Organ Donation | കാസർകോട്ടെ സൈനികൻ മരണത്തിലും ജീവിക്കുന്നു: അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

● കാസർകോട് പെരുമ്പള സ്വദേശിയാണ് നിധീഷ്.
● വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചു.
● ആറ് പേർക്ക് അവയവങ്ങൾ ദാനം ചെയ്തു.
● നാല് സൈനികർക്ക് ഉൾപ്പെടെയാണ് അവയവങ്ങൾ നൽകിയത്.
● കരസേനയിൽ സിഗ്നൽമാനായി ജോലി ചെയ്യുകയായിരുന്നു.
കാസർകോട്: (KasargodVartha) വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി സൈനികൻ ആറ് പേർക്ക് ജീവന്റെ തുടിപ്പ് നൽകിയാണ് വിടവാങ്ങിയത്. കാസർകോട് പെരുമ്പള സ്വദേശി മുപ്പത്തിനാലുകാരനായ കെ.നിധീഷിന്റെ അവയവങ്ങൾ ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നാല് സൈനികർ ഉൾപ്പെടെ ആറുപേർക്കാണ് ദാനം ചെയ്തത്.
ഫെബ്രുവരി 15ന് കാസർകോട് പൊയ്നാച്ചിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് നിധീഷിന് ഗുരുതരമായി പരുക്കേറ്റത്. ബെംഗളൂരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിധീഷിന്റെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരസേന ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ചർച്ച നടത്തിയത്. നിധീഷിന്റെ കുടുംബം സമ്മതിച്ചതോടെ പിന്നീട് നടപടികൾ വേഗത്തിലാക്കി.
ചികിത്സയിലുള്ള മൂന്ന് സൈനികർക്കായി കരൾ, കോർണിയ, വൃക്ക എന്നിവ എയർ ആംബുലൻസിൽ മണിക്കൂറുകൾക്കകം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു. ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികന് വൃക്ക നൽകി. ഹൃദയവും, ശ്വാസകോശവും പ്രത്യേക വിമാനത്തിൽ ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചു. മണിക്കൂറുകൾക്കകം എല്ലാ ശസ്ത്രക്രിയകളും വിജയകരമായി പൂർത്തീകരിച്ചു.
2014ലാണ് നിധീഷ് കരസേനയിൽ പ്രവേശിച്ചത്. ഹരിയാന അംബാലയിൽ സിഗ്നൽമാനായി ജോലി ചെയ്യുകയായിരുന്നു. ജനുവരി അവസാനമാണ് നാട്ടിലെത്തിയത്.
മണിക്കൂറുകൾക്കകം അവയവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായത് സൈന്യവും രാജ്യവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന് പ്രതിരോധവകുപ്പ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞിരുന്നു.
ബെംഗളൂരിൽനിന്ന് നാട്ടിലെത്തിച്ച മൃതദേഹം പെരുമ്പള യൂത്ത് ക്ലബ്ബിൽ പൊതുദർശനത്തിനു ശേഷം വീട്ടിലേക്കു കൊണ്ടുപോയി. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
പരേതനായ എം.പി.രാജന്റെയും കെ.പാർവതിയുടെയും മകനാണ്. ഭാര്യ എം.ആതിര.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A soldier from Kasaragod dies in an accident but saves six lives through organ donation. His organs were distributed across Bengaluru, Chennai, and Delhi.
#Kasaragod #Soldier #OrganDonation #Sacrifice #LifeSaving #IndianArmy