city-gold-ad-for-blogger

കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം പൂർത്തിയായി! മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു; ‘ഈ വികസനത്തിന് പിന്നിലെ യഥാർത്ഥ നായകൻ ഇദ്ദേഹമാണ്’!.

Newly renovated wide road at Kasaragod railway station during inauguration.
Photo: Special Arrangement

● റോഡ് വികസനത്തിനായി നിസ്വാർത്ഥ സേവനം കാഴ്ചവെച്ച മുൻ നഗരസഭ അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ രാജ് മോഹൻ ഉണ്ണിത്താൻ എംപി ആദരിച്ചു.
● സ്ഥലമെടുപ്പിനായി കെട്ടിട ഉടമകളെ അനുനയിപ്പിക്കുന്നതിലും നിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നതിലും മുഹമ്മദ് കുഞ്ഞി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
● കോമ്പൻസേഷൻ പാക്കേജുകൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ഇടപെടലിൽ ഉടമകൾ സ്വമേധയാ സ്ഥലം വിട്ടുനൽകി.
● തായലങ്ങാടിയിൽ നടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
● കാസർകോടിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ റോഡ് നവീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട്: (KasargodVartha) നവീകരണ പ്രവൃത്തികൾ പൂർത്തിയായ കാസർകോട് റെയിൽവേ സ്റ്റേഷൻ–കറന്തക്കാട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 2026 ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. കാസർകോട് നഗരത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ റോഡ് നവീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തായലങ്ങാടിയിൽ നടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ റോഡ് വികസനത്തിന് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ചവച്ച മുൻ നഗരസഭ അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ രാജ് മോഹൻ ഉണ്ണിത്താൻ എംപി ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ്, സിപിഎം നേതാവ് കെ എ മുഹമ്മദ് ഹനീഫ് ,മുൻ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

പൊതുമരാമത്ത് വിഭാഗം സൂപ്പർവൈസിംഗ് എഞ്ചിനീയർ മിനി പി.കെ സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.

മുഹമ്മദ് കുഞ്ഞി തായലങ്ങാടി: വികസനത്തിന് പിന്നിലെ ചാലകശക്തി

റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം യാഥാർത്ഥ്യമാക്കുന്നതിൽ മുൻ കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി വഹിച്ച പങ്ക് വാക്കുകൾക്ക് അപ്പുറമാണെന്ന് മുൻ നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ സാക്ഷ്യപ്പെടുത്തുന്നു. ട്രാഫിക് ജംഗ്ഷൻ മുതൽ ക്ലോക്ക് ടവർ വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് കെട്ടിട ഉടമകളുമായി ചർച്ച നടത്താനും അവരെ അനുനയിപ്പിക്കാനും മുഹമ്മദ് കുഞ്ഞി നടത്തിയ ചടുലമായ നീക്കങ്ങളാണ് ഫലം കണ്ടത്. കോമ്പൻസേഷൻ പാക്കേജുകൾ ഇല്ലാതിരുന്നിട്ടും സ്ഥലം സ്വമേധയാ വിട്ടുനൽകാൻ ഉടമകൾ തയ്യാറായത് അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലമായിരുന്നു. 

തൊഴിലാളികൾക്കൊപ്പം അദ്ധ്വാനിച്ച ജനപ്രതിനിധി

വെറുമൊരു കൗൺസിലറായി സ്റ്റേജുകളിൽ ഇരിക്കാനല്ല മുഹമ്മദ് കുഞ്ഞി ഇഷ്ടപ്പെട്ടതെന്ന് മുനീർ ഓർക്കുന്നു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ ഒരു സൂപ്പർവൈസറെപ്പോലെ അദ്ദേഹം സൈറ്റിലുണ്ടായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനും നിർമ്മാണ പ്രവൃത്തികളിലും തൊഴിലാളികൾക്കൊപ്പം കൈ സഹായവുമായി അദ്ദേഹം പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങളുടെ പേരിൽ പലപ്പോഴും വിമർശനങ്ങളും തെറികളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും നാടിന്റെ വികസനത്തിനായി അദ്ദേഹം ഉറച്ചുനിന്നു.

സാധാരണക്കാർക്കൊപ്പം നിലയുറപ്പിച്ച വ്യക്തി

റോഡിലെ ഹാൻഡ്രെയിലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോൾ അധികൃതർക്കെതിരെ ഉറച്ച നിലപാടെടുക്കാൻ മുഹമ്മദ് കുഞ്ഞിക്ക് മടിയുണ്ടായിരുന്നില്ല. വർഷങ്ങളായി അവിടെ ഓട്ടോ സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന തൊഴിലാളികൾക്കൊപ്പം നിന്ന അദ്ദേഹം, ഹാൻഡ്രെയിൽ മാറ്റാൻ അധികൃതർ തയ്യാറാകാത്തപ്പോൾ അത് ബലം പ്രയോഗിച്ചു നീക്കാനും മുൻകൈ എടുത്തു. മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ ഉന്നത പദവികൾ വഹിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ ഒരാളായി ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ജനറൽ ആശുപത്രി മോർച്ചറി പരിസരത്തും അനാഥ മൃതദേഹങ്ങളുടെ സംസ്കാരം നടക്കുമ്പോഴും നാട്യങ്ങളില്ലാത്ത ഈ സാധാരണക്കാരനെ എപ്പോഴും കാണാൻ കഴിയും. കാസർകോടിന്റെ സാമൂഹിക സേവന രംഗത്ത് മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്ന പേര് സ്വർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടതാണെന്നും മുനീർ കൂട്ടിച്ചേർക്കുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മുനീറിൻ്റെ കുറിപ്പ് ഇങ്ങനെ:

മുഹമ്മദ് കുഞ്ഞി തായലങ്ങാടി ആദരിക്കപ്പെടുമ്പോൾ...

റോഡ് നവീകരണത്തിലെ സജീവ സാന്നിധ്യം

അർഹതയുള്ളവർക്ക് അംഗീകാരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കാസർകോട് ട്രാഫിക് ജംഗ്ഷൻ മുതൽ ക്ലോക്ക് ടവർ വരെയുള്ള റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തിയിരുന്നു. അതിന്റെ തുടക്കം മുതൽ പണി തീരുന്നതുവരെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് മുഹമ്മദ് കുഞ്ഞിയായിരുന്നു.

ഈ വിനീതൻ ചെയർമാനായിരുന്ന സമയത്ത് ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ ചേർന്നിരുന്നു. സ്ഥലമെടുപ്പ് നഗരസഭയുടെ ചുമതലയെന്ന നിലയിൽ രണ്ട് യോഗങ്ങൾ അതുമായി ബന്ധപ്പെട്ടായിരുന്നു. കെട്ടിട ഉടമകളെ യോഗത്തിനെത്തിക്കാനും അവരുമായി ഈ പ്രവൃത്തിയെക്കുറിച്ച് സംസാരിക്കാനും ചടുലമായ പ്രവർത്തനമാണ് മുഹമ്മദ് കുഞ്ഞി നടത്തിയത്. കോമ്പൻസേഷൻ പദ്ധതിയല്ലാത്തതുകൊണ്ട് കെട്ടിട ഉടമകൾ സ്വമേധയാ നൽകുന്ന സ്ഥലം മാത്രമേ നമുക്ക് കിട്ടുമായിരുന്നുള്ളൂ. പരമാവധി സ്ഥലം ലഭ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കാൻ മുഹമ്മദ് കുഞ്ഞി ശ്രമം നടത്തിയിരുന്നു.

വിമർശനങ്ങളെ കൂസാത്ത ഒറ്റയാൻ

എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന പൊതുപ്രവർത്തകനോ കൗൺസിലറോ ആയിരുന്നില്ല മുഹമ്മദ് കുഞ്ഞി. റോഡിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത് മുതൽ ഒരു സൂപ്പർവൈസറെപ്പോലെ നോക്കുകയും തൊഴിലാളികളെ ജോലിയിൽ സഹായിക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന സമയങ്ങളിലും ഒരു കൈ സഹായം അദ്ദേഹത്തിന്റേതായിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെ കിട്ടിയ പ്രതിഫലമെന്ന് പറയുന്നത് ഒരുപക്ഷേ കൂടുതലും വിമർശനങ്ങളും തെറികളുമായിരിക്കാം.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ എന്ന് പറയുന്നതുപോലെ മുഹമ്മദ് കുഞ്ഞി കൊണ്ട കല്ലേറുകൾക്ക് കണക്കുണ്ടാവില്ല. എന്നാലും തന്റേതായ ശരികളിലൂടെ ഒറ്റയാനായി നടക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. റോഡിൽ ഹാൻഡ്‌റെയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അദ്ദേഹം അവിടെ വർഷങ്ങളായി ഓട്ടോ സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന തൊഴിലാളികൾക്കൊപ്പമായിരുന്നു. അധികൃതർ ഹാൻഡ്‌റെയിൽ മാറ്റാതെ വന്നപ്പോൾ ബലം പ്രയോഗിച്ച് മാറ്റാനും അദ്ദേഹം മടി കാണിച്ചില്ല.

പദവികൾ മോഹിക്കാത്ത പാർട്ടി പ്രവർത്തകൻ

മുസ്ലിം ലീഗ് പാർട്ടിയിലെ സഹപ്രവർത്തകരായിരുന്നു ഞങ്ങൾ. മുനിസിപ്പൽ യൂത്ത് ലീഗിൽ മുഹമ്മദ് കുഞ്ഞിയുടെ കൂടെ ഖജാഞ്ചിയായും ജനറൽ സെക്രട്ടറിയായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറിമാരായിരുന്നു. ഞാൻ പ്രസിഡന്റും അദ്ദേഹം ഖജാഞ്ചിയായും മുനിസിപ്പൽ മുസ്ലിം ലീഗിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2020- 2025 കാലത്ത് ഒരുമിച്ച് നഗരസഭാ ഭരണസമിതിയിലുണ്ടായിരുന്നു. സംഘടനാ തലത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുമ്പോഴും അദ്ദേഹം സ്വയം പ്രാഞ്ചി വേഷം കെട്ടാൻ തയ്യാറായിരുന്നില്ല. കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ജാഥയുടെ പിന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കാനും അദ്ദേഹമുണ്ടാകും. അപൂർവ്വമായി മാത്രമേ സ്റ്റേജിൽ പോലും ഇരിക്കാറുള്ളൂ. തന്റെ മുന്നിലേക്ക് വന്ന പല പദവികളെയും തട്ടിമാറ്റി വാർഡിലും മുനിസിപ്പാലിറ്റിയിലും ഭാരവാഹിയായും സാധാരണ കൗൺസിലറായും നിൽക്കാനാണ് മുഹമ്മദ് കുഞ്ഞി ഇഷ്ടപ്പെട്ടിരുന്നത്.

നാട്യങ്ങളില്ലാത്ത സാധാരണക്കാരൻ

പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും ഏറെ വിലമതിക്കപ്പെടുന്ന പ്രവർത്തനമാണ് അദ്ദേഹത്തിന്റേത്. ഒരു സന്തതസഹചാരിയെപ്പോലെ ജനറൽ ആശുപത്രി മോർച്ചറി പരിസരത്തും അനാഥ മയ്യത്തുകളുടെ കൂടെയും തായലങ്ങാടി പള്ളിയിലെ ഖബർസ്ഥാനിലും മുഹമ്മദ് കുഞ്ഞിയെ നമുക്ക് കാണാൻ കഴിയും, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരനായി.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഈ വാർത്ത പങ്കുവെക്കുമല്ലോ. ഇത്തരം വാർത്തകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: The renovated Kasaragod Railway Station-Karanthakkad road was inaugurated by CM Pinarayi Vijayan, with former Chairman Adv. V.M. Muneer is highlighting Ex-Councillor Mohd Kunhi's selfless contributions to the project.

#KasaragodNews #RoadInauguration #MohdKunhiThayalangadi #SocialService #VMMuneer #RailwayStationRoad #KeralaDevelopment #PublicService

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia