Appeal | 'പാണക്കാട് കുടുംബത്തെ അപമാനിക്കുന്നത് ആർക്കും ഭൂഷണമല്ല', വിവാദങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ വിട്ട് നിൽക്കണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത്
● സമുദായ ഐക്യത്തിനായി എല്ലാവരും ഒരുമിക്കണമെന്ന് ആഹ്വാനം
● ഐക്യം നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം
● പ്രസിഡന്റ് എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു
കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവികളിലുള്ളവർ വിവാദ പ്രസ്താവനകളിൽ നിന്നും ആരോപണ പ്രത്യാരോപണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന ആഹ്വാനവുമായി കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് രംഗത്തെത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയ നേതാക്കളുടെ ആഹ്വാനം എല്ലാവരും ഉൾക്കൊള്ളണമെന്ന് ജമാഅത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പരസ്പര ഐക്യത്തിനും സൗഹാർദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ദീനിനെ കുറിച്ച് പറയേണ്ട ഉത്തരവാദിത്വം മതപണ്ഡിതന്മാരുടെതാണെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അതേ സമയം സമുദായത്തിൻ്റെ മാന്യമായ അസ്തിത്വം നിലനിർത്തുന്നതിനും അവഗണിക്കപ്പെട്ടിരുന്ന പല മേഖലകളിലും സമുദായത്തിന് കരുത്ത് പകരാൻ നേതൃത്വം നൽകിയ വ്യക്തികളെയും പാണക്കാട് സയ്യിദ് കുടുംബത്തെയും അവരുടെ മഹിതമായ പാരമ്പര്യത്തെയും അപമാനിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
പൂർവസൂരികളായ പണ്ഡിതന്മാരും നേതാക്കളും വഴിതെളിയിച്ച പാതയിൽ നിന്നുള്ള വ്യതിയാനം സമുദായ ഐക്യത്തെ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. അപകർഷതാബോധവും, വ്യക്തിവിരോധവും ഭിന്നസ്വരവും വെടിഞ്ഞ് ഐക്യത്തിൻ്റെ പാതയിൽ ഏകസ്വരത്തിൽ മുന്നേറാൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എൻ എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. എൻ.എ അബൂബക്കർ, അബ്ദുൽ കരീം സിറ്റി ഗോൾഡ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, എം.മഖ്സൂദ് ഫോർട്ട് റോഡ്, കെ.ബി മുഹമ്മദ് കുഞ്ഞി, എം.എ മജീദ് പട്ല, മാഹിൻ കേളോട്ട്, എം.എ.എച്ച് മഹമൂദ്, സിദ്ദീഖ് നദ് വി ചേരൂർ, പി.എം.മുനീർ ഹാജി, കെ.എ മുഹമ്മദ് ബഷീർ, ഹമീദ് മിഹ്റാജ്, ടി.കെ മഹമൂദ് ഹാജി, അഷ്റഫ് പള്ളിക്കണ്ടം, യു സഅദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി എന്നിവർ സംസാരിച്ചു.
#Kasaragod #Kerala #Muslim #Unity #Samasta #Controversy #India