Industrial Hub | മാറുമോ മുഖച്ഛായ? ഉത്തര കേരളത്തിലെ 'വ്യവസായ ഹബ്' ആകാൻ കാസർകോട്; അനുയോജ്യമായ സ്ഥലങ്ങളുടെ ലഭ്യത അനുകൂലം
അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും സംരംഭകർ കാസർകോട്ടേക്ക് വരുന്നുണ്ട്
കാസർകോട്: (KasargodVartha) കേരളത്തിന്റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കാസർകോട് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ല എന്നാണറിയപ്പെടുന്നത്. എന്നാൽ ഇതിനിടയിലും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. വ്യവസായ മേഖലയിലും കുതിച്ചുയരാനുള്ള ശ്രമത്തിലാണ് കാസർകോട്. ഉത്തര കേരളത്തിലെ വ്യവസായ ഹബ് ആയി മാറുകയാണ് ലക്ഷ്യം.
വ്യവസായത്തിന് അനുയോജ്യമായ ഏറ്റവും കൂടുതൽ സ്ഥലം ലഭ്യമായ കേരളത്തിലെ ഏക ജില്ല എന്ന നിലയിൽ അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും സംരംഭകർ കാസർകോട്ടേക്ക് വരുന്നുണ്ട്. കാസർകോട് സമീപഭാവിയിൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ വ്യവസായ ഹബായി മാറുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ജില്ല വ്യവസായ കേന്ദ്രം ജെനറൽ മാനജർ കെ സജിത്കുമാർ പറയുന്നു. ബിൽഡപ് കാസർകോട് സൊസൈറ്റി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടത്തിയ കെ സ്വിഫ്റ്റ് പദ്ധതിയുടെ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തന്നെ കാസർകോട് പോലുള്ള പിന്നാക്ക ജില്ലയെ പല പദ്ധതികളിലും ഭരണകൂടങ്ങൾ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. പല സർകാർ ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. വളർന്നു വരുന്ന യുവസംരംഭകർക്ക് സഹായിയായി വകുപ്പുകൾ മാറേണ്ടതുമുണ്ട്. ഈ മേഖലയിലെ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുകയും സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നാണ് വ്യവസായ മേഖലയിലുള്ളവർ പറയുന്നത്.
സെമിനാറിൽ ബിൽഡപ് കാസർകോട് സൊസൈറ്റി പ്രസിഡൻ്റ് രവീന്ദ്രൻ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. ഉപജില്ല വ്യവസായ ഓഫീസർ ശരത് ആർ, റിസോർസ് പേഴ്സൺ രചന രാഘവൻ എന്നിവർ ക്ലാസ് എടുത്തു. അനൂപ് കളനാട്, കെ എം ഖാദർ, അലി നെട്ടാർ, രത്നാകരൻ, സുലൈഖ മാഹിൻ എന്നിവർ സംസാരിച്ചു.