Crackdown | കാസർകോട് നഗരത്തിൽ റോഡരികിലെ അനധികൃത സ്ഥാപനങ്ങൾക്കും തട്ടുകടകൾക്കുമെതിരെ വമ്പൻ നടപടിയുമായി പൊതുമരാമത്ത് വിഭാഗം; നോടീസ് പതിച്ചുതുടങ്ങി
● റോഡരികിലെ അനധികൃത നിർമാണങ്ങൾ പൊളിക്കണമെന്ന് നിർദേശം
● ഏഴ് ദിവസത്തിനകം പൊളിച്ചുനീക്കണം
● ഇല്ലെങ്കിൽ കേരള ഹൈവേ നിയമം പ്രകാരം നടപടി സ്വീകരിക്കും
കാസർകോട്: (KasargodVartha) നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിൽ അനധികൃതമായി നടത്തിവരുന്ന സ്ഥാപനങ്ങൾക്കും തട്ടുകടകൾക്കുമെതിരെ അധികൃതർ നടപടി തുടങ്ങി. റോഡരികിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്നതും സ്ഥാപിച്ചതുമായ സ്ഥാപനങ്ങൾക്കും പെട്ടിക്കടകൾക്കുമെതിരെയാണ് നടപടി തുടങ്ങിയിരിക്കുന്നത്.
അനധികൃത സ്ഥാപനങ്ങൾക്കെതിരെ ആദ്യനടപടിയെന്നോണം പി ഡബ്ള്യു ഡി അസിസ്റ്റന്റ് എൻജിനീയർ നോടീസ് പതിക്കുകയാണ് ചെയ്യുന്നത്. നോടീസ് കൈപറ്റി ഏഴ് ദിവസത്തിനകം അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നും അല്ലാത്ത പക്ഷം കേരള ഹൈവേ നിയമം (വകുപ്പ് നാല്) പ്രകാരം നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
പി ഡബ്ള്യു ഡിയുടെ പല റോഡുകളും കയ്യേറി അനധികൃത സ്ഥാപനങ്ങളും പെട്ടിക്കടകളും മറ്റ് അനധികൃത നിർമാണങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി തുടങ്ങിയിരിക്കുന്നത്. എംജി റോഡിൽ നിന്ന് തുടങ്ങി പുലിക്കുന്ന് ടി ബി റോഡിലാണ് തുടക്കത്തിൽ നോടീസ് നൽകിയിരിക്കുന്നത്.
വഴി യാത്രപോലും തടസപ്പെടുത്തിക്കൊണ്ടാണ് തട്ടുകടകളും മറ്റും പ്രവർത്തിച്ച് വരുന്നതെന്നാണ് ആക്ഷേപം. നഗരസഭ ഓഫീസിനടുക്കൽ വരെ ഇത്തരം സ്ഥാപനങ്ങൾ എത്തിയെന്നാണ് പരാതി. മുളച്ചുപൊങ്ങുന്ന ഇത്തരം കയ്യേറ്റങ്ങൾ തുടക്കത്തിൽ തന്നെ തടയുക എന്ന ലക്ഷ്യത്തോടോടെയാണ് മുന്നറിയിപ്പ് നോടീസ് പതിക്കാൻ തുടങ്ങിയത്.
#Kasaragod #Kerala #municipality #roadsidevendors #citydevelopment #publicinfrastructure