Relief | വയനാടിന് കൈത്താങ്ങായി കാസർകോട് നിന്ന് സഹായം തുടരുന്നു; ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി കൈമാറി ജില്ലാ പഞ്ചായത്തും 2.30 ലക്ഷം രൂപ നൽകി പ്രസ് ക്ലബും
* അച്ചാർ നിർമിച്ച് വിൽപന നടത്തി തുക സമാഹരിച്ച് വിദ്യാർഥികളുടെ സംഭാവന
* സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തു
കാസർകോട്: (KasargodVartha) വയനാട് ജില്ലയിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട് ജില്ലയിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ സംഭാവനകൾ നൽകുന്നത് തുടരുന്നു.
കൈത്താങ്ങായി കാസര്‍കോട് പ്രസ് ക്ലബ്
വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രസ് ക്ലബ് ശേഖരിച്ച 2,30,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിമും സെക്രട്ടറി കെ വി പത്മേഷും തുകയുടെ ഡിഡി മുഖ്യമന്ത്രിക്ക് കൈമാറി.
അരക്കോടി നൽകി ജില്ല പഞ്ചായത്ത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട് ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു, മെമ്പർ ഷിനോജ് ചാക്കോ എന്നിവർ ചേർന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ഗ്രീൻവുഡ്സ് പബ്ലിക് സ്കൂളിന്റെ സംഭാവന
പാലക്കുന്നിലെ ഗ്രീൻവുഡ്സ് പബ്ലിക് സ്കൂൾ, മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ സമാഹരിച്ച 1,66,100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് കാസർകോട് ജില്ലാ കലക്ടർക്ക് കൈമാറി. വയനാട് ജനത അനുഭവിക്കുന്ന ദുരിതം കണ്ട് ഏവരും ഒന്നിച്ചുകൂടി സഹായിക്കണമെന്ന ആഹ്വാനത്തോടെയാണ് ഈ സംഭാവനകൾ നൽകിയതെന്ന് ഭാരവാഹികളും സ്കൂൾ അധികൃതരും പറഞ്ഞു.
തൊഴിലാളികളുടെ ഐക്യദാർഢ്യം
കാസർകോട് ജില്ലയിലെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. യൂണിയൻ ഭാരവാഹികൾ 8,33,180 രൂപ ജില്ലാ കലക്ടർക്ക് കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ, പ്രസിഡണ്ട് പി എ റഹ്മാൻ, ട്രഷറർ ടി വി വിനോദ്, ജോയിന്റ് സെക്രട്ടറിമാരായ കെ ടി ലോഹിതദാക്ഷൻ, എ ആർ. ധന്യവാദ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്തുകളുടെയും പങ്ക്
മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി കെ നാരായണന്‍ തുക കൈമാറി. ജോയിന്റ് ബി ഡി ഒ എന്‍എ മജീദ്, എച്ച്എ രാമദാസ് എന്നിവര്‍ പങ്കെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് കുമ്പള ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, സ്ഥിരം സമിതി അധ്യക്ഷ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ സംഭാവന
പെർളയിലെ നവജീവന സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും നാരങ്ങ അച്ചാർ നിർമ്മിച്ച് വില്പന നടത്തി ലഭിച്ച 22,570 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.