city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത്തവണത്തെ പെരുന്നാള്‍ വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്

കാസര്‍കോട്: (www.kasargodvartha.com 14.05.2020) കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ പെരുന്നാള്‍ വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ജമാഅത്ത് ഭാരവാഹികള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കോവിഡിനു മുന്നില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുകയാണ്. മാനുഷികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയെയാണ് മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരുപാതിരാത്രിയില്‍ അടച്ചുപൂട്ടപ്പെട്ട നമ്മുടെ ജീവിതത്തെ മുന്നോട്ടുനയിക്കാന്‍ ഒരുപാട് പ്രയാസങ്ങള്‍ ഉണ്ട്. ആ പ്രയാസങ്ങള്‍ ഒരു പക്ഷെ നമുക്ക് സഹിക്കാന്‍ കഴിഞ്ഞേക്കും. റമദാനില്‍ പ്രാര്‍ത്ഥനയും കീര്‍ത്തനവും ഖുര്‍ആന്‍ പാരായണവും ഇഅ്ത്തികാഫും ജമാഅത്ത് നമസ്‌കാരവും തറാവീഹുമായി പള്ളികളില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളില്‍ ഒതുങ്ങിയിരിക്കേണ്ട അസാധാരണമായ അവസ്ഥയാണുണ്ടായത്.

അതുപോലെ പെരുന്നാളും വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണം. ആര്‍ഭാടം, ദുര്‍വ്യയം, മറ്റുള്ളവരുടെ ആക്ഷേപവും വിമര്‍ശനവും ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയും പെരുമാറ്റവും വിശ്വാസികള്‍ ഒഴിവാക്കിയേ മതിയാകൂ. പെരുന്നാളാഘോഷത്തിന്റെ പേരില്‍ പിഞ്ചുകുട്ടികളെയും കൂട്ടി സ്ത്രീകള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. പള്ളികള്‍ അടച്ചിടാന്‍ നാം നിര്‍ബന്ധിതരായി. പള്ളികളിലെ ആരാധനാകര്‍മ്മങ്ങളെക്കാള്‍ വലുതല്ല ആര്‍ഭാടപൂര്‍വ്വമുള്ള പെരുന്നാളെന്നും ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്കായല്ലാതെ ആരും പുറത്തിറങ്ങരുത്. കോവിഡ് 19 വ്യാപനകാര്യത്തില്‍ ലോകത്ത് നേരിയ കുറവ് രേഖപ്പെടുത്തുമ്പോള്‍ അനുദിനം ഭയാനകമായ സ്ഥിതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ലോകത്താകെ 38 ലക്ഷത്തോളം രോഗികളും മൂന്നു ലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒന്നരമാസം നീണ്ട ലോക് ഡൗണിനു ശേഷവും രോഗികളുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് ഇന്ത്യ കുതിച്ചു കൊണ്ടിരിക്കുന്നു. രോഗവ്യാപനം ഒരു പരിധിവരെ തടയാനും പ്രതിരോധനടപടികളിലൂടെ ഫലപ്രദമായി മുന്നേറാനും രാജ്യത്തിന് വിശേഷിച്ച് കേരളത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് 19 ഇപ്പോഴും എല്ലാവരെയും ആശങ്കപ്പെടുത്തുകയാണ്.

രാജ്യവ്യാപക അടച്ചിടല്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വളരെ വേഗം ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ചിന്തയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടോ എന്നറിയാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. റംദാന്‍ വ്രതാനുഷ്ടാനത്തിന്റെ നാളുകളില്‍ പള്ളികളില്‍പോലും പോകാന്‍ കഴിയാത്ത നമുക്ക് പെരുന്നാളിനെന്തിനാണ് ആര്‍ഭാടമെന്ന് ഭാരവാഹികള്‍ ചോദിച്ചു.
ഇത്തവണത്തെ പെരുന്നാള്‍ വീടുകളില്‍ തന്നെ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്

ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം മറന്നുപ്രവര്‍ത്തിച്ചാല്‍ വൈറസിന്റെ വ്യാപനത്തിനു അറിഞ്ഞുകൊണ്ട് വഴിയൊരുക്കലായിരിക്കും അത്. സംയമനമില്ലാതെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നമ്മുടെ നാട്ടില്‍ കോവിഡ് ഇതുവരെ കരുതിയതിലും തീവ്രമാകുമെന്ന് ഓര്‍ക്കണം. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചൈയ്യാനുള്ളതല്ല. നിബന്ധനകള്‍ ലംഘിച്ചു രോഗം പടരുന്ന സ്ഥിതി വീണ്ടും വന്നാല്‍ നാം വലിയ വില കൊടുക്കേണ്ടിവരും. മികച്ച അച്ചടക്കമുള്ള, ജാഗ്രത പുലര്‍ത്തുന്ന സമൂഹമാണ് നാമെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. നമ്മള്‍ വഴി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലെന്നും ആരാലും പരിഹസിക്കപ്പെടുന്നവരായി നാം മാറരുതെന്നും വിവിധ സംയുക്ത ജമാഅത്ത് ഭാരവാഹികളായ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, എന്‍ എ അബൂബക്കര്‍ ഹാജി (കാസര്‍കോട്), മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പാലക്കി കുഞ്ഞമ്മദ് ഹാജി (കാഞ്ഞങ്ങാട്), ഡോ. എന്‍ എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ മൊയ്തീന്‍ കുട്ടി ഹാജി (കിഴൂര്‍), ജി എസ് അബ്ദുല്‍ ഹമീദ് ഹാജി, എസ് സി കുഞ്ഞമ്മദ് ഹാജി, ടി സി കുഞ്ഞബ്ദുല്ല (തൃക്കരിപ്പൂര്‍), ബഷീര്‍ എഞ്ചിനീയര്‍, കെ എം അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (പള്ളിക്കര), ഐ കെ അബ്ദുല്ലക്കുഞ്ഞി, സയ്യദ് ഹാദി തങ്ങള്‍, വി പി അബ്ദുല്‍ ഖാദിര്‍ (കുമ്പള), അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ മൗലവി, ടി എ മൂസ (മംഗലപ്പാടി), സയ്യദ് അത്താഉല്ല തങ്ങള്‍, ഇബ്രാഹിം ഉമര്‍ ഹാജി, കെ എ ഇബ്രാഹിം ഹാജി (മഞ്ചേശ്വരം) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.


Keywords: Kasaragod, Kerala, COVID-19, News, Eid, Samyuktha-Jamaath, Kasaragod Samyuktha Jamaath about this Eid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia