ദേശീയപാതയിൽ പോത്തിൻകൂട്ടം പരിഭ്രാന്തി പരത്തി; വൻ അപകടം ഒഴിവാക്കിയത് സുരക്ഷാ വിഭാഗവും അഗ്നിരക്ഷാ സേനയും ചേർന്ന്
● അടുക്കത്തുബയലിൽ നിന്നാണ് അറക്കാനായി കൊണ്ടുവന്ന പോത്തുകൾ പാതയിലേക്ക് കടന്നത്.
● അഞ്ച് കിലോമീറ്ററോളം ദൂരമാണ് പോത്തിൻകൂട്ടം ദേശീയപാതയിലൂടെ സഞ്ചരിച്ചത്.
● ദേശീയപാതയിൽ സ്ഥാപിച്ച ക്യാമറ നിരീക്ഷണത്തിലൂടെയാണ് പോത്തുകൾ കടന്ന വിവരം അധികൃതർ അറിഞ്ഞത്.
● സുരക്ഷാ വിഭാഗം എത്തുന്നത് വരെ പോത്തുകൾ റോഡിൻ്റെ മധ്യഭാഗത്തുകൂടിയാണ് സ്വൈര്യവിഹാരം നടത്തിയത്.
● പോത്തുകളെ തെളിച്ചുകൊണ്ടുപോയി അണങ്കൂരിലെ എക്സിറ്റ് കേന്ദ്രം വഴി സർവ്വീസ് റോഡിലേക്ക് ഇറക്കി.
കാസർകോട്: (KasargodVartha) വാഹനങ്ങൾ അതിവേഗത്തിൽ പോകുന്ന ദേശീയപാതയിൽ പോത്തിൻകൂട്ടം ഇറങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കും അപകട സാധ്യതയുമുണ്ടായി. എന്നാൽ, ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാ സേനയും കൃത്യസമയത്ത് ഇടപെട്ട് പോത്തുകളെ സർവീസ് റോഡിലേക്ക് മാറ്റിയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
പാതയിലേക്കെത്തിയത് 12 പോത്തുകൾ
അടുക്കത്തുബയലിൽ നിന്നാണ് 12 ഓളം പോത്തുകൾ ദേശീയ പാതയിലേക്ക് കയറിയത്. അറക്കാൻ കൊണ്ടുവന്ന് പറമ്പിൽ മേയാൻ വിട്ട സ്ഥലത്ത് നിന്നാണ് പോത്തിൻ കൂട്ടം ദേശീയ പാതയിലെ പാർശ്വഭിത്തിയുടെ വിടവിലൂടെ കടന്നു വന്നത്. പിന്നീട് ഇവയ്ക്ക് പാതയിൽ നിന്നും പുറത്ത് കടക്കാനായില്ല.

ദേശീയ പാതയിൽ സ്ഥാപിച്ച ക്യാമറ നിരീക്ഷണത്തിലൂടെയാണ് പോത്തിൻ കൂട്ടം പാതയ്ക്കുള്ളിലേക്ക് കടന്ന വിവരം അധികൃതർ അറിഞ്ഞത്. ഇതോടെ അപകടം ഒഴിവാക്കാനായി ദേശീയപാതാ സുരക്ഷാ വിഭാഗത്തെയും അഗ്നിരക്ഷാ സേനയെയും ഉടൻ വിവരമറിയിച്ചു.

അഞ്ച് കിലോമീറ്റർ സഞ്ചരിച്ചു
അധികൃതർ സ്ഥലത്തെത്തുമ്പോഴേക്കും പോത്തിൻ കൂട്ടം കാസർകോട് ടൗൺ ഭാഗത്തേക്ക് നീങ്ങിയിരുന്നു. പാതയിൽ നിന്നും ഇവയെ പാർശ്വഭിത്തിയോട് ചേർന്ന ഭാഗത്തേക്ക് മാറ്റി തെളിച്ചു കൊണ്ടുപോവുകയായിരുന്നു. അഞ്ച് കിലോമീറ്ററോളം ദൂരം പോത്തുകൾ റോഡിലൂടെ സഞ്ചരിച്ചു.

സുരക്ഷാ വിഭാഗം എത്തുന്നത് വരെ പോത്തുകൾ റോഡിൻ്റെ മധ്യഭാഗത്ത് കൂടിയാണ് സ്വൈര്യവിഹാരം നടത്തിയത്. പോത്തുകളെ റോഡരികിലേക്ക് മാറ്റിയ ശേഷം അടുത്ത എക്സിറ്റ് കേന്ദ്രമായ അണങ്കൂരിൽ എത്തിച്ച് സർവ്വീസ് റോഡിലേക്ക് ഇറക്കുകയായിരുന്നു. സുരക്ഷാ വിഭാഗത്തിൻ്റെയും അഗ്നിരക്ഷാ സേനയുടെയും സമയബന്ധിതമായ ഇടപെടൽ കാരണം വൻ അപകട സാധ്യതയാണ് ഒഴിവായിത്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: 12 buffaloes entered the Kasaragod National Highway and moved for about 5 km, but a major accident was averted by the timely intervention of the National Highway Security Wing and Fire Force.
#Kasaragod #NationalHighway #Buffaloes #FireForce #Safety #Traffic






