city-gold-ad-for-blogger

ദേശീയപാതയുടെ മൂന്നാമത്തെ റീച്ചിൻ്റെ റിപ്പോർട്ട് നൽകിയില്ല; മേഘ കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ശുപാർശ ചെയ്തേക്കും; റിപ്പോർട്ട്, മുഖ്യമന്ത്രിക്ക് കൈമാറും

Veeramala hill in Kasaragod showing signs of unscientific soil excavation.
Photo: Arranged

● ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
● വനം മന്ത്രി എ.കെ. ശശീന്ദ്രൻ അവലോകന യോഗം വിളിച്ചിരുന്നു.
● ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളാണ് കമ്പനിക്ക്.
● വീരമല കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.

കാസർകോട്: (KasargodVartha) ദേശീയപാത വികസനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേഘ കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തേക്കും. കമ്പനിയെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.

ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ മേഘ കൺസ്ട്രക്ഷൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കാസർകോട് കളക്ടർ കെ. ഇമ്പശേഖർ ആവശ്യപ്പെട്ടിരുന്നു.

ജില്ലാ ചുമതലയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്കകം റിപ്പോർട്ട് നൽകാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാതല അവലോകന യോഗത്തിൽ കമ്പനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

റിപ്പോർട്ട് നൽകിയില്ലെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ കരാറാണ് മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകിയിട്ടുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള വീരമല കുന്ന്, മട്ടലായി എന്നിവ മൂന്നാമത്തെ റീച്ചിലാണ് ഉൾപ്പെടുന്നത്. ഒരാഴ്ച മുമ്പ് മട്ടലായിൽ മണ്ണിടിഞ്ഞ് ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.

വീരമല കുന്നിൽ അശാസ്ത്രീയമായി മണ്ണ് എടുത്തതിനെക്കുറിച്ചും പരാതികളുണ്ട്. വീരമല കുന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് അവലോകന യോഗത്തിൽ എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുന്നത്.

മൂന്നാം റീച്ചിന്റെ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കളക്ടർ അറിയിച്ചു. തുടർനടപടികൾ പരിശോധിക്കാൻ ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരാർ കമ്പനി മൂന്നാമത്തെ റീച്ചിന്റെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനെ കളക്ടർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Megh Constructions faces a recommendation for blacklisting in Kasaragod for failing to submit a crucial report on the national highway's third reach, leading to a report being sent to the Chief Minister.

#Kasaragod #NationalHighway #Blacklisting #MeghConstruction #KeralaNews #Infrastructure

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia