Protest | നുള്ളിപ്പാടിയിൽ അടിപ്പാത ആവശ്യപ്പെട്ട് നവംബർ 12 ന് കലക്ടറേറ്റ് മാർച്ച്
● സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം
● നഗരസഭയിലെ ഒരേയൊരു വാതക ശ്മശാനം ഉപയോഗിക്കാൻ കയാത്ത ഴിസ്ഥിതി
● വിദ്യാർത്ഥികൾക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം സ്കൂളിലെത്താൻ
കാസർകോട്: (KasargodVartha) നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12 ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024 ജനുവരി 11 ന് തുടങ്ങിയ സമരം പലഘട്ടങ്ങളിലായി നടന്നിരുന്നു. സമര സമിതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്നത്.
നാടിനെ രണ്ടായി വിഭജിച്ച് കൊണ്ടുള്ള ദേശീയപാത നിർമ്മാണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. നഗരസഭയിലെ ഒരേയൊരു വാതക ശ്മശാനം പ്രദേശത്തുകാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വിധമാകും. നഗരത്തിലെത്താന്‍ ഓട്ടോറിക്ഷയ്ക്ക് നൂറും നൂറ്റമ്പതും ചെലവാക്കേണ്ട സ്ഥിതിയാണ്. സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ ഇപ്പോൾ 100 രൂപ ഓട്ടോറിക്ഷ ചാര്‍ജ് നൽകിയാലേ വീട്ടിലെത്തൂ.
ആരാധനാലയങ്ങള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സ്ഥിതിയിലാണ്. ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടും. ആശുപത്രികളും, വ്യാപാര സ്ഥാപനങ്ങളും ഒറ്റപ്പെടും. വിദ്യാർത്ഥികൾക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം സ്കൂളിലെത്താനെന്നും ഭാരവാഹികൾ പറഞ്ഞു.
പലഘട്ടങ്ങളിലും കലക്ടറേയും അധികാരികളെയും ബന്ധപ്പെട്ട് പരാതി നൽകിയിട്ടും തീരുമാനമാകാതെ വന്നപ്പോഴാണ് നുള്ളിപ്പാടിയിലെ മുഴുവൻ ബഹുജനങ്ങളെയും അണിനിരത്തി കലക്ടറേറ്റ് മാർച്ചുമായി സമരസമിതി മുന്നോട്ട് പോകുന്നത്. അടിപ്പാതയുടെ കാര്യത്തിൽ തീരുമാനമാകും വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് സമരസമിതിയുടെ തീരുമാനം.
വാർത്താസമ്മേളനത്തിൽ പി രമേശ്, അനില്‍ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണി, നഗരസഭ കൗണ്‍സിലര്‍മാരായ എം ലളിത, കെ ശാരദ എന്നിവർ പങ്കെടുത്തു.
#KasaragodProtest #Underpass #Nullipadi #KeralaNews #Government #Demand