Recognition | കാസർകോടിൻ്റെ അഭിമാനം; ഡോ. ഷുഹൈബ് തങ്ങൾക്ക് കെജിഎംഒഎയുടെ സംസ്ഥാന പുരസ്കാരം

● പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. ശുഐബ്, കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും ചുമതല വഹിക്കുന്നുണ്ട്.
● കഴിഞ്ഞ വർഷമാണ് എഫ്എച്ച്‌സിക്ക് എൻക്യുഎഎസ് (NQAS) അംഗീകാരം ലഭിച്ചത്.
● പഞ്ചായത്തിന്റെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നിരവധി അംഗീകാരങ്ങളും ഡോക്ടർക്ക് ലഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ KGMOA) സംസ്ഥാനത്തെ ജനറൽ കാറ്റഗറിയിൽ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് സമ്മാനിച്ചു. കുമരകത്ത് വെച്ച് നടന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോയ് ജോർജിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. ശുഐബ്, കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും (എഫ്എച്ച്സി -FHC) ചുമതല വഹിക്കുന്നുണ്ട്. ആരോഗ്യ മേഖലയിൽ വളരെ പിന്നാക്കം നിന്നിരുന്ന കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ എഫ്എച്ച്‌സിയെ തന്റെ ഏഴ് വർഷത്തെ സേവനത്തിനിടെ ദേശീയ അംഗീകാരത്തോടെ മികച്ച ആതുരാലയമാക്കി ഉയർത്തിയതാണ് ഡോക്ടറെ ഈ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞ വർഷമാണ് എഫ്എച്ച്‌സിക്ക് എൻക്യുഎഎസ് (NQAS) അംഗീകാരം ലഭിച്ചത്. ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ മികച്ച പ്രവർത്തനം ദേശീയ ശ്രദ്ധ ആകർഷിക്കാൻ സഹായകമായി. കൂടാതെ, ആരോഗ്യ കേന്ദ്രത്തിൻ്റെ തരിശുഭൂമിയിൽ നെൽകൃഷി മുതൽ പച്ചക്കറി കൃഷി വരെ നടത്തി വിളവെടുത്തത് കൃഷിവകുപ്പിൻ്റെ അവാർഡിനും അദ്ദേഹത്തെ അർഹനാക്കി.
ഇതിനുപുറമെ, സംസ്ഥാന സർക്കാരിൻ്റെ കായകല്പം പുരസ്കാരം രണ്ടു വർഷവും, ഹരിത ഓഫീസ് അവാർഡ്, അക്ഷയ കേരള പുരസ്കാരം എന്നിവയും ഡോക്ടർക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഗ്രാമപഞ്ചായത്തിൻ്റെയും വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ കുമ്പഡാജെയിലെ ആരോഗ്യ മേഖലയിൽ വലിയ പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നിരവധി അംഗീകാരങ്ങളും ഡോക്ടർക്ക് ലഭിച്ചിട്ടുണ്ട്.പ്രസിദ്ധമായ കുമ്പള കുമ്പോൽ തങ്ങൾ തറവാട്ടിലെ കാരണവരും ജാമിഅ സഅദിയ പ്രസിഡണ്ടുമായ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെയും റംല ബീവിയുടെയും മകനാണ് ഡോ. ഷുഹൈബ്. ഭാര്യ: സയ്യിദ സുമയ്യ. മക്കൾ: സയ്യിദ് സാലിം, സയ്യിദ ഉമ്മുഹത്തിയ്യ, സയ്യിദ റഫ്‌കാൻ.
#KasaragodNews, #KGMOAAward, #DrShuhaiib, #BestDoctorAward, #KumbadajePHC, #KeralaHealthcare