ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ അപകടങ്ങളിൽ മരണം ഏഴായി; സുരക്ഷാ ക്രമീകരണങ്ങളിൽ കമ്പനികൾക്ക് ഗുരുതര വീഴ്ച
● മരിച്ചവരിൽ പലരും അതിഥി തൊഴിലാളികൾ.
● ഊരാളുങ്കൽ, മേഘ കമ്പനികളാണ് നിർമ്മാണത്തിന് പിന്നിൽ.
● മഴക്കാലത്തും സുരക്ഷയില്ലാതെ ജോലി തുടർന്നത് അപകടങ്ങൾക്ക് കാരണമായി.
● കമ്പനികൾ നഷ്ടപരിഹാരം നൽകി കൈകഴുകുകയാണെന്ന് ആരോപണം.
● വേഗത ലക്ഷ്യമിട്ടുള്ള ജോലി സമ്മർദ്ദം ജീവൻ അപകടത്തിലാക്കുന്നു.
● അപകട കാരണം സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണെന്ന് പ്രാഥമിക റിപ്പോർട്ട്.
കാസർകോട്: (KasargodVartha) ജില്ലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് ഏഴ് തൊഴിലാളികൾക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി സംഭവിച്ച അപകടങ്ങൾ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന് തുറന്നുകാട്ടുന്നു. അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യം പോലും ഗൗരവമായി പരിശോധിക്കപ്പെടുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. മരിച്ചവരിൽ പലരും അതിഥി തൊഴിലാളികളായതുകൊണ്ട് അവർക്കുവേണ്ടി പ്രതികരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്.
ആവർത്തിക്കുന്ന അപകടങ്ങളും കാരണങ്ങളും
കുമ്പളയ്ക്കും - മൊഗ്രാൽപുത്തൂരിനും ഇടയിലായി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണാണ് വടകര സ്വദേശികളും ഊരാളുങ്കാലിലെ തൊഴിലാളികളുമായ അക്ഷയ് (30), അശ്വിൻ (26) എന്നിവർ മരിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് മഞ്ചേശ്വരം – കുഞ്ചത്തൂർ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുമ്പോൾ ലോറി ഇടിച്ചുകയറി രാജ്കുമാർ മാത്തൂർ (25, ബീഹാർ), ദാമൂർ അമിത്ത് ഗണപതി ഭായി (23, രാജസ്ഥാൻ) എന്നിവരും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി മംഗളൂരുവിൽ ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചെർക്കള ഫ്ലൈ ഓവർ നിർമ്മാണത്തിൽ ഏർപ്പെട്ട അസം സ്വദേശി റാക്കിബുൽ ഹഖ് (27) ഫ്ലൈ ഓവർ താഴേക്ക് വീണ് മരിച്ചത് രണ്ട് ദിവസം മുമ്പാണ്. ചെറുവത്തൂർ മട്ടലായിയിൽ കുന്നിടിഞ്ഞ് മണ്ണിടിച്ചിലിൽപ്പെട്ട് ഒരു തൊഴിലാളി ദാരുണമായി മരിച്ചതും ഈ മഴക്കാലത്താണ്. കാസർകോട് ടൗണിൽ ഒറ്റത്തുൺ മേൽപ്പാലം നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് മറ്റൊരു തൊഴിലാളിയും മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
അധികാരികളുടെ അനാസ്ഥയും പ്രതിഷേധങ്ങളും
ജില്ലയിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൊത്തം ഏഴ് തൊഴിലാളികൾ മരിച്ചിട്ടും സേഫ്റ്റി ഓഫീസർ ഇല്ലാത്തത് അധികാരികളുടെ അനാസ്ഥയാണ് തെളിയിക്കുന്നതെന്ന് ആരോപണം ഉയരുന്നു. കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, ചെറുവത്തൂർ, കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഒന്നിനും ഗൗരവ സ്വഭാവം കൈവന്നിരുന്നില്ല. കമ്പനികൾ കുടുംബത്തിന് നഷ്ടപരിഹാരം നൽകി കൈകഴുകുകയാണെന്ന ആക്ഷേപം ശക്തമാണ്. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും കമ്പനികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ്. ഊരാളുങ്കലിന് വേണ്ടി പണിയെടുത്ത അഞ്ച് പേരും മേഘ കമ്പനിക്ക് വേണ്ടി പണിയെടുത്ത രണ്ട് പേരുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
തൊഴിലാളി സംഘടനകൾ നിർമ്മാണ കമ്പനികളുടെ അനാസ്ഥയും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശമ്പള വർദ്ധനവും മറ്റും പ്രഖ്യാപിച്ച് അവരെ കൂടെ നിർത്തുകയാണ് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും എന്നും, എൻ.എച്ച്.എ. (ദേശീയപാത അതോറിറ്റി) അപകടം സംബന്ധിച്ച് നിർമ്മാണ കമ്പനികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് വിവരം.
ദേശീയപാത നിർമാണത്തിന്റെ സ്പീഡ്-ടാർഗെറ്റ് സമ്മർദ്ദം തൊഴിലാളികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നുണ്ടോ എന്നും, സുരക്ഷാ ഉപകരണങ്ങൾ തൊഴിലാളികൾക്ക് നൽകിയിരുന്നോ എന്ന ചോദ്യങ്ങളും ഉയരുന്നു. ഏഴ് തൊഴിലാളികളുടെ ജീവഹാനി ജില്ലയെ നടുക്കിയിരിക്കുകയാണ്. പൊതുജനങ്ങളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത് നിർമാണ കമ്പനികളും മേൽനോട്ട ഏജൻസികളും കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്നാണ്. സുരക്ഷ ഉറപ്പാക്കാതെ ജോലികൾ തുടരാൻ അനുവദിക്കരുതെന്നും തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു.
മൊഗ്രാൽപുത്തൂരിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിനിൽ ഘടിപ്പിച്ച മാൻ ബാസ്ക്കറ്റ് (Man Basket) പൊട്ടിവീണത് ബന്ധിപ്പിക്കാൻ ഉപയോഗിച്ച ഇരുമ്പ് കയർ മുറിഞ്ഞുപോയത് കൊണ്ടാണെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പ്രതികരിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അപകടങ്ങൾ ആവർത്തിക്കുമ്പോഴും കമ്പനികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
Article Summary: A news report on the death of seven workers during national highway construction in Kasaragod due to alleged safety failures.
#Kasaragod #HighwaySafety #WorkerSafety #ConstructionAccidents #KeralaNews #PublicSafety






