Rotary Club | കാസർകോട് റോടറി ക്ലബ് 3 വീടുകൾ നിർമിച്ച് നൽകും; പുതിയ ഭാരവാഹികൾ ജൂലൈ 9ന് ചുമതലയേൽക്കും
നേതൃമാറ്റ ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥി ആയിരിക്കും
കാസർകോട്: (KasaragodVartha) ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന അടുത്ത റോടറി വർഷത്തിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് മൂന്ന് വീടുകൾ നിർമിച്ചു നൽകാൻ തീരുമാനിച്ചതായി നിയുക്ത പ്രസിഡണ്ട് ഡോ. ബി നാരായണ നായക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ കാസർകോട് നഗരസഭയുമായി സഹകരിച്ചുകൊണ്ട് കോളനികളിൽ കുടിവെള്ള പദ്ധതി, സ്കൂൾ കുട്ടികളുടെ നേത്ര, ദന്ത ആരോഗ്യപരിപാലനത്തിനുള്ള കാംപുകൾ സംഘടിപ്പിച്ച് അവർക്ക് ഹെൽത് കാർഡുകൾ വിതരണം ചെയ്യും.
പെൺകുട്ടികൾക്കായി പ്രത്യേക ആരോഗ്യപരിപാലന ബോധവൽക്കരണ ക്ലാസുകളും ഉപകരണങ്ങളും വിതരണം ചെയ്യും. ആരോഗ്യരംഗത്ത് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് കിഡ്നി കെയർ പദ്ധതിയും നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും മിയാവാക്കി ഫോറസ്റ്റ് പദ്ധതി, പ്രഥമ ശുശ്രൂഷ പരിശീലനം, ലോക സമാധാനത്തിനായുള്ള പൊതു പരിപാടികൾ, അമ്മയ്ക്കും കുഞ്ഞിനുമായുള്ള ആരോഗ്യ പരിപാലന പദ്ധതികൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷക്കും ഉതകുന്ന തരത്തിലുള്ള വിവിധ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകും.
ജൂലൈ ഒമ്പതിന് വൈകുന്നേരം 7.30ന് റോടറി ഭവനിൽ വച്ച് നടക്കുന്ന നേതൃമാറ്റ ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥി ആയിരിക്കും. സോണൽ കോഡിനേറ്റർ എം കെ രാധാകൃഷ്ണൻ, അസിസ്റ്റൻറ് ഗവർണർ കെ വി ഹരീഷ്, ഗവർണേഴ്‌സ് ഗ്രൂപ് റെപ്രസെന്ററ്റീവ് ഡോ. ജനാർധനൻ നായക് സി എച് ,സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഗൗതം ഭക്ത, സെക്രടറി ശ്രീജേഷ്, നിയുക്ത സെക്രടറി കെ ഹരിപ്രസാദ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ കെ ഹരിപ്രസാദ്, എം കെ രാധാകൃഷ്ണൻ, എം ടി ദിനേശ്, ആർ പ്രശാന്ത് കുമാർ എന്നിവരും സംബന്ധിച്ചു.