Relief | 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നൽകുമെന്ന് മന്ത്രി എംബി രാജേഷ്;
ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകും
കാസർകോട്: (KasargodVartha) കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പുന:പരിശോധിക്കുന്നതിന് തദ്ദേശ അദാലത്തിൽ ലഭിച്ച അപേക്ഷകൾ സഹായകമായെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശ അദാലത്ത് കാസർകോട് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതുവരെ നടന്ന അദാലത്തു കളിൽ പ്രധാനപ്പെട്ട 30 തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതിക്കും വാടകയ്ക്കം കുടിശിക കൂട്ടുപലിശ നിരക്കില്‍ ഈടാക്കുന്നത് അവസാനിപ്പിക്കും. ചില തദ്ദേശ സ്ഥാപനങ്ങളിലുള്ള കൂട്ടുപലിശ സംവിധാനത്തിനാണ് അവസാനമാവൃക, ഇനി എല്ലായിടത്തും ക്രമപലിശ മാത്രമാകും ഈടാക്കുകയെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകും. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. പെർമ്മിറ്റ് പ്രകാരം വീട് നിർമ്മിക്കുകയും ഒക്യുപൻസിയുടെ സമയത്ത് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കേസുകളിൽ പൊതു സമീപനം സ്വീകരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കും.
കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരും. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നൽകും. ഈ കുടുംബങ്ങൾക്ക് നികുതി കുടിശ്ശിക മാത്രം അടച്ചാൽ മതിയാവുമെന്ന് മന്ത്രി പ്രഖ്യാപിച്ചു
60 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല. യുഎ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്. അതേസമയം 60 ച. മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. ഈ ഇളവ് യുഎ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാക്കാനാണ് നിർദേശം നൽകിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും. ഇത് സംബന്ധിച്ച പൊതു നിർദ്ദേശം നൽകി. യു എ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും ഇനി നിബന്ധനകൾക്ക് വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്ക് യു എ നമ്പർ നൽകുമ്പോൾ നിഷ്കർഷിച്ച നിബന്ധനകൾ കൈമാറിക്കിട്ടിയ പുതിയ ഉടമയ്ക്കും ബാധകമാക്കും. യു എ നമ്പറുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങൾ നീക്കും മെന്ന് മന്ത്രി പറഞ്ഞു
കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിലെ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകും. വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും അപേക്ഷ നൽകിയാൽ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം.
ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ചു, ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് 7 വർഷമാക്കി ചുരുക്കാൻ ജൂലൈ 1 നു ഉത്തരവായിരുന്നു. ജൂലൈ 1 നു മുൻപുള്ളവർക്കു 10 വർഷമായി നിബന്ധന തുടരുകയായിരുന്നു. 7 വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കാൻ എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ പൊതുതീരുമാനമെടുത്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനം ഭവന നിർമ്മാണത്തിനായി വാങ്ങി ഗുണഭോക്താവിന് നൽകുന്ന ഭൂമി, നിർമ്മാണ പ്രവർത്തനത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തി മാത്രമേ കൈമാറാവൂ എന്ന പൊതുനിർദേശം നൽകി. ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷതവഹിച്ചു. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.രാജഗോപാലൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഗ്രാമപഞ്ചായത്ത് അസോസി യേഷൻ സെക്രട്ടറി ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ.പി. ഉഷ .നഗരസഭ ചേമ്പർ പ്രതിനിധി നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി സംസാരിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ സ്വാഗതവും തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ജെയ്സൺ മാത്യു നന്ദിയും പറഞ്ഞു. എല്‍.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി എൽ എസ് ജി ഡി റൂറല്‍ ഡയറക്ടര്‍ ദിനേശൻ ചെറുവാട്ട് അഡീഷണൽ ഡയറക്ടർ ഇകെ ബൽരാജ് , ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ് ചീഫ് ടൗൺപ്ലാനർ ഷിജി ഇ ചന്ദ്രൻ തുടങ്ങിയ സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. അദാലത്ത് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിച്ചു.. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിച്ചാണ് തീർപ്പാക്കിയത്