Support | വയനാടിനായി കാസർകോട്ട് നിന്ന് സഹായം തുടരുന്നു; വിവാഹത്തിലെ കലാവിരുന്ന് ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി ഡോക്ടർ ദമ്പതികൾ; കളിക്കളത്തിൽ നിന്നും സഹായവുമായി ക്ലബ്
ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായവും നൽകുന്നത്
കാസർകോട്: (KasargodVartha) വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കാസർകോട് ജില്ലയിൽ നിന്നും സംഭാവനകൾ തുടരുന്നു. വ്യക്തികളും സംഘടനകളും കൂട്ടായ്മകളും ഇരയായവർക്ക് കൈത്താങ്ങാവുകയാണ്. ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായവും നൽകുന്നത്.
കളിക്കളത്തിൽ നിന്നും സഹായവുമായി ക്ലബ്
കാഞ്ഞങ്ങാട്: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹായഹസ്തം നീട്ടി. ക്ലബ് സംഘടിപ്പിച്ച സഫ്ദർ സോക്കർ സെവൻസ് ലീഗിൽ നിന്നും ലഭിച്ച തുക മുഴുവൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
കഴിഞ്ഞ ദിവസം പടിഞ്ഞാറക്കര ടർഫ് മൈതാനിയിൽ വെച്ച് നടന്ന സഫ്ദർ സോക്കർ സെവൻസ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഹൊസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ അജിത്ത്കുമാർ തുക ഏറ്റുവാങ്ങി. ക്ലബ് പ്രസിഡണ്ട് എ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പൊലീസ് താരം പ്രശാന്ത് ബങ്കളം, സിപിഎം ചിത്താരി ലോക്കൽ കമ്മറ്റി മെമ്പർ കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി പി. സജിത്ത് സ്വാഗതം പറഞ്ഞു. ക്ലബ്ബിന്റെ ഓണാഘോഷത്തിനായി നീക്കിവച്ച തുകയും, സഫ്ദർ സോക്കറിനു വേണ്ടി സ്വരുകൂട്ടിയ തുകയും ചേർത്താണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. വളർന്നു വരുന്ന കായിക താരങ്ങൾ തെറ്റായ മാർഗങ്ങളിലേക്ക് പോകാതെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ഹൊസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ പറഞ്ഞു.
വിവാഹവേദിയിലെ കലാവിരുന്ന് വേണ്ടെന്നുവച്ച് തുക ദുരിതാശ്വാസനിധിയിലേക്ക്
നീലേശ്വരം: വിവാഹവേദിയിൽ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന് വേണ്ടെന്നു വച്ച് ഇതിനായി നീക്കിവച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്കു നല്‍കി മാതൃകയായി നീലേശ്വരത്തെ ഡോക്ടർ ദമ്പതികൾ. നഗരസഭാ അധികൃതർ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ചികിത്സാവിദഗ്‌ധൻ പടിഞ്ഞാറ്റംകൊഴുവൽ മൈത്രിയിലെ മങ്കത്തിൽ രാധാകൃഷ്‌ണൻ നായരുടെയും ഡോ. സജിത വെള്ളോറ മഠത്തിലിന്റെയും മകൾ നീരജ നായരുടെ വിവാഹ വേദിയിലാണ് വയനാട് ദുരിതാശ്വാസ നിധിയിലേക്കു കാല്‍ലക്ഷം രൂപ നൽകിയത്.
കാഞ്ഞങ്ങാട് കാരാട്ടുവയൽ ആശീർവാദിലെ സി ഗോവിന്ദൻ നായരുടെയും കെ പി വിജയശ്രീയുടെയും മകൻ കെ പി അഭിഷേകുമായാണ് വിവാഹം നടന്നത്. കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിനോടനുബന്ധിച്ചു ക്ഷണിതാക്കള്‍ക്കായി വേദിയിൽ വിപുലമായ കലാവിരുന്ന് ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു വേണ്ടെന്നു വച്ച് ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയായിരുന്നു.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ എന്നിവര്‍ വിവാഹവേദിയിലെത്തിയാണ് മാതാപിതാക്കള്‍, വധൂവരന്മാര്‍ എന്നിവരില്‍ നിന്നു തുക ഏറ്റുവാങ്ങിയത്.