കാസർകോട്ടെ വൻകിട സ്വകാര്യ ആശുപത്രികൾ ചികിത്സ തേടുന്നു
● മാർക്കറ്റിംഗ്, മാനേജ്മെന്റ് പാളിച്ചകളാണ് പ്രധാന കാരണം.
● കോവിഡാനന്തരം ജില്ലയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങി.
● പ്രമുഖ പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലി പദ്ധതിയിൽ നിന്ന് പിന്മാറി.
● ചികിത്സാ പിഴവുകളും പ്രൊഫഷണലുകളുടെ അഭാവവും തിരിച്ചടിയായി.
എം എ മുഹ്സിൻ
കാസർകോട്: (KasargodVartha) കോടികൾ മുടക്കി കാസർകോട് ജില്ലയിൽ പ്രവർത്തനമാരംഭിച്ച ചില വൻകിട സ്വകാര്യ ആശുപത്രികൾ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. മാർക്കറ്റിംഗിലെ പോരായ്മകളും ഹോസ്പിറ്റൽ മാനേജ്മെൻ്റിലെ പാളിച്ചകളുമാണ് ഈ സ്ഥാപനങ്ങളെ സമീപ ജില്ലകളിലെ വലിയ ആശുപത്രികളുടെ സഹായം തേടാൻ പ്രേരിപ്പിക്കുന്നത്. നിലവിൽ ഈ ആശുപത്രികൾ 'വെൻ്റിലേറ്ററിലാണെന്ന്' പറയേണ്ടിവരുമെന്നും ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
കോവിഡാനന്തര വളർച്ചയും പ്രതീക്ഷകളും
കോവിഡ് മഹാമാരിയുടെ കാലത്ത് മംഗളൂരുവിലേക്കുള്ള രോഗികളുടെ യാത്ര കർണാടക സർക്കാർ തടഞ്ഞതോടെയാണ് കാസർകോട് ജില്ലയിൽ ആധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ആവശ്യം ശക്തമായത്. ഈ വിഷയം സമൂഹമാധ്യമങ്ങളിലും മറ്റ് വേദികളിലും സജീവ ചർച്ചയാവുകയും, അതിൻ്റെ ഫലമായി നാട്ടിലെ ഡോക്ടർമാരും വ്യവസായികളും പ്രവാസി വ്യവസായികളും ഉൾപ്പെടെയുള്ളവർ വൻകിട ആശുപത്രി പദ്ധതികളുമായി മുന്നോട്ട് വരികയും ചെയ്തു. ആധുനിക സംവിധാനങ്ങളോടും എല്ലാവിധ അത്യാധുനിക ഉപകരണങ്ങളോടും കൂടിയാണ് പിന്നീട് എതാനും ആശുപത്രികൾ വലിയ സജ്ജീകരണങ്ങളോടെ പ്രവർത്തനമാരംഭിച്ചത്. ഇത് ജില്ലയുടെ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ.
നിരാശപ്പെടുത്തിയ നിക്ഷേപങ്ങളും പിന്മാറ്റങ്ങളും
എന്നിരുന്നാലും, തുടക്കത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ ഈ ആശുപത്രികൾക്ക് സാധിക്കാതെ വന്നു. നടത്തിപ്പിലെയും ഹോസ്പിറ്റൽ മാനേജ്മെൻ്റിലെയും ചെറിയ പോരായ്മകൾ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നിലയിലേക്ക് വളർന്നു. പ്രമുഖ പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലി കാസർകോട് തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന വൻകിട ആശുപത്രി പദ്ധതിയിൽ നിന്ന് പിന്മാറിയതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ആസ്റ്റർ മിംസ് ആശുപത്രി കാസർകോട് പ്രവർത്തനം തുടങ്ങാനിരിക്കെയാണ് ഈ പിന്മാറ്റം. സാധ്യതാ പഠനങ്ങളിൽ, കാസർകോട്ട് നിലവിൽ മറ്റൊരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന വിലയിരുത്തലിൽ എത്തിയതിനാലാണ് ഗൾഫാർ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്ന് വ്യവസായി ഖാദർ തെരുവത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ചികിത്സാ പിഴവുകളും മാർക്കറ്റിംഗ് വെല്ലുവിളികളും
കാസർകോട്ടെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കുകയും മെച്ചപ്പെട്ട ചികിത്സ നൽകുകയുമല്ലാതെ വൻ മുതൽമുടക്കിന് സാധ്യതയില്ലെന്ന് പലർക്കും തിരിച്ചറിവുണ്ടായിട്ടുണ്ട്. മംഗലാപുരത്തെ പ്രശസ്തമായ ഒരു ആശുപത്രിയുടെ സ്കാനിംഗ് ഉൾപ്പെടെ സൗകര്യമുള്ള ഒരു യൂനിറ്റ് ഈയിടെ കാസർകോട്ട് തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാതെ കിടക്കുകയാണ്. പരമ്പരാഗതമായുള്ള ആശുപത്രികളല്ലാതെ, ന്യൂജെൻ ആശുപത്രികൾക്ക് പിടിച്ചുനിൽക്കാൻ മികച്ച ചികിത്സ മാത്രം പോരെന്നും, ശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടി അത്യാവശ്യമാണെന്നുമുള്ള തിരിച്ചറിവ് ഈ സാഹചര്യത്തിൽ ഉണ്ടായിട്ടുണ്ട്.
നിലവിലുള്ള ആശുപത്രികൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ഈ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ രോഗികൾക്കുണ്ടായ പരാതികളും ചെറിയ ചികിത്സാ പിഴവുകൾ ആരോപിക്കപ്പെട്ടവ പോലും വലിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെടാനും ആശുപത്രികളുടെ സൽപേരിന് കളങ്കമുണ്ടാകുന്നത് വരെയെത്തി. ന്യൂനതകൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുന്നതിന് പകരം ആശുപത്രി ബ്രാൻഡിംഗ് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ ന്യായീകരണവുമായി വന്നാൽ രോഗികൾ അശുപത്രികൾക്കുണ്ടാക്കുന്ന പരുക്ക് ചെറുതാകില്ല. രോഗികളെ വിശ്വാസത്തിലെടുക്കാൻ ഡോക്ടർമാരും ജീവനക്കാരും വിചാരിച്ചാൽ ഒരു പരിധിവരെ സാധ്യമാകും. ഈ വിഷയങ്ങളിലെല്ലാം നൈപുണ്യമുള്ള പ്രൊഫഷണലുകളുടെയും മറ്റും അഭാവം ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതും മാനേജ്മെൻ്റിന് തലവേദനയായി മാറിയിട്ടുണ്ട്. ചികിത്സാ പിഴവുകളും മരണങ്ങൾ പോലും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാട്ടിൽ ആദ്യ കേസുകളല്ലെങ്കിലും, അത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള കഴിവ് ആശുപത്രി അധികൃതർക്ക് ഇല്ലാതെ പോയതാണ് ഈ വിഷയങ്ങൾ വലിയ കോലാഹലങ്ങൾ സൃഷ്ടിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഹകരണ ചർച്ചകളും പുതിയ പ്രതീക്ഷകളും
നിലവിലെ പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായി, കണ്ണൂരിലെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കിംസ് ശ്രീചന്ദ് ആശുപത്രി, മംഗലാപുരത്തെ ഏനപ്പോയ ആശുപത്രി എന്നിവയുമായാണ് കാസർകോട്ടെ ആശുപത്രികൾ പ്രാരംഭ ചർച്ചകൾ നടത്തിയിട്ടുള്ളതെന്നാണ് വിവരം. ചർച്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുരോഗതിയും പിന്നീട് ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ കാസർകോട് വാർത്തയോട് പറഞ്ഞു. താമസിയാതെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും അതുവഴി കാസർകോട്ടുകാർക്ക് മെച്ചപ്പെട്ട ചികിത്സയും ഉയർന്ന സേവനവും തുടർന്നുകൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ആസ്റ്റർ മിംസിൻ്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കാസർകോട് ഇന്ദിരാ നഗറിൽ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഈ മാസം തന്നെ ഇതിൻ്റെ സോഫ്റ്റ് ലോഞ്ച് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇത് ജില്ലയിലെ ആരോഗ്യ മേഖലക്ക് ഒരു പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!
Article Summary: Kasaragod hospitals face crisis due to poor management, seek external support.
#KasaragodHospitals #HealthcareCrisis #KeralaNews #HospitalManagement #MedicalSector #Kasaragod






