Initiative | കാസർകോട്ട് സ്‌കൂളുകളിൽ ഇ-മാലിന്യം നിർമാർജനത്തിന് പുതിയ സംവിധാനം; പരിസ്ഥിതി സൗഹൃദമായ പരിഹാരം
![Kasaragod Schools Get New E-waste Management System](https://www.kasargodvartha.com/static/c1e/client/114096/uploaded/15fc6a8283d190f048a8da7c03641270.jpg?width=823&height=463&resizemode=4)
● ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.
● വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് കൈമാറാം
● 41 കളക്ഷൻ പോയിന്റുകൾ
കാസർകോട്: (KasargodVartha) ജില്ലയിലെ സ്‌കൂളുകളിൽ ഇ-മാലിന്യം നിർമാർജനം ചെയ്യുന്നതിനായി കൈറ്റ് പുത്തൻ സംവിധാനം ഒരുക്കി. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നവകേരള മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിത വിദ്യാലയം ഇ-വേസ്റ്റ് നിർമാർജന ക്യാമ്പയിന് വേണ്ടിയാണ് 'ഇ വെയ്സ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഡിസ്പോസല്‍ സിസ്റ്റം' അവതരിപ്പിച്ചത്.
സ്‌കൂളുകൾക്ക് ഇ-പോർട്ടലിൽ തങ്ങളുടെ പഞ്ചായത്ത് സെലക്ട് ചെയ്ത് ഇ-വേസ്റ്റായ സാമഗ്രികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. ഓരോ ഉപകരണത്തിന്റെയും സ്റ്റോക്ക് രജിസ്റ്ററിലെ പേജ് നമ്പർ, സീരിയൽ നമ്പർ, ഏകദേശ തൂക്കം എന്നിവയും രേഖപ്പെടുത്താനുള്ള സൗകര്യം പോർട്ടലിൽ ഉണ്ട്.
കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ജനറേറ്റർ, യു.പി.എസ്, പ്രൊജക്ടർ, ക്യാമറ, സ്പീക്കർ, സൗണ്ട് സിസ്റ്റം, ടിവി, റേഡിയോ തുടങ്ങിയ ഉപയോഗശൂന്യമായ ഉപകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരമുള്ള സ്‌കൂൾ തല സമിതി പരിശോധിച്ച് ഇ-വേസ്റ്റ് ആണെന്ന് ഉറപ്പാക്കിയ ശേഷം പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യാം.
ജില്ലയിലെ ഓരോ പഞ്ചായത്തിലും ക്രമീകരിച്ച കളക്ഷൻ പോയിന്റിലേക്ക് നിശ്ചിത ദിവസം പോർട്ടലിൽ ഉൾപ്പെടുത്തിയ ഇ-വേസ്റ്റുകൾ എത്തിക്കേണ്ടതാണ്. അന്നുതന്നെ ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. കൈമാറിയ തൂക്കത്തിനനുസരിച്ചുള്ള റസീപ്റ്റ് ക്ലീൻ കേരള കമ്പനി സ്‌കൂളുകൾക്ക് നൽകും. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 41 കളക്ഷൻ പോയിന്റുകൾ ഉണ്ടായിരിക്കും. ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ഹരിത വിദ്യാലയം എന്ന പദവിയിലേക്കുയരാൻ ഈ സൗകര്യം ഉപയോഗപ്രദമാകും.
#ewastemanagement #kasargod #kerala #education #sustainability #greeninitiatives