city-gold-ad-for-blogger

റോഡിലെ കുഴിയുടെ രക്തസാക്ഷി; മേൽപ്പറമ്പിലെ യുവാവിന് വലത് കൈ നഷ്ടമായി; ആശുപത്രികൾക്കെതിരെയും ആരോപണം

Pothole Victim in Kasaragod Loses Right Arm After Scooter Accident
Photo: Arranged

● 'അപകടസമയത്ത് റോഡിൽ മതിയായ ലൈറ്റിംഗ് സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.'
● കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കൈയിലെ അണുബാധ രൂക്ഷമായതിനെ തുടർന്നാണ് മംഗളൂറിലേക്ക് മാറ്റിയത്.
● കുടുംബത്തിൻ്റെ ഏക വരുമാന മാർഗം നിലച്ചതോടെ സുഹൃത്തുക്കൾ സഹായം ഉറപ്പാക്കാൻ ശ്രമിക്കുന്നു.
● റീടാറിംഗ് ജോലികൾ മഴ കഴിഞ്ഞാൽ മാത്രമേ നടക്കുകയുള്ളൂവെന്ന നിലയിലാണ് കാര്യങ്ങൾ.

കാസര്‍കോട്: (KasargodVartha) റോഡിലെ കുഴികാരണം മേൽപ്പറമ്പിലെ പ്രകാശന് തൻ്റെ വലത് കൈയാണ് നഷ്ടപ്പെട്ടത്. റോഡിലെ കുഴിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നാല്പതുകാരൻ. നിരന്തരമായി മോശമാവുന്ന റോഡുകളുടെ ദുരവസ്ഥ വീണ്ടും ഒരു ജീവിതത്തെയും കുടുംബത്തെയും തകർത്ത് മറിച്ചിരിക്കുകയാണ്.

സ്‌കൂട്ടർ ഓടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ പ്രകാശൻ്റെ വലത് കൈയാണ് പൂർണമായും മംഗളൂറു ആശുപത്രിയിൽ വെച്ച് മുറിച്ചു മാറ്റേണ്ടിവന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ന് രാത്രി കാസർകോടുനിന്ന് മേൽപ്പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ചെമ്മനാട്  ദേശീയപാതയിലെ കുഴിയിൽ സ്‌കൂട്ടർ ചാഞ്ഞ് മറിഞ്ഞതോടെയാണ് പ്രകാശൻ നിലംപതിച്ചത്. അപകടസമയത്ത് റോഡിൽ മതിയായ ലൈറ്റിംഗ് സൗകര്യങ്ങളില്ലായിരുന്നതായും പറയുന്നു.

കൈയൊടിഞ്ഞു ഗുരുതരമായി പരിക്കേറ്റ പ്രകാശനെ പ്രദേശവാസികളും അതുവഴി പോകുകയായിരുന്ന വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മംഗളൂറിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കൈയിലെ അണുബാധ രൂക്ഷമായതിനെ തുടർന്നാണ് മംഗളൂറു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയും ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതോടെ സെപ്റ്റംബർ 6-ന് വലത് കൈ തോളിന് താഴെ വെച്ച് മുറിച്ച് മാറ്റേണ്ടിവന്നു.

കാസർകോട് പഴയ പ്രസ് ക്ലബ് ജംഗ്ഷൻ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള റോഡിൻ്റെ മോശം നിലയെക്കുറിച്ച് നാട്ടുകാർ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും വേണ്ടപ്പെട്ടവരില്‍നിന്ന് നടപടിയില്ലാത്തത് വിമർശനത്തിന് ഇടയാക്കുകയാണ്. ഇത്തരത്തില്‍ അപകട ഭീഷണിയാകുന്ന കുഴികൾ ഉടൻ നികത്തണമെന്ന ആവശ്യങ്ങൾ അധികൃതർ പരിഗണിക്കാറില്ല.

പ്രകാശൻ ഇപ്പോഴും ചികിത്സയിലാണ്. കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്ന യുവാവിന് തൻ്റെ വലത് കൈ നഷ്ടപ്പെട്ടതോടെ ജീവിതം തന്നെ മുറിഞ്ഞമട്ടാണ്. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രകാശന് സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. റോഡിലെ കുഴിയിൽ വീണ് ഒരു യുവാവിൻ്റെ കൈ തന്നെ നഷ്ടപ്പെടുത്തിയിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. വൻകുഴികൾ ഇപ്പോഴും കാസർകോട് - കാഞ്ഞങ്ങാട് ചന്ദ്രഗിരി പാതയിലുണ്ട്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്റ്റ് (KSTP) നിർമ്മിച്ച ഈ റോഡ് പിന്നീട് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു.

റോഡ് നവീകരണത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നൽകിയിട്ടുണ്ടെങ്കിലും അവർ സർവേ നടത്തുന്നതല്ലാതെ റോഡ് പണി ഇതുവരെ തുടങ്ങിയിട്ടില്ല. മഴ കഴിഞ്ഞാൽ മാത്രമേ പണി നടക്കുകയുള്ളൂവെന്ന നിലയിലാണ് കാര്യങ്ങൾ. ആഴ്ചകൾക്കുള്ളിൽ തന്നെ റീടാറിംഗ് ജോലികൾ നടക്കുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. ഈ റോഡിലെ കുഴികളിൽ വീണ് നിരവധി പേരാണ് അപകടത്തിൽപ്പെട്ടത്. മരണവും ഗുരുതര പരിക്കുകളും നടന്നിട്ടും അനേകം വാഹനങ്ങൾക്ക് വലിയരീതിയിൽ കേടുപാടുകൾ ഊണ്ടായിട്ടും  അധികൃതർ കുലുങ്ങിയില്ല. ജീവിക്കുന്ന രക്തസാക്ഷിയായ പ്രകാശൻ്റെ അവസ്ഥ കണ്ടെങ്കിലും റോഡിലെ ഇത്തരം അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

കാസർകോട്ടെ റോഡുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്ന ഈ സംഭവത്തില്‍ നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Pothole victim in Kasaragod loses right arm after a scooter accident; locals demand action against authorities.

#RoadSafety #Kasargod #AccidentVictim #MedicalNegligence #PotholeHazards #JusticeForPrakashan

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia