണിപുരത്തും മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം നിലനിൽക്കെ, ‘ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി’ എന്ന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം കടലാസിൽ ഒതുങ്ങി.
കഴിഞ്ഞ മാസം ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനം വിലയിരുത്താനെത്തിയ ജോയിന്റ് സെക്രട്ടറി സന്ദർശിച്ചതും ബേക്കൽ ബീച്ചും റാണിപുരം പാർക്കുമായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അവഗണന നേരിടുന്ന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി കോട്ട തന്നെ ഇതിന് ഉദാഹരണമാണ്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്തിൽ ടൂറിസം പദ്ധതിയായി തിരഞ്ഞെടുത്തത് ആരിക്കാടി കോട്ട തന്നെയായിരുന്നു. ഈ നിർദ്ദേശം കുമ്പള ഗ്രാമപഞ്ചായത്ത് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. വിശാലമായ കുമ്പള തീരദേശത്തെ കടൽത്തീരവും, സമീപത്തുള്ള റെയിൽവേ സ്റ്റേഷനും, ദേശീയപാതയുമെല്ലാം വിനോദസഞ്ചാരത്തിന് അനുകൂലമായ ഘടകമായതിനാലാണ് ആരിക്കാടി കോട്ടയെ പഞ്ചായത്ത് പദ്ധതിക്കായി തിരഞ്ഞെടുത്തതും.

കാസർകോട് നഗരസഭയും സർക്കാരിന്റെ പരിഗണനയ്ക്ക് നൽകിയ രണ്ട് ടൂറിസം പദ്ധതികൾക്കും ഇതുതന്നെയാണ് സ്ഥിതി. തളങ്കര പുഴയും ബീച്ചും സംയോജിപ്പിച്ചുള്ള ഹാർബർ നവീകരണ ടൂറിസം പദ്ധതിയും, നെല്ലിക്കുന്നിലെ വിശാലമായ കടൽത്തീരം ടൂറിസം പദ്ധതിയും കടലാസിൽ ഒതുങ്ങി. നെല്ലിക്കുന്നിൽ നഗരസഭ ആവിഷ്കരിച്ച ബീച്ച് കാർണിവലും വെളിച്ചം കാണാതെ പോയി.
മംഗൽപാടി പഞ്ചായത്തിലെ ഷിറിയ കണ്ടൽക്കാട് ഹരിത ടൂറിസം പദ്ധതി, ഷിറിയ അണക്കെട്ട്, മഞ്ചേശ്വരം പഞ്ചായത്തിലെ കണ്വതീർഥ, പൈവളിഗെ പഞ്ചായത്തിലെ പൊസൊഡിഗുംപെ, ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്ക ബീച്ച്, പെരിയയിലെ എയർ സ്ട്രിപ്പ് ടൂറിസം പദ്ധതി, കുമ്പളയിലെ യക്ഷഗാന കലാ കേന്ദ്രം, മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ പുഴയോര ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളൊക്കെ 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി' എന്ന് യാഥാർത്ഥ്യമാകുമെന്ന് കണ്ട് കാത്തിരിപ്പിലാണ്.
അതിനിടെ ജില്ലയിലെ കടൽത്തീരത്തുള്ള ഒൻപതോളം പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ടൂറിസം വികസനം നടപ്പിലാക്കാൻ ബിആർഡിസി (ബേക്കൽ റിസോർട്ട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ) പദ്ധതി പ്രദേശമായി കണ്ടെത്തിയിരുന്നു.

ഇതിനും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ആകെ ഈ വർഷം പ്രഖ്യാപനമുണ്ടായത് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് (ഡിടിപിസി) മൂന്ന് വർഷത്തേക്ക് കൈമാറാൻ ധാരണയായത് മാത്രമാണ്.
അതിനിടെ കുമ്പളയിൽ ഏറെ പ്രതീക്ഷയോടെ കണ്ട, പണി പൂർത്തിയായ സർക്കാരിന്റെ പക്ഷി ഗ്രാമം പദ്ധതിയായ 'ഡോർമിറ്ററി' ഉദ്ഘാടകനെയും കാത്ത് നിൽക്കുന്നുണ്ട്. ഇതും തുറന്നു കൊടുക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ജില്ലയിലെ ബേക്കൽ കോട്ടയ്ക്കും റാണിപുരത്തിനും ഉണ്ടാകുന്ന വികസന വേഗത മറ്റുള്ള പഞ്ചായത്തുകളിലെ പദ്ധതികൾക്കും വേണമെന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ ആവശ്യം.
കാസർകോടിൻ്റെ ടൂറിസം വികസനം ബേക്കലിലും റാണിപുരത്തും ഒതുങ്ങുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kasaragod tourism is limited to Bekal/Ranipuram; Minister's 'One Project Per Panchayat' plan stalled.
#KasaragodTourism #PA_MuhammadRiyas #Bekal #ArikkadyFort #KeralaTourism #DevelopmentStalled






