Petrol | കാസർകോട്ട് വീണ്ടും ചരിത്രം വഴിമാറുന്നു; നഗരത്തിലെ 2 പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു

● ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം
● രാത്രികാലങ്ങളിൽ ഇന്ധനം ലഭ്യമല്ലാത്തത് ഒരു വലിയ പ്രശ്നമായിരുന്നു
● ഈ തീരുമാനം യാത്രക്കാർക്ക് ഉപകാരപ്രദമാകും
കാസർകോട്: (KasargodVartha) നഗരത്തിൽ വർഷങ്ങളോളം അടഞ്ഞു കിടന്ന രാത്രികാല പെട്രോൾ പമ്പ് സേവനം വീണ്ടും സജീവമാകുന്നു. നഗരത്തിലെ രണ്ട് പ്രധാന പെട്രോൾ പമ്പുകളാണ് തിങ്കളാഴ്ച മുതൽ 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നത്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യവും, രാത്രികാലങ്ങളിൽ ഇന്ധനം ലഭ്യമല്ലാത്ത സാഹചര്യവും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം.
കറന്തക്കാട്ടെയും, കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെയും ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പുകളാണ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നത്. മുൻപ് ഇവിടെ 24 മണിക്കൂറും പെട്രോൾ പമ്പുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, ചില അക്രമസംഭവങ്ങൾ റിപോർട് ചെയ്ത സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് പ്രവർത്തനം രാത്രിയിൽ അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചത്.
രാത്രിയിൽ ഇന്ധനം ലഭിക്കാത്ത സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് 24 മണിക്കൂറും പ്രവർത്തിക്കാൻ തീരുമാനമായതെന്ന് കറന്തക്കാട്ടെ പെട്രോൾ പമ്പ് പാർട്ണർമാരായ സി ടി മുനീർ, സി ബി ലത്വീഫ് എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഒരുക്കുന്ന കാര്യത്തിൽ അനുകൂല പ്രതികരണമാണ് ഇൻസ്‌പെക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പ് മാനേജർ വി കെ സുധാകരനും കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ചെമ്മനാട്ടെയും പൊയിനാച്ചിയിലെയും പെട്രോൾ പമ്പുകൾ നേരത്തെ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനം കാസർകോട് നഗരത്തിലെ യാത്രക്കാർക്കും, വ്യാപാരികൾക്കും അടക്കം ഒരുപോലെ ഉപകാരപ്രദമാകും. രാത്രികാലങ്ങളിൽ അത്യാവശ്യമായി യാത്ര ചെയ്യേണ്ടി വരുന്നവർക്കും, ചരക്ക് വാഹനങ്ങൾ ഓടുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. രാത്രികാലങ്ങളിലും കാസർകോട് നഗരത്തെ സജീവമായി നിലനിർത്താനും ഇത് സഹായിക്കും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Kasaragod city now has two petrol stations that will operate 24 hours a day, addressing fuel accessibility for customers at night, a move welcomed by local businesses and travelers.
#KasaragodNews, #PetrolStations, #FuelService, #24HourService, #IndianOil, #Kasaragod