Protest | 'സമാന്തര തട്ടുകടകൾ കച്ചവടത്തെ ബാധിക്കുന്നു', ജൂലൈ 9ന് കാസർകോട്ട് ഹോടെലുകൾ അടച്ചിട്ട് പ്രതിഷേധം
കാസർകോട്: (KasaragodVartha) സമാന്തര തട്ടുകടകൾ വർധിക്കുന്നതിലും സാധനങ്ങളുടെ വിലവർധനവിലും പ്രതിഷേധിച്ച് ജൂലൈ ഒമ്പതിന് ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ ഹോടെലുകൾ അടച്ചിട്ട് കലക്ടറേറ്റ് മാർചും ധർണയും സംഘടിപ്പിക്കുമെന്ന് കേരള ഹോടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു ഹോടെലിൽ കിട്ടുന്ന എല്ലാ ഭക്ഷണ വസ്തുക്കളും പല തട്ടുകളിലും ലഭ്യമാണ്. ഇത് ഹോടെൽ വ്യാപാര മേഖലയെ തകർക്കുന്നു. കെട്ടിടവാടക അടക്കമുള്ളവ കൊടുത്താണ് റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നത്. 15 ഓളം ലൈസൻസുകളും ആവശ്യമാണ്. എന്നാൽ ഒരു നികുതിയും നൽകാതെയാണ് വഴിയോരങ്ങളിൽ തട്ടുകടകളുടെ പ്രവർത്തനം.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അടക്കമുള്ളവർ റെസ്റ്റോറന്റുകളിൽ നിരന്തരം പരിശോധന നടത്തുമ്പോൾ ഇത്തരം തട്ടുകടകളിൽ പരിധോധനകൾ ഉണ്ടാകാറില്ല. സർകാർ പറയുന്ന കാര്യങ്ങളൊക്കെ അംഗീകരിച്ചും നിയമങ്ങൾ അനുസരിച്ചുമാണ് ഹോടെലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ സർകാർ തങ്ങളെ സംരക്ഷിക്കുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി, സെക്രടറി ബിജു ചുള്ളിക്കര, ട്രഷറർ രഘുവീർപൈ, മുഹമ്മദ് ഗസാലി, പുരുഷോത്തമൻ കാസർകോട് എന്നിവർ സംബന്ധിച്ചു.