Development | നെല്ലിക്കുന്നിൽ ബീച്ച് പാർക്ക് വരുന്നു; നിർമിക്കുന്നത് കാസർകോട് നഗരസഭ; കേന്ദ്രാനുമതി ലഭിച്ചതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം
● കഫെ, പ്ലേ ഏരിയ, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
● 4.5 കിലോമീറ്റർ നീളുന്ന കടൽത്തീരത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കും.
● അമൃത് 2.0 പദ്ധതിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാസർകോട്: (KasargodVartha) കടൽത്തീരത്തെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബീച്ച് പാർക്ക് നിർമിക്കാൻ കാസർകോട് നഗരസഭ. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിർവശത്തായി ഒരു കോടി 75.5 ലക്ഷം രൂപ ചെലവഴിച്ച് പാർക്ക് നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. കഫെ, പ്ലേ ഏരിയ, പാത്ത് വേ, പാർക്കിംഗ്, ടോയ്ലറ്റ് ബ്ലോക്ക്, സെൽഫി പോയിന്റ്, സോളാർ ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിലുണ്ടാവും.
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായതിനാൽ, പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചുകഴിഞ്ഞു. 4.5 കിലോമീറ്റർ നീളുന്ന വളവുകളില്ലാത്ത നെല്ലിക്കുന്ന് കടൽത്തീരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കാനും നഗരസഭ പദ്ധതിയിടുന്നു. ഈ ഫെസ്റ്റിവലിൽ വിവിധ ബീച്ച് ഗെയിമുകൾ, ഫുഡ് ഫെസ്റ്റിവൽ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തും. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, സെക്രട്ടറി ജസ്റ്റിൻ പി എ, മുനിസിപ്പൽ എഞ്ചിനീയർ ദിലീഷ് എൻ.ഡി എന്നിവരുടെ സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു. ഈ പദ്ധതി കാസർകോടിന്റെ ടൂറിസം മേഖലയിൽ ഒരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#Kasargod #KeralaTourism #BeachPark #IndiaTourism #TravelKerala #NewDevelopment