തെരുവ് വാണിഭം: 'എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്': നഗരസഭയുടെ മറുപടിയിൽ കച്ചവടക്കാർക്ക് നിരാശ
● പഴയ ബസ് സ്റ്റാൻഡിലെ വരുമാനം പുതിയ സ്ഥലത്ത് ലഭിക്കുമോയെന്ന് ഭയം.
● കടമുറികളിൽ വൈദ്യുതിയും ശൗചാലയവും ഒരുക്കിയിട്ടുണ്ട്.
● പുനരധിവാസം വേഗത്തിലാക്കാൻ വ്യാപാരികൾ രംഗത്ത്.
● തെരുവോരക്കച്ചവടക്കാർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
കാസർകോട്: (KasargodVartha) നഗരത്തിലെ തെരുവോരക്കച്ചവടക്കാർക്കായി നഗരസഭ ഒരുക്കിയ കടമുറികളുടെ പണി പൂർത്തിയായിട്ട് മാസങ്ങളായിട്ടും പുനരധിവാസ നടപടികൾ എങ്ങുമെത്തിയില്ല. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ തെരുവോരക്കച്ചവടക്കാർക്കാണ് പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കടമുറികൾ ഒരുക്കിയിരിക്കുന്നത്.
തെരുവോരക്കച്ചവടക്കാരെ ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് നഗരസഭാ അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ‘എപ്പോൾ’ എന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. ‘എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്’ എന്നാണ് നഗരസഭാ അധികൃതരുടെ മറുപടി.
തെരുവോരക്കച്ചവടക്കാരോട് പുനരധിവാസത്തെക്കുറിച്ച് ചോദിച്ചാൽ അവരുടെ മറുപടി ഒരു പുഞ്ചിരി മാത്രമാണ്. പഴയ ബസ് സ്റ്റാൻഡിലെ തെരുവോരങ്ങളിൽ നിന്ന് ലഭിക്കുന്ന ചില്ലറ കച്ചവടം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ലഭിക്കുമോ എന്ന ഭയവും തെരുവോരക്കച്ചവടക്കാർക്കുണ്ട്. എന്നാൽ പുനരധിവാസത്തിൻ്റെ കാര്യത്തിൽ പിന്നോട്ടില്ല എന്ന നിലപാടിലാണ് നഗരസഭാ അധികൃതർ.
കടമുറികളിൽ വൈദ്യുതിയും തൊട്ടടുത്ത് വിശ്രമമുറിക്കരികിൽ ശൗചാലയവും ഒരുക്കിയിട്ടുണ്ട്. 6000 രൂപയോളം വാടകയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ തെരുവോരക്കച്ചവടം കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നുവെന്ന പരാതി വാർത്തകളിൽ ഇടംപിടിച്ചതോടെയാണ് പുനരധിവാസം ചർച്ചയായത്.
ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്ക് പരാതിയും ലഭിച്ചിരുന്നു. പരാതിക്ക് പിന്നിൽ വ്യാപാരികളാണെന്ന ആരോപണവും ഉയർന്നിരുന്നു. തെരുവോരക്കച്ചവടക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തെരുവോരക്കച്ചവടക്കാർ സംഘടിക്കുകയും നഗരസഭയിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ തെരുവോരക്കച്ചവടക്കാരും വ്യാപാരികളും നഗരത്തിൽ കൊമ്പുകോർക്കുന്ന അവസ്ഥ വരെ ഉണ്ടായി. പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ ഇപ്പോൾ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്.
കാസർകോട് നഗരസഭയുടെ ഈ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kasaragod street vendors' rehabilitation delayed by municipality.
#Kasaragod #StreetVendors #MunicipalityDelay #Rehabilitation #KeralaNews #LocalIssues






