ക്ലാസ് മുറിയിലെ ഫാനിൽ ഇടിച്ച് ചിറക് അറ്റു; പരിക്കേറ്റ മാടപ്രാവിന് കാരുണ്യ തണലൊരുക്കി അധ്യാപകരും വിദ്യാർഥികളും
● സ്കൂൾ ഓഫീസ് സ്റ്റാഫ് പുഷ്പയുടെ നേതൃത്വത്തിൽ പ്രാവിന് പ്രാഥമിക ശുശ്രൂഷ നൽകി
● കാസർകോട് പരവനടുക്കത്തുള്ള വെറ്ററിനറി ആശുപത്രിയിലും പിന്നീട് അണങ്കൂരിലെ ജില്ലാ വെറ്റിനറി ആശുപത്രിയിലും എത്തിച്ചു
● പരിശോധനയിൽ പ്രാവിൻ്റെ ഒരു ചിറക് പൂർണമായും അറ്റുപോയതായി കണ്ടെത്തി
● ഇനി പറക്കാൻ കഴിയില്ലെന്നും ജീവിതാവസാനം വരെ സംരക്ഷിക്കണമെന്നും ഡോക്ടർ അറിയിച്ചു
കാസർകോട്: (KasargodVartha) പരീക്ഷ നടന്നുകൊണ്ടിരുന്ന ക്ലാസ് മുറിയിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിൽ ഇടിച്ച് താഴെവീണ് ഗുരുതരമായി പരിക്കേറ്റ മാടപ്രാവിന് തുണയായി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലെ ഫാനിൽ ഇടിച്ച് പ്രാവിന് പരിക്കേറ്റ വിവരം ക്ലാസ് അധ്യാപിക സതിയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രാവിന്റെ ഒരു ചിറക് ഒടിഞ്ഞതായും നടക്കാൻ പ്രയാസപ്പെടുന്നതായും കണ്ടെത്തി.
പ്രാഥമിക ശുശ്രൂഷയും വെറ്റിനറി ആശുപത്രിയിലെ പരിചരണവും
സ്കൂൾ ഓഫീസ് സ്റ്റാഫ് പുഷ്പയുടെ നേതൃത്വത്തിൽ പരിക്കേറ്റ പ്രാവിനെ സുരക്ഷിതമായി ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി ഓഫീസിലേക്ക് മാറ്റി. ധാന്യങ്ങളും വെള്ളവും നൽകിയെങ്കിലും ഭയവും വേദനയും കാരണം പ്രാവ് ഭക്ഷണം കഴിക്കാൻ തയ്യാറായില്ല.
അനക്കമില്ലാതെ ഇരുന്ന പ്രാവിനെ തുടർന്ന് പരവനടുക്കത്തുള്ള ഗവൺമെന്റ് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പ്രാഥമിക പരിചരണ ഭാഗമായി ഇൻജക്ഷൻ നൽകിയ ശേഷം, എക്സ്-റേ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനയ്ക്കായി അണങ്കൂരിലെ ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഓപ്പറേഷൻ തിയേറ്ററിലെ അടിയന്തര പരിശോധന
ഉച്ചയ്ക്ക് മുമ്പായി അണങ്കൂർ ജില്ലാ വെറ്റിനറി ആശുപത്രിയിൽ പ്രാവിനെയുമെത്തിച്ച് ഫ്രണ്ട് ഓഫീസിൽ ഫീസ് അടച്ചു. അടിയന്തര സാഹചര്യമായതിനാൽ എക്സ്-റേ ടെക്നീഷ്യനോട് എത്രയും വേഗം എത്താൻ ജീവനക്കാർ ആവശ്യപ്പെട്ടു.
ആടും ഏതാനും പൂച്ചകളും ഡോക്ടറെ കാണിക്കാനായി ക്യൂവിൽ ഉണ്ടായിരുന്നതിനാൽ അൽപസമയം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് പേര് വിളിച്ചപ്പോൾ പ്രാവിനെ ഡോക്ടറുടെ മുറിയിലേക്കും അവിടെനിന്ന് ഓപ്പറേഷൻ തിയേറ്ററിലേക്കും മാറ്റി.
ഓപ്പറേഷൻ ടേബിളിൽ കിടത്തുന്നതിനിടെ ഭയന്ന പ്രാവ് കുതറി ഓടിയെങ്കിലും ഏറെ ശ്രമപ്പെട്ട് പിടിച്ചെടുത്തു. ഡോക്ടർ വിശദമായി പരിശോധിച്ച ശേഷം രണ്ട് ഇൻജക്ഷൻ കൂടി നൽകി. പരിശോധനയിൽ പ്രാവിന്റെ ഒരു ചിറക് പൂർണമായും അറ്റുപോയതായും അവിടെ അണുബാധ ഉണ്ടായതായും കണ്ടെത്തി.
ഇനി പറക്കാൻ കഴിയില്ലെന്നും എക്സ്-റേ എടുത്തിട്ട് കാര്യമായ ഫലമില്ലെന്നും വ്യക്തമാക്കിയ ഡോക്ടർ, ജീവിതാവസാനം വരെ ഭക്ഷണം നൽകി സംരക്ഷിക്കേണ്ടി വരുമെന്ന് അറിയിച്ചു. അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചാൽ അവർ സംരക്ഷണം ഏറ്റെടുക്കുമെന്നും നിർദേശിച്ചു.
ഫോറസ്റ്റ് ഓഫീസിലെ പുതിയ തണൽ
ഡോക്ടറുടെ വാക്കുകൾ കേട്ട വിദ്യാർഥി ജദീർ സങ്കടത്തോടെ വിഷയം ചർച്ച ചെയ്യുകയും പ്രാവിനെ സ്കൂളിലേക്ക് തിരികെ കൊണ്ടുപോയി സംരക്ഷിക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ ദിവസവും വൃത്തിയാക്കി മരുന്ന് വെച്ചു കൊടുക്കേണ്ട സാഹചര്യം ഉള്ളതിനാൽ വനംവകുപ്പിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ഉദയഗിരിയിലുള്ള ഫോറസ്റ്റ് ഓഫീസിലെത്തിച്ചെങ്കിലും ഉച്ചഭക്ഷണ സമയമായതിനാൽ അൽപനേരം കാത്തിരുന്നു. പിന്നീട് ഓഫീസർ എത്തി പരിശോധിച്ച ശേഷം കൂടുതൽ സൗകര്യങ്ങളുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.
ഇതനുസരിച്ച് റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രാവിനെയെത്തിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥർ പാമ്പ് പിടുത്തവുമായി ബന്ധപ്പെട്ട് പുറത്തുപോയിരുന്നതിനാൽ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയാണ് സംഘം മടങ്ങിയത്. സീജെയിലെ ഈ മാടപ്രാവ് ഇനി ചിറകൊടിഞ്ഞെങ്കിലും വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തണലിൽ സുരക്ഷിതമായി ജീവിക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Teachers and students in Kasaragod showed exemplary compassion by rescuing a pigeon whose wing was severed by a spinning classroom fan. After providing first aid and veterinary care, they handed the bird over to the forest department for lifelong protection as it could no longer fly.
#KasargodVartha #KasaragodNews #PigeonRescue #AnimalWelfare #VeterinaryCare #KeralaNews #LocalNews #AparnaNews






