Honoring | കാസര്‍കോട് മുന്‍സിപല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഇനി ക്രികറ്റ് താരം സുനില്‍ ഗാവസ്‌കറുടെ പേരില്‍ അറിയപ്പെടും; ഉദ്ഘാടനം ചെയ്തു

● നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
● ശേഷം നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു
● പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംസാരിച്ചു.
കാസര്‍കോട്: (KasargodVartha) മുന്‍സിപല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡ് ഇനി ക്രികറ്റ് താരം സുനില്‍ മനോഹര്‍ ഗാവസ്‌കറുടെ പേരില്‍ അറിയപ്പെടും. റോഡിന്റെ ഉദ്ഘാടനം അദ്ദേഹം തന്നെ നിര്‍വഹിച്ചു എന്നത് പ്രത്യേകതയാണ്. നൂറ് കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ഘാടന പരിപാടി അരങ്ങേറിയത്.
ഉദ്ഘാടനത്തിന് ശേഷം ഉളിയത്തടുക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. സുനില്‍ ഗാവസ്‌കര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് ഓഫീസര്‍ ഡി ശില്‍പ, എ എസ് പി പി ബാലകൃഷ്ണന്‍, യഹിയ തളങ്കര, പി കെ ഫൈസല്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു.
കാസർകോട്ട് സുനിൽ ഗവാസ്‌കർ എന്താണ് പറഞ്ഞത്?
കേരള ടീം ആദ്യമായി രഞ്ജി ഫൈനലിലെത്തിയ ദിവസം തന്നെ കേരളത്തില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്ന് സ്വീകരണ ചടങ്ങിൽ സംസാരിച്ച് കൊണ്ട് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലിലെത്തിയ കേരളം കിരീടം നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ടി ഉഷയെയും ടി സി യോഹന്നാനെയും ഒട്ടേറെ ബാഡ്മിന്‍റണ്‍ പ്രതിഭകളെയും ഇന്ത്യൻ കായികരംഗത്തിന് സംഭാവന ചെയ്ത കേരളം ഇപ്പോള്‍ ക്രിക്കറ്റിലും മികവറിയിക്കുകയാണ്. രഞ്ജി ട്രോഫി രണ്ടാം സെമിയില്‍ തന്‍റെ നാടായ മുംബൈയെ തോല്‍പിച്ച് വിദര്‍ഭ ഫൈനലിലെത്തിയതുകൊണ്ടല്ല കേരളം കിരീടം നേടണമെന്ന് പറഞ്ഞത്, മുംബൈ ഒരുപാട് തവണ കിരീടം നേടിയവരാണ്.
അതുകൊണ്ട് മുംബൈ ഫൈനലിലെത്തിയിരുന്നെങ്കിലും കേരളം കിരീടം നേടണമെന്നെ താന്‍ ആഗ്രഹിക്കൂ. വരും വര്‍ഷങ്ങളില്‍ ഒരുപാട് കേരള താരങ്ങള്‍ ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. മുംബൈയില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും തന്‍റെ പേരില്‍ മുംബൈയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നും എന്നാല്‍ കേരളത്തില്‍ തന്‍റെ പേരിലൊരു റോഡുണ്ടെന്നത് അഭിമാനവും സന്തോഷവുമാണെന്നും ഗവാസ്കര്‍ പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
The road leading to the Kasaragod Municipal Stadium has been named after cricketer Sunil Gavaskar. He himself inaugurated the road in a ceremony attended by hundreds.
#SunilGavaskar #Kasaragod #RoadNaming #Cricket #Kerala #Inauguration