Disruption | കാസർകോട് നഗരത്തിൽ സർവീസ് റോഡിന് വേണ്ടി 3 മീറ്റർ കുഴിച്ചു; വ്യാപാര സ്ഥാപനങ്ങൾക്ക് വഴിമുട്ടി; കാൽനട യാത്രയ്ക്കും പ്രയാസം; 10 ദിവസം കൊണ്ട് പണി തീർക്കുമെന്ന് അധികൃതർ
● ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണ് റോഡ് കുഴിച്ചത്
● വെള്ളക്കെട്ട് ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്
● പലർക്കും വലിയ കയറ്റത്തിലേക്ക് പോവേണ്ടി വരുമെന്ന അവസ്ഥ
കാസർകോട്: (KasargodVartha) ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള മേൽപാലം പണി നഗരത്തിൽ ഏതാണ്ട് പൂർത്തിയായതോടെ സർവീസ് റോഡിന് വേണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപം മൂന്ന് മീറ്റർ കുഴിച്ചത് വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണിയായി. റോഡ് കുഴിച്ചത് കാൽനട യാത്രയ്ക്ക് പോലും പ്രയാസം ഉണ്ടാക്കുന്നു. ഐവ സിൽക്‌സ് അടക്കമുള്ള കെട്ടിടം, ഐഡിബിഐ ബാങ്കും താജ് ഹോടലും ഓഫീസുകളും പ്രവർത്തിക്കുന്ന ചേരൂർ കോംപ്ലക്‌സ്, സ്മാർട് ബസാറും നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടം, നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഫാത്വിമ ആർകേഡ് എന്നീ കെട്ടിട സമുച്ചയങ്ങൾക്കാണ് റോഡ് കുഴിച്ചതോടെ മുട്ടൻ പണി കിട്ടിയത്.
ഈ കെട്ടിടങ്ങളിലേക്കൊന്നും കയറാൻ തന്നെ വഴിയില്ലാതെ അവസ്ഥയാണ് ഇപ്പോൾ. സർവീസ് റോഡ് പ്രവൃത്തി പൂർത്തിയായാൽ ഫാത്വിമ ആർകേഡിന്റെയും സ്മാർട് ബസാർ കെട്ടിട സമുച്ചയത്തിന്റെയും താഴത്തെ നില (Ground Floor) തുറന്നുകൊടുത്താൽ ആളുകൾക്ക് പ്രവേശിക്കുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും മറ്റ് സ്ഥാപനങ്ങളിലേക്ക് ദേശീയപാതയിൽ നിന്ന് കടക്കാൻ വഴിയില്ലാത്ത സ്ഥിതിയാണ് ഉണ്ടാവുക.
ചേരൂർ കോംപ്ലക്‌സിന്റെ കാര്യം വലിയ തൃശങ്കുവിലാണ്. സർവീസ് റോഡ് പ്രവൃത്തി പൂർത്തിയായാലും ഇവിടേക്ക് ആളുകൾക്ക് ദേശീയപാതയിൽ നിന്ന് ഏണിവെച്ച് കയറിപ്പോകേണ്ട അവസ്ഥയായിരിക്കും. ഇവിടെ കെട്ടിടത്തിന്റെ മുന്നിലെ ഒരു ഭാഗം തന്നെ പൊളിച്ചുമാറ്റി സംവിധാനം ഒരുക്കേണ്ടി വരും. ഐവ സിൽക്‌സുള്ള കെട്ടിടത്തിലേക്കും കൂടുതൽ സൗകര്യം വേണെമെന്നുണ്ടെങ്കിൽ കെട്ടിട ഉടമ അതിനായുള്ള പ്രവൃത്തികൾ ചെയ്യേണ്ടി വരും.
കൂടാതെ കാസർകോട് പ്രസ് ക്ലബ്, കാസർകോട് കോ ഓപറേറ്റീവ് ബാങ്ക്, ചാനലുകൾ അടക്കം പ്രവർത്തിക്കുന്ന ഫ്‌ലാറ്റ്, വീടുകൾ എന്നിവയിലേക്കുള്ള റോഡിന് അൽപം ഉയരം ഉണ്ടാകുമെങ്കിലും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അൻസാർ മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ റോഡ് ഉണ്ടെങ്കിലും വലിയ കയറ്റത്തിലേക്ക് പോവേണ്ടി വരുമെന്നതാണ് അവസ്ഥ.
സർവീസ് റോഡിന്റെ ഭാഗമായി ഓവുചാൽ നിർമിക്കേണ്ടി വരുമെന്നത് കൊണ്ട് ഇനിയും കുഴി ഉണ്ടാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. മൂന്ന് മീറ്ററോളം കുഴിയെടുത്തതിനാൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട് നിലനിൽക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. റോഡ് പണി പൂർത്തിയായാൽ മാത്രമേ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാവുകയുള്ളൂ.
ഒരാഴ്ച മുമ്പാണ് ഇവിടെ സർവീസ് റോഡിന്റെ പ്രവൃത്തികൾ ആരംഭിച്ചത്. ശക്തമായ മഴയിൽ രണ്ട് ദിവസമായി പണികൾ ഏതാണ്ട് നിലച്ച മട്ടാണ്. അതേസമയം 10 ദിവസം കൊണ്ട് പണി തീർക്കുമെന്ന് ഊരാളുങ്കൽ അധികൃതർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ദേശീയപാത നിർമാണ പ്രവൃത്തികൾ കാസർകോടിന്റെ മുഖച്ഛായ മാറ്റുമ്പോൾ അത് പലർക്കും ദുരിതം വരുത്തിവെക്കുമെന്നത് മറ്റൊരു കാര്യമാണ്.