Celebration | ഇവിടങ്ങൾ മാലിന്യ കൂനകളല്ല, ഹരിത കർമ സേനയുടെ വേറിട്ട ഓണാഘോഷം; മാതൃകയായി തൃക്കരിപ്പൂർ, ചെമ്മനാട് പഞ്ചായത്തുകൾ
● കേന്ദ്രങ്ങളിൽ പുത്തൻ ഉത്സവം പകർന്നു.
● ഓണക്കോടി, ബോണസ് എന്നിവയും വിതരണം ചെയ്തു.
കാസർകോട്: (KasargodVartha) വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് മാതൃകയായി തൃക്കരിപ്പൂർ, ചെമ്മനാട് പഞ്ചായത്തുകൾ. മാലിന്യ സംസ്കരണ കേന്ദ്രങ്ങളും ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങളും (എം സി എഫ്) മാലിന്യം കൂട്ടിയിടുന്ന വൃത്തിഹീനമായ ഇടമാണെന്ന പ്രചാരണം നിലനിൽക്കെയാണ് ഈ രണ്ട് പഞ്ചായത്തുകളും ഓണാഘോഷം ഈ കേന്ദ്രങ്ങളിൽ വച്ച് നടത്തിയത്. ഇവിടങ്ങൾ മാലിന്യ കൂനകളല്ല, ദുർഗന്ധമില്ലാത്ത വൃത്തിയുള്ള ഇടങ്ങളാണെന്ന് ഓണാഘോഷത്തിലൂടെ ജനങ്ങളോട് വിളിച്ചു പറയുകയായിരുന്നു ഇവർ.
തൃക്കരിപ്പൂരിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഓണസദ്യ ഒരുക്കിയത്. കഴിഞ്ഞ വർഷവും ഇവിടെ തന്നെയാണ് എല്ലാവരും ഓണമുണ്ടത്. ഓണസദ്യ കഴിച്ചും അവർക്ക് ഓണക്കോടി, ബോണസ് എന്നിവ വിതരണം ചെയ്തും ഹരിത കർമ്മ സേനയുടെ ഓണാഘോഷം കെങ്കേമമായി. ഇത്തവണ ഗ്രാമപഞ്ചായത്ത് നൽകുന്ന ബോണസ് ഉൾപ്പടെ 2000 രൂപയാണ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകുന്നത്. കൂടാതെ തരംതിരിച്ചു നൽകിയ മാലിന്യത്തിന്റ കഴിഞ്ഞ ആറുമാസത്തെ പ്രതിഫലമായി ലഭിച്ച മൂന്നര ലക്ഷം രൂപയും ഹരിത കർമ്മ സേന അംഗങ്ങൾക്ക് വീതിച്ചു നൽകുന്നുണ്ട്.
ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയാണ് തൃക്കരിപ്പൂരിലേതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ പറഞ്ഞു. ഹരിത കർമ്മ സേനയ്ക്കായി ഇത്തവണത്തെ വാർഷിക പദ്ധതിയിൽ നിരവധി പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളുള്ള എം സി എഫ് നിലവിൽ ഉണ്ടെകിലും ഒരു കോടി ചെലവിൽ രണ്ടാമതൊരു എം സി എഫ് കൂടി നിർമ്മിക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 50 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് 111 മിനി എം സി എഫുകൾ കഴിഞ്ഞ വർഷം സ്ഥാപിച്ചിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ മിനി എം സി എഫുകൾ നിലവിലുള്ള പഞ്ചായത്തും തൃക്കരിപ്പൂരാണ്. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പു വരുത്തുന്നതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള ഹരിത കർമ്മ സേന കാറ്റെറിംഗ് യൂണിറ്റ്, ഒരു ലക്ഷം രൂപ വകയിരുത്തിയ ഇനോക്കുലം നിർമ്മാണ യൂണിറ്റ്, 3 ലക്ഷം രൂപ വകയിരുത്തിയ ഹരിത ഫ്‌ളവേർസ്, 70000 രൂപ വകയിരുത്തിയ എക്സ്പോഷർ വിസിറ്റ് പദ്ധതി, നിലവിലുള്ള എം സി എഫ് നവീകരണത്തിന് 12 ലക്ഷം രൂപ, തുടർപ്രവർത്തനങ്ങൾക്ക് ഇന്നോവേഷൻ ഫണ്ടായി വകയിരുത്തിയ 2 ലക്ഷം രൂപ എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ ഹരിത കർമ്മ സേനയ്ക്കും അതുവഴി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.കെ. ഹാഷിം, ശംസുദ്ധീൻ ആയിറ്റി, എം. സൗദ, മെമ്പർമാരായ ഫായിസ് ബീരിച്ചേരി, രജീഷ് ബാബു, എം.കെ.വി. കാർത്ത്യാനി, ഫരീദ കെ.എം, സുനീറ വി.പി, സീത ഗണേഷ്, എം.കെ. ഹാജി, സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി, നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. ദേവരാജൻ, വി.ഇ.ഒ. എസ്.കെ. പ്രസൂൺ, രജിഷ് കൃഷ്ണൻ, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി. രാജശ്രീ, ഷീന കെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പൂക്കളം, തിരുവാതിര, കായിക വിനോദങ്ങൾ എന്നിവയോടെയായിരുന്നു ചെമ്മനാട് ഹരിത കർമ്മ സേന ഓണാഘോഷം എംസിഎഫിൽ വെച്ച് ഗംഭീരമായി നടത്തിയത്. ആഘോഷം വിഭവ സമൃദ്ധമായ സദ്യയോടെയാണ് അവസാനിച്ചത്. വാതിൽപ്പടി ശേഖരണത്തിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കലിനായിട്ടാണ് എം സി എഫിൽ എത്തിക്കുന്നത്. മാലിന്യങ്ങൾ പുനഃചംക്രമണം സാധ്യമാവുന്നവ - സാധ്യമാവാത്തവ എന്നിങ്ങനെ തരം തിരിച്ചു കൊണ്ട് ശാസ്ത്രീയമായി സംസ്കരിക്കാൻ/പുനഃചംക്രമണത്തിന് ഉതകുന്ന രൂപത്തിലാക്കുന്ന എന്നതാണ് പ്രധാനമായും എം സി എഫിൽ നടക്കുന്നത്.
#wastemanagement #environmentalawareness #localgovernment #kerala #onam #sustainability #greeninitiatives