യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ യാഥാർഥ്യത്തിലേക്ക്; കാസർകോട് റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പുരോഗമിക്കുന്നു; എസ്കലേറ്ററും അടിയന്തര ചികിത്സാ മുറിയും ഒരുങ്ങുന്നു
● ഹൃദയാഘാതം പോലുള്ള ഘട്ടങ്ങളിൽ ചികിത്സ നൽകാൻ യേനപോയ സർവകലാശാലയുടെ 'യേൻകെയർ’ അടിയന്തര ചികിത്സാ മുറി ഒരുങ്ങുന്നു
● മംഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകളിലും സമാനമായ യേൻകെയർ ചികിത്സാ മുറികൾ ഒരുക്കുന്നുണ്ട്
● എസ്കലേറ്റർ മറുഭാഗത്തും സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ അസോസിയേഷൻ കൺവീനർ നിസാർ പെരുവാട് ആവശ്യപ്പെട്ടു
● സൗകര്യങ്ങൾ സമയബന്ധിതമായി തുറന്നുകൊടുക്കണമെന്ന് റെയിൽവേ സ്റ്റേഷൻ ഉപദേശക സമിതി അംഗം ഫാറൂഖ് കാസ്മി
കാസർകോട്: (KasargodVartha) കാസർകോട് റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഇതോടൊപ്പം അടിയന്തര ചികിത്സാ മുറി ആരംഭിക്കുന്നതിനുള്ള നടപടികളും റെയിൽവേ അധികൃതർ ആരംഭിച്ചു. വന്ദേഭാരത് ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള കാസർകോട് സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾ നിർണായകമാണ്.
50 കോടിയുടെ സമഗ്ര നവീകരണം
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര നവീകരണമാണ് നടക്കുന്നത്. 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ നടപ്പാക്കുന്നത്. മേൽപാലത്തിൽ 4.16 കോടി രൂപ ചെലവിലാണ് എസ്കലേറ്റർ സ്ഥാപിക്കുന്നത്. ഇതിൻ്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായതായി പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചിരുന്നു. എസ്കലേറ്റർ സ്ഥാപിക്കുന്ന കമ്പനിയാണ് ഇപ്പോൾ യന്ത്രഭാഗങ്ങൾ ഘടിപ്പിക്കുന്നത്. പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2023 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് തറക്കല്ലിട്ടത്.

യാത്രക്കാരുടെ സഞ്ചാരത്തിനായി പ്ലാറ്റ്‌ഫോം ഒന്നിനെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന രണ്ട് മേൽപാലങ്ങളിലായി ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഒരു ജോടി ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള വീതി കുറഞ്ഞ മേൽപാലം പൊളിച്ച് കൂടുതൽ വീതിയുള്ള മേൽപ്പാലം നിർമിക്കുന്നതിനാൽ മറ്റൊരു ജോടി ലിഫ്റ്റുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. പുതിയ മേൽപാലത്തിൻ്റെ നിർമാണം പൂർത്തിയായാൽ നിലവിലെ ലിഫ്റ്റുകൾ മാറ്റും.
യേൻകെയർ അടിയന്തര ചികിത്സാ മുറി
മംഗളൂരിൽ പ്രവർത്തിക്കുന്ന യേനപോയ സർവകലാശാലയുമായി (യേനപോയ മെഡിക്കൽ കോളജ് ആശുപത്രി) സഹകരിച്ചാണ് അടിയന്തര ചികിത്സാ മുറി ഒരുക്കുന്നത്. യേനപോയ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ 'യേൻകെയർ’ അടിയന്തര ചികിത്സാ മുറിയാണ് കാസർകോട് സ്റ്റേഷനിൽ ഒരുക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ഹൃദയാഘാതം പോലെയുള്ള സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഗോൾഡൻ അവറിൽ ജീവൻരക്ഷാ ചികിത്സ നൽകാൻ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണ്.
മംഗളൂരു സെൻട്രൽ, ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിലും സമാനമായ ചികിത്സാ മുറികൾ സ്ഥാപിക്കുന്നുണ്ട്.

യാത്രക്കാരുടെ ആശങ്കകളും ആവശ്യങ്ങളും
എസ്കലേറ്റർ പ്ലാറ്റ്‌ഫോം ഒന്നിൻ്റെ ഭാഗത്ത് മാത്രമാണ് സ്ഥാപിക്കുന്നത്. മേൽപാലത്തിൻ്റെ മറുഭാഗത്തും എസ്കലേറ്റർ ഉണ്ടായിരുന്നെങ്കിൽ യാത്രക്കാർക്ക് പ്രയോജനകരമാകുമായിരുന്നുവെന്ന് കാസർകോട് ജില്ലാ റെയിൽവേ യാത്രക്കാരുടെ അസോസിയേഷൻ കൺവീനർ നിസാർ പെരുവാട് പറഞ്ഞു. കണ്ണൂർ, പയ്യന്നൂർ സ്റ്റേഷനുകളിലും ഒരു ഭാഗത്ത് മാത്രമാണ് എസ്കലേറ്ററുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റേഷനിലെ സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാണ് പൊതുവായ ആവശ്യം. എസ്കലേറ്റർ, ലിഫ്റ്റ്, അടിയന്തര ചികിത്സാ മുറി തുടങ്ങിയ സൗകര്യങ്ങൾ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്നും, സമയബന്ധിതമായി തുറന്നുകൊടുക്കണമെന്നും റെയിൽവേ സ്റ്റേഷൻ ഉപദേശക സമിതി അംഗം ഫാറൂഖ് കാസ്മി ആവശ്യപ്പെട്ടു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod railway station gets new escalator and Yenecare emergency room.
#KasargodVartha #KasaragodRailwayStation #AmritBharatStation #KeralaRailways #KasaragodNews #InfrastructureDevelopment #MalayalamNews #RenuNews






