city-gold-ad-for-blogger

കാസർകോട് നഗരസഭയുടെ ഇടപെടൽ ഫലം കാണുന്നു; ദേശീയപാതയിലേക്ക് നുള്ളിപ്പാടിയിൽ എൻട്രി പോയിൻ്റ് അനുവദിക്കാൻ ജില്ലാ കലക്ടറുടെ നിർദേശം, മഴക്കാല പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തി

Conceptual image representing an official meeting chaired by the District Collector regarding infrastructure.
Photo: PRD Kasargod

● മഴക്കാല പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നിർമ്മാണ കമ്പനികൾ റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചു.
● വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ പ്രത്യേകം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നിർദ്ദേശം.
● കാൽനട മേൽപ്പാലങ്ങളുടെ നിർമ്മാണം വേഗത്തിലാക്കാനും മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാനും അടിയന്തര നടപടി വേണമെന്ന് ആവശ്യം.
● ഓവുചാൽ പ്രശ്നങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തും.
● ദുരന്തസാധ്യതകൾ ഒഴിവാക്കാൻ നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ ആർഡിഒമാരെ ചുമതലപ്പെടുത്തി.

കാസർകോട്: (KasargodVartha) ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കാലവർഷത്തിലുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതാ നിർമ്മാണ മേഖലകളിലെ പ്രശ്നങ്ങളാണ് കലക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.

കാസർകോട് നഗരസഭാ പരിധിയിലുള്ള നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി എൻട്രി പോയിൻ്റ് അനുവദിക്കാൻ കലക്ടർ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൺ കെ എം ഹനീഫാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. 

എൻട്രി പോയിൻ്റ് അനുവദിക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ്, പോലീസ്, ദേശീയപാതാ അതോറിറ്റി എന്നിവർ സംയുക്തമായി പരിശോധന നടത്തും. ഇവിടെ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുൻപ് സമരം നടത്തിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. പുതിയ എൻട്രി പോയിൻ്റ് ലഭിക്കുന്നത് ഈ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാണ്.

kasaragod nh construction nullipadi entry point monsoon

ദേശീയപാതാ നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മഴക്കാലത്തുണ്ടാകുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് നിർമ്മാണ കമ്പനികൾ റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടർ ഉമേഷ് ഗാർഹ് അറിയിച്ചു. വെള്ളക്കെട്ടിന് സാധ്യതയുള്ള മേഖലകളെക്കുറിച്ച് പഞ്ചായത്തുകളും നഗരസഭകളും വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

എന്നാൽ ദേശീയപാതാ അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യാൻ വൈകിയതിനാൽ ഇത്തവണ വലിയ തോതിൽ വെള്ളക്കെട്ടിനും വീടുകളിൽ വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. വീടുകളിൽ വെള്ളം കയറി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ പ്രത്യേകം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ തഹസിൽദാർമാർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

kasaragod nh construction nullipadi entry point monsoon

കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജിന് മുൻവശത്തും ജില്ലാ ആശുപത്രിക്ക് മുൻവശത്തുമുള്ള കാൽനട മേൽപ്പാലങ്ങളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള ഭാഗങ്ങളിലും, ചെറുവത്തൂർ വീരമലക്കുന്നിലും മട്ടലായിക്കുന്നിലും നിലനിൽക്കുന്ന മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മൺസൂണിന് മുൻപായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടറും നിർമ്മാണ കമ്പനി പ്രതിനിധികളും നിലവിലെ നിർമ്മാണ പുരോഗതി യോഗത്തിൽ വിശദീകരിച്ചു.

ദുരന്തസാധ്യതകൾ തടയുന്നതിനായി നിർമ്മാണ പുരോഗതി സമയബന്ധിതമായി അവലോകനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാസർകോട് ആർഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആർഡിഒ കെ ആർ മനോജ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഓവുചാൽ നിർമ്മാണത്തിലെ അപാകതകൾ, മണ്ണിടിച്ചിൽ, തെരുവ് വിളക്കുകളില്ലാത്ത പ്രശ്നം, തോടുകൾ മണ്ണിട്ട് മൂടിയത് തുടങ്ങിയ വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, പോലീസ്, ആർടിഒ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന സംഘം സംയുക്ത പരിശോധന നടത്തും. സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും തദ്ദേശ അധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

kasaragod nh construction nullipadi entry point monsoon

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ വി വി രമേശൻ, കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ്, നീലേശ്വരം നഗരസഭാ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ കുഞ്ഞിരാമൻ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വസന്തൻ അജക്കോട്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ റഹ്‌മാൻ ബഷീർ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി രാജേന്ദ്രൻ, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്ദുൽ റഹ്‌മാൻ, മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എ താജുദ്ദീൻ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ശോഭന, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി പി അബ്ദുൽ ഖാദർ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ സബിത, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എ അബ്ദുല്ല കുഞ്ഞി, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂലക്കണ്ടം പ്രഭാകരൻ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നാരായണൻ, എഡിഎം കെ വി ശ്രുതി, ഡെപ്യൂട്ടി കലക്ടർ (എൽഎ) ലിപു എസ് ലോറൻസ്, കാസർകോട് ആർഡിഒ ബിനു ജോസഫ്, കാഞ്ഞങ്ങാട് ആർഡിഒ കെ ആർ മനോജ്, ആർടിഒ ജെ ജെറാഡ്, നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ഉമേഷ് ഗാർഹ്, മേഘ കൺസ്ട്രക്ഷൻ പ്രതിനിധികൾ, യുഎൽസിസി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Kasaragod District Collector Arjun Pandian chaired a meeting with local body heads regarding NH construction issues, deciding to allow a new entry point at Nullipadi and deploy rapid response teams for pre-monsoon waterlogging and landslide threats.

#KasaragodNews #NationalHighway #KeralaNews #MonsoonPrep #LocalNews #MalayalamNews

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia