കലക്ടറുടെ അറിയിപ്പ്: കാസർകോട് ചുവപ്പ് ജാഗ്രത, 7 സ്ഥലങ്ങളിൽ സൈറൺ മുന്നറിയിപ്പ്

● കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
● വെള്ളരിക്കുണ്ട് താലൂക്കിലും സൈറൺ.
● പുല്ലൂർ, കുമ്പള എന്നിവിടങ്ങളിൽ മുന്നറിയിപ്പ്.
● ഉദുമയിലെ ഇൻസ്റ്റിറ്റ്യൂട്ടിലും സൈറൺ.
കാസർകോട്: (KasargodVartha) കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ, ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക്, പുല്ലൂർ, കുമ്പള, കുഡ്‌ലു, ജി.എഫ്.വി.എച്ച്.എസ്.എസ്. ചെറുവത്തൂർ, ജി.എഫ്.യു.പി.എസ്. അടുക്കത്ത്ബയൽ, ഗവൺമെൻ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൈറൺ മുഴക്കുക.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാലവർഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് വരുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.
കാലവർഷവുമായി ബന്ധപ്പെട്ട് ഹൈവേയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളുടെ കണ്ടിൻജൻസി പ്ലാൻ (അടിയന്തര സാഹചര്യ പദ്ധതി) തയ്യാറാക്കും. ദുരന്ത സാധ്യത തടയാൻ അടിയന്തര നിർമ്മാണം നടത്തേണ്ട മേഖലകൾ, കാലവർഷത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ, ദുരന്ത സാഹചര്യങ്ങൾ തടയാനുള്ള നടപടികൾ, ഗതാഗതം തിരിച്ചുവിടേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികൾ, അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ, ക്യാമ്പുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതായിരിക്കും കണ്ടിൻജൻസി പ്ലാൻ.
അടിയന്തര ദുരന്ത സാഹചര്യം നേരിടുന്നതിനുള്ള രേഖ ബുധനാഴ്ച (21.05.2025) വൈകിട്ട് മൂന്നുമണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ അവതരിപ്പിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കറന്തക്കാട് മരംപൊട്ടി ഇലക്ട്രിക് പോസ്റ്റിലും റോഡിലേക്കും വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചെർക്കള ബദിയടുക്ക റോഡിലും അകേഷ്യാ മരം പൊട്ടിവീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് സമീപം സ്വകാര്യ ബസ് ദേശീയപാതാ പാർശ്വഭിത്തിക്ക് അരികിൽ കുഴിയിൽ വീണ് അപകടത്തിൽ പെട്ടിരുന്നു. കാഞ്ഞങ്ങാട് മാവുങ്കാൽ ചെമ്മട്ടംവയൽ ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞ് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് കൂടാതെ കാലിക്കടവ് ദേശീയപാതയിലെ സർവീസ് റോഡിൽ പഞ്ചായത്ത് മൈതാനിക്ക് സമീപം വലിയ രീതിയിലുള്ള വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. കാസർകോട് ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് പിൻവലിച്ച് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വലിയ രീതിയിലുള്ള ജാഗ്രതാ നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെ റെഡ് അലർട്ട് മുന്നറിയിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത മറ്റുള്ളവരുമായി പങ്കിടുക.
Article Summary: A Red Alert has been declared in Kasaragod district by the Central Meteorological Department. Warning sirens will sound at seven locations today at 5 PM, as announced by the District Collector.
#Kasaragod #RedAlert #KeralaRains #WeatherAlert #DisasterPreparedness #CycloneWarning