Issue | കാസർകോട് നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കും; നടപടിയുമായി നഗരസഭ
കന്നുകാലികൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ, അപകട സാധ്യതകൾ, ശുചിത്വ പ്രശ്നങ്ങൾ എന്നിവ പൊതുജനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നു
കാസർകോട്: (KasargodVartha) നഗരത്തിലും തളങ്കര റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മറ്റും അലഞ്ഞുതിരിയുന്ന പശുക്കളും മറ്റ് കന്നുകാലികളും വഴിയാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കാസർകോട് നഗരസഭ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
അഴിച്ചുവിടുന്ന കന്നുകാലികളെ ഉടമസ്ഥര്‍ സുരക്ഷിതമായി കെട്ടി പരിപാലിക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭാ പരിധിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകളിൽ നിന്ന് പിഴ ഈടാക്കും. ഇതിനു പുറമേ, ഇത്തരം കന്നുകാലികളെ ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ നടപടികൾ സ്വീകരിക്കുന്നത്. കന്നുകാലി ഉടമകൾ തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കി കന്നുകാലികളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണാൻ സാധിക്കൂവെന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.
കന്നുകാലികൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ, അപകട സാധ്യതകൾ, ശുചിത്വ പ്രശ്നങ്ങൾ എന്നിവ പൊതുജനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ നഗരസഭയുടെ നടപടി വലിയ പ്രതീക്ഷയോടെയാണ് ജനം കാണുന്നത്.